കാളികാവിലെ നരഭോജി കടുവയുടെ ദൃശ്യങ്ങൾ വനം വകുപ്പിന്റെ കാമറയിൽ
Saturday, May 17, 2025 2:37 PM IST
മലപ്പുറം: കാളികാവ് അടയ്ക്കാക്കുണ്ടിലെ നരഭോജി കടുവയുടെ ദൃശ്യം വനംവകുപ്പിന്റെ കാമറയിൽ പതിഞ്ഞു. ഗഫൂറിനെ ആക്രമിച്ച സ്ഥലത്തുതന്നെയാണ് കടുവയെ കണ്ടതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ കടുവ സൈലന്റ് വാലിയില്‍ നിന്നുള്ളതാണെന്നും വനം വകുപ്പിന്റെ ഡാറ്റ ലിസ്റ്റിലുള്ളതാണെന്നും ചീഫ് വെറ്ററിനറി സർജൻ അരുൺ സക്കറിയ വ്യക്തമാക്കി.
അതേസമയം, കടുവയെ കണ്ടെത്താന്‍ ശ്രമം ഊര്‍ജിതമാക്കി. ഡ്രോണ്‍ കാമറ ഉപയോഗിച്ച് കടുവയുടെ സാന്നിധ്യമുള്ള സ്ഥലം ഉറപ്പിക്കാനാണ് വനംവകുപ്പ് ശ്രമിക്കുന്നത്. സ്ഥലം തിരിച്ചറിഞ്ഞാല്‍ കുങ്കിയാനയെ ഉപയോഗിച്ച് പരിശോധന തുടരും. ഇതിനായി മുത്തങ്ങയിലെ കുഞ്ചു, കോന്നിയിലെ സുരേന്ദ്രന് എന്നീ ആനകളെ സ്ഥത്തെത്തിച്ചിട്ടുണ്ട്.
പാലക്കാട് വൈല്‍ഡ്ലൈഫ് വാര്ഡന് ഉമാ കമല്ഹാറിന്റെ നേതൃത്വത്തില്‍ ഡോ. അരുണ്‍സക്കറിയയുടെ കീഴില്‍ കടുവയെ കണ്ടെത്തുന്നതുവരെ തെരച്ചില്‍ തുടരാനാണ് തീരുമാനം. 50 കാമറകൾ മേഖലയിൽ സ്ഥാപിച്ചിട്ടുണ്ട്. മൂന്നു സംഘങ്ങളായി തിരിഞ്ഞ് രണ്ടു മയക്കുവെടി വിദഗ്ധൻമാരടങ്ങുന്ന 60 അംഗങ്ങളാണ് റാവുത്തൻ കാട്ടിൽ കടുവക്കായി തെരച്ചിൽ നടത്തുന്നത്.
കടുവയുടെ കാൽപ്പാടുകൾ കണ്ടതല്ലാതെ മറ്റു സൂചനയൊന്നും ലഭിച്ചിട്ടില്ല. കെണി കൂടിമലയിൽ സ്ഥാപിച്ചിട്ടുണ്ട്. തെരച്ചിൽ സംഘത്തിൽ നിന്ന് കടുവയെ ലൊക്കേറ്റ് ചെയ്തതായുള്ള വിവരം ലഭിച്ചാലുടൻ പുറപ്പെടാൻ തയാറായി ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ ഉമ, നിലന്പൂർ സൗത്ത് ഡിഎഫ്ഒ ജി. ധനിക് ലാൽ, മയക്കുവെടി വിദഗ്ധൻ ഡോ. അരുണ്‍ സഖറിയ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.