പിആര്‍എസ് വായ്പ; പ്രതിഷേധം ശക്തമാക്കാന്‍ നെല്‍കര്‍ഷകർ
Wednesday, May 7, 2025 1:07 AM IST
ചങ്ങനാശേരി: പിആര്‍എസ് സ്വീകരിക്കാത്ത കാനറ ബാങ്കിന്റെ നയത്തിലും പിആര്‍എസ് സ്വീകരിച്ചിട്ട് പണം നല്‍കാത്ത എസ്ബിഐയുടെ നിലപാടിലും പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളമുള്ള കാനറ, എസ്ബിഐ ബാങ്ക് ശാഖകള്ക്കുമുമ്പില് സമരം നടത്താനും സംസ്ഥാന തലത്തില്‍ തിരുവനന്തപുരത്തു സമരകൂട്ടായ്മ സംഘടിപ്പിക്കാനും ചങ്ങനാശേരിയില്‍ ചേര്‍ന്ന നെല്‍കര്‍ഷക സംരക്ഷണ സമിതി സംസ്ഥാന കമ്മിറ്റി സമരപ്രഖ്യാപന സമ്മേളനം തീരുമാനിച്ചു.
ആദ്യപടിയായി ഒമ്പതിന് രാവിലെ പത്തിന് ചങ്ങനാശേരിയില്‍ കാനറാ ബാങ്കിനു മുന്നില്‍ സംസ്ഥാനതല ധര്‍ണ നടത്തും. 12 മുതല്‍ 20വരെയുള്ള ദിവസങ്ങളില്‍ കൃഷി ഓഫീസുകള്‍, എസ്ബിഐ, കാനറ ബാങ്കുകള്‍, സിവില്‍ സപ്ലൈസ്, പാഡി ഓഫീസുകള്‍ക്കു മുന്നിലും കരിങ്കൊടി ഉയര്‍ത്താനും യോഗം തീരുമാനിച്ചു.
എസ്ബിഐ പിആര്‍എസ് വാങ്ങി സൂക്ഷിച്ചുവയ്ക്കുമ്പോള്‍ കാനറാ ബാങ്ക് പിആര്‍എസ് വാങ്ങുന്നതേയില്ല. സിവില്‍ സപ്ലൈസ് വകുപ്പ് ഇപ്പോള്‍ പിആര്‍എസ് കൊടുക്കുന്നതുതന്നെ വച്ചുതാമസിപ്പിക്കുകയാണ്.
നെല്‍സംഭരണ നയം പ്രഖ്യാപിക്കാന്‍ ഇതുവരെയും സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. അടുത്ത കൃഷിയുടെ പമ്പിംഗ് ലേലമാരംഭിച്ചിട്ടും കഴിഞ്ഞ കൃഷിക്ക് കൊയ്ത നെല്ല് സംഭരിച്ചു തീര്‍ക്കാനോ സംഭരിച്ചതിന് പിആര്‍എസ് കൊടുക്കാനോ കഴിഞ്ഞിട്ടില്ലെന്നും സമ്മേളനം കുറ്റപ്പെടുത്തി.
നെല്‍കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ കൃഷി, സിവില്‍ സപ്ലൈസ്, ധനകാര്യ വകുപ്പുകള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് നെല്‍കര്‍ഷക സംരക്ഷണ സമിതി രക്ഷാധികാരി വി.ജെ. ലാലി പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് റജീന അഷ്റഫിന്റെ അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി സോണിച്ചന്‍ പുളിങ്കുന്ന് സമരപ്രഖ്യാപനം നടത്തി. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പി.ആര്. സതീശന്, കോ-ഓര്‍ഡിനേറ്റര്‍ ജോസ് കാവനാട്, സംസ്ഥാന ഭാരവാഹികളായ റോയ് ഊരാംവേലി, മാത്യൂസ് കോട്ടയം, സന്തോഷ് പറമ്പിശേരി, ജിക്കു കുര്യാക്കോസ്, അനിയന്‍കുഞ്ഞ്, സുനു പി. ജോര്‍ജ്, സോണി കളരിക്കല്‍, ശർമ വാലടി, എ.ജി. അജയകുമാര്‍, വിജയന് വഞ്ചിപ്പുര, ബൈജു സെബാസ്റ്റ്യന്‍, വത്സമ്മ കുഞ്ഞുമോന്, കെ.ബി. രവീന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.