മെസി വരില്ല: മുഖം രക്ഷിക്കാൻ കായികവകുപ്പ്; സ്പോൺസർക്കെതിരേ നിയമനടപടിക്ക്
Saturday, May 17, 2025 3:33 PM IST
തിരുവനന്തപുരം: ലോക ഫുട്ബോൾ ഇതിഹാസം മെസിയെ കേരളത്തിലെത്തിക്കുമെന്ന് പ്രഖ്യാപനം നടത്തിയ സംസ്ഥാന കായിക വകുപ്പ് മലക്കംമറിയുന്നു. മെസി വരില്ലെന്ന് ഉറപ്പായതോടെ കായിക പ്രേമികളിൽനിന്നുള്ള പ്രതിഷേധത്തിൽനിന്നും മുഖം രക്ഷിക്കാനുള്ള നീക്കമാണ് കായിക വകുപ്പ് നടത്തുന്നത്.
ഫുട്ബോൾ പ്രേമികളും കായിക പ്രേമികളും മെസിയുടെ വരവ് വളരെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. കായിക മന്ത്രി അബ്ദുറഹ്മാനാണ് മെസി വരുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. സ്പോണ്‍സർമാരുടെ വീഴ്ചയാണ് മെസിയുടെ വരവ് റദ്ദാകാൻ കാരണമെന്നാണ് മന്ത്രി ഇപ്പോൾ പറയുന്നത്. സർക്കാരിന്റെ കൈയിൽ മെസിയെ കൊണ്ടുവരാനുള്ള കാശില്ലെന്നും കായിക മന്ത്രി വ്യക്തമാക്കുന്നു
മെസിയുടെ സന്ദർശനം ഒഴിവാക്കിയത് സംബന്ധിച്ച് സർക്കാരിന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. അര്‍ജന്റീന ടീമിന്റെ ഈ വര്‍ഷത്തെ സൗഹൃദ മത്സരങ്ങളെക്കുറിച്ച് ഇന്നലെ വന്ന റിപ്പോര്‍ട്ടിൽ ഇന്ത്യയില്ല. ഒക്ടോബറില്‍ ചൈനയില്‍ രണ്ട് മത്സരങ്ങള്‍ കളിക്കും. നവംബറില്‍ ആഫ്രിക്കയിലും ഖത്തറിലും അര്‍ജന്റീന കളിക്കും.
അതേസമയം മെസി കേരള സന്ദർശനം ഒഴിവാക്കിയതിൽ സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിംഗ് കമ്പനിക്കെതിരേ അർജന്റീന ഫുട്ബോൾ അസോസിയേഷനും സംസ്ഥാന സർക്കാരും നിയമനടപടി സ്വീകരിച്ചേക്കുമെന്ന് അറിയുന്നു. കേരളത്തിൽ രണ്ട് മത്സരം നടത്താൻ വേണ്ടി അർജന്റീന ഫുട്ബാൾ അസോസിയേഷനുമായി സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിംഗ് കമ്പനി കരാർ ഒപ്പിട്ടിരുന്നു.
കരാർ ഒപ്പിട്ട് 45 ദിവസത്തിനകം പകുതി തുക നൽകണം എന്നാണ് വ്യവസ്ഥ. സമയം നീട്ടി നൽകിയിട്ടും സ്പോൺസർ ഇത് പാലിച്ചില്ലെന്ന് കാട്ടി സ്പോൺസർമാർക്കെതിരെ സംസ്ഥാന സർക്കാരും നിയമനടപടി എടുത്തേക്കുമെന്നു സൂചനയുണ്ട്.
ഒക്ടോബറില്‍ മെസി കേരളത്തില്‍ എത്തുമെന്നാണ് കായിക മന്ത്രി വി .അബ്ദുറഹിമാന് പറഞ്ഞിരുന്നത്. 2011ലാണ് ഇതിന് മുമ്പ് അര്‍ജന്റീന ടീം ഇന്ത്യയിലെത്തിയത്. അര്‍ജന്റീന കേരളത്തില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ചെങ്കിലും സൂപ്പര്‍ താരങ്ങളടങ്ങിയ ടീമിനെ ഇന്ത്യയിലെത്തിക്കാൻ ഭീമമായ ചെലവ് ഉണ്ടായിരുന്നു. ഒടുവില്‍ എച്ച് എസ് ബി സി പ്രധാന സ്പോണ്‍സര്‍മാരായി എത്തിയെന്നും അര്‍ജന്റീന ടീമിനെ കേരളത്തില്‍ കളിപ്പിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.