കോൺഗ്രസിൽ നടക്കുന്ന പൊട്ടിത്തെറി 2026 ആയാലും തീരില്ല: എം.വി. ഗോവിന്ദൻ
Monday, May 5, 2025 6:06 PM IST
തിരുവനന്തപുരം: കെപിസിസി നേതൃമാറ്റവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ നടക്കുന്നത് പൊട്ടിത്തെറിയാണെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോൺഗ്രസിൽ നടക്കുന്ന പൊട്ടിത്തെറി 2026 ആയാലും തീരില്ലെന്നും ഗോവിന്ദൻ പരിഹസിച്ചു.
കോൺഗ്രസ് പ്രസിഡന്റ് ആരായാലും തങ്ങൾക്ക് അതൊരു പ്രശ്നമല്ലെന്നും ഗോവിന്ദൻ പറഞ്ഞു. ന്നെ മൂലയ്ക്ക് ഇരുത്താൻ ശ്രമിക്കുകയാണെന്ന് സുധാകരൻ തന്നെ പറയുന്നുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
അതിനിടെ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയെ സുധാകരൻ കണ്ടു. ആന്റണിയെ കണ്ട് വിഷയത്തിൽ പരാതി അറിയിച്ചിരിക്കുകയാണ് സുധാകരന്. പ്രസിഡന്റിനെ മാറ്റാനാണ് തീരുമാനമെങ്കിൽ മാറിത്തരാമെന്നും പൊതുചർച്ച ചെയ്ത് തന്നെ അപമാനിക്കുന്നത് ഒഴിവാക്കണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു.
അനാരോഗ്യമുണ്ടെന്ന് ചിലർ മനപൂർവം പ്രചരിപ്പിക്കുകയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി. സുധാകരൻ ആന്റണിയെ കണ്ടത് കേന്ദ്ര തീരുമാനത്തെ കൂടി സ്വാധീനിക്കാൻ ആണെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഇന്ന് ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെയാണ് സുധാകരന് ആന്റണിയെ കാണാനെത്തിയത്.