ജോർജ് എം. തോമസിനെ സിപിഎമ്മിൽ തിരിച്ചെടുത്തു
Tuesday, September 10, 2024 4:30 PM IST
കോഴിക്കോട്: സസ്പെൻഷനിലായിരുന്ന മുൻ തിരുവമ്പാടി എംഎൽഎ ജോർജ് എം. തോമസിനെ സിപിഎം തിരിച്ചെടുത്തു. മുക്കം തോട്ടുമുക്കം ബ്രാഞ്ച് കമ്മിറ്റിയിലേക്കാണു അദ്ദേഹത്തെ തിരിച്ചെടുത്തത്. സാമ്പത്തിക ക്രമക്കേടും പാർട്ടി അച്ചടക്കം ലംഘിച്ചുള്ള പ്രവർത്തനങ്ങളുമാണ് നടപടിയിലേക്ക് നയിച്ചത്.
പോക്സോ കേസിലെ പ്രതിയെ രക്ഷിക്കാൻ ഇടപെട്ടു, പ്രതിയിൽ നിന്ന് 25 ലക്ഷം കൈപ്പറ്റി, സഹായിച്ച പോലീസുദ്യോഗസ്ഥന് ഭൂമി നൽകി, നാട്ടുകാരനിൽ നിന്ന് വഴി വീതി കൂട്ടാനായി മധ്യസ്ഥനെന്ന നിലയിൽ ഒരു ലക്ഷം രൂപ വാങ്ങി, ക്വാറി മുതലാളിമാരെക്കൊണ്ട് വീട് നിർമാണത്തിന് സാമഗ്രികൾ വാങ്ങിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെ ഉയർന്നത്.
തുടർന്ന് പാർട്ടി അന്വേഷിച്ച് ജോർജ് എം. തോമസിനെതിരെ നടപടി എടുക്കുകയായിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിലാണ് സസ്പെന്റ് ചെയ്തത്. 14 മാസത്തിന് ശേഷം പാർട്ടി സമ്മേളന കാലത്താണ് ജോർജ് എം.തോമസിനെ തിരിച്ചെടുക്കുന്നത്.