കൊല്ലത്ത് വനമേഖലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; സുഹൃത്ത് പിടിയിൽ
Saturday, May 17, 2025 8:19 AM IST
കൊല്ലം: പത്തനാപുരത്ത് വനമേഖലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തൽ. പിറവന്തൂർ സ്വദേശി ഓമനക്കുട്ടൻ ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് ഷാജഹാനെ പത്തനാപുരം പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. വീഴ്ചയിൽ പറ്റിയ പരിക്കാണ് മരണകാരണമെന്ന് കരുതിയെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഓമനക്കുട്ടന്റെ സുഹൃത്തുക്കൾ നൽകിയ വിവരങ്ങളും കേസിൽ നിർണായകമായി.
കറവൂർ സ്വദേശികളായ അനിൽകുമാർ, റഹ്മാൻ ഷാജി(ഷാജഹാൻ) എന്നിവർ ചേർന്നാണ് കൊല നടത്തിയതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
കഴിഞ്ഞ ദിവസമാണ് ഷാജഹാൻ പിടിയിലായത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി. കേസിലെ ഒന്നാം പ്രതിയായ അനിൽകുമാർ ഒളിവിലാണ്.