ടൗണ്‍ഷിപ്പ്; എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ഫാക്ടറിയും കെട്ടിടങ്ങളും സർക്കാർ ഏറ്റെടുത്തു
Tuesday, May 6, 2025 11:15 PM IST
കൽപ്പറ്റ: മുണ്ടക്കൈ - ചൂരൽമല അതിജീവിതരുടെ പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ് നിര്‍മിക്കുന്ന എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ഫാക്ടറിയും കെട്ടിടങ്ങളും സർക്കാർ ഏറ്റെടുത്തു. പൂട്ടിയിട്ട ഫാക്ടറിയുടെ താഴ് തകർത്താണ് ഉദ്യോഗസ്ഥർ അകത്ത് കടന്നത്.
ജീവനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്സുകള്‍ പ്രതിഷേധത്തെ തുടർന്ന് തല്ക്കാലം ഏറ്റെടുക്കേണ്ടെന്ന് കളക്ടർ നിര്‍ദേശം നല്കി. എല്‍സ്റ്റണിലെ 64 ഹെക്ടർ എസ്റ്റേറ്റ് ഭൂമി അതിലെ കെട്ടിടങ്ങളടക്കമാണ് ടൗണ്‍ഷിപ്പിനായി സർക്കാർ ഏറ്റെടുത്തിരിക്കുന്നത്.
ഭൂമി ഏറ്റെടുത്ത സർക്കാർ അവിടെ വീടുകളുടെ നിർമാണവും തുടങ്ങി. എസ്റ്റേറ്റിലെ ഫാക്ടറിയും ജീവനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്സുകളും ഒഴിയാൻ ഏഴ് ദിവസത്തെ സമയാണ് നല്‍കിയിരുന്നത്. ഏഴ് ദിവസം പൂര്‍ത്തിയായതോടെയാണ് തഹസില്‍ദാരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘവും എസ്റ്റേറ്റിലെത്തിയത്.
നിലവില്‍ താമസക്കാരായവരെ ഒഴിപ്പിക്കേണ്ടെന്ന് കളക്ടർ നിര്‍ദേശിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ ആരും താമസമില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞ ഒരു ക്വാർട്ടേഴ്സിനെ ചൊല്ലി ജീവനക്കാരുമായി തർക്കമുണ്ടായി. സെക്യൂരിറ്റിയായി ജോലിചെയ്യുന്നയാളാണ് ഇവിടെ താമസിക്കുന്നതെന്ന് ജീവനക്കാർ പറഞ്ഞു.
ഈ ക്വാർട്ടേഴ്സില്‍ താമസിക്കുന്നുവെന്ന് അവകാശവാദം ഉന്നയിച്ച ജീവനക്കാരനോട് രണ്ട് ദിവസത്തിനുള്ളില്‍ തൊഴിൽ രേഖകള്‍ ഹാജരാക്കാൻ തഹസില്‍ദാർ നിര്‍ദേശിച്ചു. ശമ്പള കുടിശികയും ആനുകൂല്യങ്ങളും കിട്ടാതെ ഒഴിയില്ലെന്നാണ് ക്വാർട്ടേഴ്സുകളിലുള്ള ജീവനക്കാരുടെ നിലപാട്.