ജൂണിയര്‍ അഭിഭാഷകയ്ക്ക് മർദനമേറ്റ കേസ്; പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യും: മന്ത്രി പി.രാജീവ്
Wednesday, May 14, 2025 4:32 PM IST
തിരുവനന്തപുരം: സീനിയര്‍ അഭിഭാഷകന്റെ മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ജൂണിയര്‍ അഭിഭാഷക ശ്യാമിലിയെ മന്ത്രി പി.രാജീവ് സന്ദര്‍ശിച്ചു. വഞ്ചിയൂര്‍ കോടതിക്ക് മുന്നിലുള്ള ഓഫീസിലെത്തിയാണ് മന്ത്രി അഭിഭാഷകയെ കണ്ടത്.
സര്‍ക്കാര്‍ എല്ലാ പിന്തുണയും അഭിഭാഷകക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നമ്മുടെ നാട്ടിൽ സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നത്. കേരളത്തിൽ കേട്ടുകേൾവില്ലാത്ത സംഭവമാണ് ശ്യാമിലിയുടെ കാര്യത്തിലുണ്ടായത്. കുറ്റവാളിയെ ഉടൻ പിടികൂടും.
പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചവരും നിയമത്തിന്റെ പരിധിയിൽ വരണം. നിയമവകുപ്പ് വിഷയം ബാർ കൗൺസിലിന്റെയും ശ്രദ്ധയിൽപ്പെടുത്തും. ബെയ്ലിൻ ദാസിനെതിരെ അച്ചടക്ക നടപടി വേണമെന്ന് സർക്കാർ ബാർ കൗൺസിലിനോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ന് വഞ്ചിയൂർ കോടതിയ്ക്കു സമീപമുള്ള ബെയ്ലിൻ ദാസിന്റെ ഓഫീസിൽവച്ചായിരുന്നു യുവതിക്ക് മർദനമേറ്റത്. കഴിഞ്ഞയാഴ്ച ജോലിയിൽ നിന്നു നീക്കിയ ശ്യാമിലിയെ തിരികെവിളിച്ച് ജോലിയിൽ പ്രവേശിക്കാൻ ബെയ്ലിൻ ദാസ് നിർദേശിച്ചിരുന്നു.
തന്നെ ജോലിയിൽ നിന്നു മാറ്റാനുള്ള കാരണം ചോദിച്ചപ്പോഴാണ് ക്രൂരമായി മർദിച്ചതെന്ന് യുവതി പോലീസിൽ മൊഴി നൽകി.