ശ്രീജേഷിനെ അപമാനിച്ച് സംസ്ഥാന സർക്കാർ; മന്ത്രിമാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് സ്വീകരണം റദ്ദാക്കി
Saturday, August 24, 2024 11:01 PM IST
തിരുവനന്തപുരം: പാരീസ് ഒളിമ്പിക്സിൽ വെങ്കലം നേടി രാജ്യത്തിന് അഭിമാനമായ ഹോക്കി ടീം അംഗം പി.ആർ. ശ്രീജേഷിനെ അപമാനിച്ച് സംസ്ഥാന സർക്കാർ. തിങ്കളാഴ്ച തിരുവനന്തപുരത്ത് ശ്രീജേഷിനെ അനുമോദിക്കാനായി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ചിരുന്ന പരിപാടി റദ്ദാക്കി.
വിദ്യാഭ്യാസ, കായിക മന്ത്രിമാർ തമ്മിലുള്ള തർക്കത്തെതുടർന്നാണ് നടപടി. വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പരിപാടിയുടെ പോസ്റ്ററുകൾ ഉൾപ്പെടെ സ്ഥാപിച്ചിരുന്നു.
സ്വീകരണ പരിപാടിക്കായി ശ്രീജേഷും കുടുംബവും തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് ശ്രീജേഷ് പരിപാടി റദ്ദാക്കിയ വിവരം അറിയുന്നത്. കായിക വകുപ്പാണ് ആദ്യം സ്വീകരണം നല്കേണ്ടതെന്നാണ് മന്ത്രിയുടെ വാദം.
വിദ്യാഭ്യാസ വകുപ്പിനേക്കാൾ മുൻപ് അനുമോദനം നൽകാൻ കായിക വകുപ്പ് തീരുമാനിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ ഡേറ്റ് ലഭിക്കാതിരുന്നതോടെ കായിക വകുപ്പിന്റെ പരിപാടി നീണ്ടുപോകുകയായിരുന്നു. പിന്നാല കായിക മന്ത്രി മുഖ്യമന്ത്രിയെ സമീപിച്ചതോടെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ പരിപാടി റദ്ദാക്കിയത്.