വയനാട് ഉരുൾപൊട്ടൽ: 10 ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്ന് മന്ത്രി കെ. രാജൻ
Wednesday, August 14, 2024 4:18 PM IST
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് ഓരോ മേഖലയിലും സംഭവിച്ച നഷ്ടത്തിന്റെ കൃത്യമായ കണക്കെടുപ്പ് നടക്കുകയാണെന്നും കേന്ദ്ര സഹായത്തിനായി 10 ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്നും റവന്യൂ മന്ത്രി കെ.രാജൻ.
1,200 കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് സർക്കാരിന്റെ പ്രാഥമിക കണക്ക്. ഇക്കാര്യം സൂചിപ്പിച്ച് കേന്ദ്ര സർക്കാരിന് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഏകദേശം ചെയ്യേണ്ട സഹായത്തിന്റെ രൂപരേഖ കേന്ദ്രത്തിന് കിട്ടിക്കഴിഞ്ഞു.
മുഖ്യമന്ത്രി നൽകിയ നിവേദനത്തിൽ അക്കമിട്ട് കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിക്കാണ് ഏകോപന ചുമതലയെന്നും കൃത്യമായ പ്രവർത്തനങ്ങൾ നടക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.