വയനാട്ടിലെ കാഴ്ചകൾ ഹൃദയത്തെ മുറിവേൽപ്പിച്ചു; സഹായം ഉറപ്പാക്കുമെന്ന് രാഹുൽ ഗാന്ധി
Thursday, August 1, 2024 6:37 PM IST
വയനാട്: വയനാട്ടിലെ കാഴ്ചകള്‍ തന്റെ ഹൃദയത്തെ ആഴത്തില്‍ മുറിവേല്‍പിക്കുന്നുവെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രദേശവാസികളുടെ അവസ്ഥ അതീവ വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചശേഷമായിരുന്നു രാഹുലിന്റെ പ്രതികരണം.
കുടുംബാംഗങ്ങളെ മുഴുവൻ നഷ്ടപ്പെട്ടവരെ ദുരിതാശ്വാസ ക്യാന്പുകളിൽ കണ്ടു. അവരോട് എന്താണു പറയേണ്ടതെന്ന് അറിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തന്റെ ജീവിത്തത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദിവസമാണ് ഇന്ന്. അച്ഛൻ മരിച്ച കുട്ടികളെ താൻ കണ്ടു. അവർ അനുഭവിക്കുന്ന വേദന തനിക്കറിയാം. താനും ഒരിക്കൽ ആ വേദനയിലൂടെ കടന്നുപോയ വ്യക്തിയാണെന്നും രാഹുൽ ഓർത്തു.
ഈ ദുരിതസമയത്ത്, താനും പ്രിയങ്കയും വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പമുണ്ട്. ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളും പുനരധിവാസങ്ങളും ഞങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുകയാണ്. ആവശ്യമുള്ള എല്ലാവർക്കും സഹായം ഉറപ്പുവരുത്തുമെന്നും രാഹുല്‍ പറഞ്ഞു.
എല്ലാ സഹായവുമായി യുഡിഎഫ് മുൻനിരയിലുണ്ട്. ആവർത്തിക്കുന്ന ഉരുള്‍പൊട്ടലും പ്രകൃതി ദുരന്തങ്ങളും ആശങ്കയുണ്ടാക്കുന്നതാണ്, ഇത് തടയാൻ സഗ്രമായ കർമപദ്ധതി ആവശ്യമാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.