യുവ അഭിഭാഷകയെ മർദിച്ച കേസ്; ബെയ്ലിന് ദാസിന്റെ ജാമ്യാപേക്ഷയിൽ ഉത്തരവ് തിങ്കളാഴ്ച
Saturday, May 17, 2025 3:16 PM IST
തിരുവനന്തപുരം: ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസില്‍ പ്രതിയായ അഭിഭാഷകൻ ബെയ്ലിന് ദാസിന്റെ ജാമ്യാപേക്ഷയിൽ ഉത്തരവ് തിങ്കളാഴ്ച. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.
സ്ത്രീത്വത്തെ അപമാനിച്ച സംഭവം ഗൗരവമുള്ളതാണെന്ന് ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട്
പ്രോസിക്യൂഷൻ വാദിച്ചു. ഒരു വക്കീൽ ഓഫീസിന് ഉള്ളിൽ നടന്ന രണ്ട് ജൂനിയർ അഭിഭാഷകരുടെ തർക്കം, അതാണ് ഇത്തരം സംഭവത്തിൽ കലാശിച്ചതെന്ന് പ്രതിഭാഗവും വാദിച്ചു. എന്ത് ഉപാധിയോടെയാണെങ്കിലും ജാമ്യം നൽകണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.
എന്നാൽ ഇരു ഭാഗങ്ങളുടേയും വാദം കേട്ട കോടതി ജാമ്യം 19ലേക്ക് മാറ്റുകയായിരുന്നു. ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഇടതുകവിളില്‍ അടിയേറ്റു വീണ ശ്യാമിലി എഴുന്നേറ്റു തടയുന്നതിനിടയില്‍ കൈയില്പിടിച്ചു തിരിച്ച ശേഷം ബെയ്ലിന് ദാസ് വീണ്ടും കവിളില്‍ അടിക്കുകയായിരുന്നുവെന്നാണ് റിമാന്‍ഡ് അപേക്ഷയില്‍ പറയുന്നത്.
ആക്രമണത്തിനു ശേഷം ഒളിവില്‍ പോയ ബെയ്ലിന് ദാസിനെ വ്യാഴാഴ്ച രാത്രി ഏഴോടെയാണ് തുമ്പ പോലീസ് കസ്റ്റഡിയിലെടുത്തത്.