സൽമാൻ ഖാന്റെ അപ്പാർട്ട്മെന്റിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്തു
Friday, May 23, 2025 3:32 AM IST
മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാൻ താമസിക്കുന്ന അപ്പാർട്ട്മെന്റിലേക്ക് അതിക്രമിച്ചു കടന്ന രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ജിതേന്ദ്ര കുമാർ സിംഗ് എന്ന 23കാരനാണ് സൽമാന്റെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റ്സിൽ കയറിയത്.
രാവിലെ കെട്ടിടത്തിന്റെ പരിസരത്ത് കറങ്ങിനടന്ന ഇയാളെ ചോദ്യം ചെയ്ത സുരക്ഷാ ഉദ്യോഗസ്ഥനോട് ക്ഷുഭിതനാകുകയും അയാളുടെ മൊബൈൽ ഫോൺ നശിപ്പിക്കുകയും ചെയ്തുവെന്നു പോലീസ് പറയുന്നു.
അതേ ദിവസം വൈകുന്നേരം അപ്പാർട്ട്മെന്റിലെ മറ്റൊരു അന്തേവാസിയുടെ കാറിലെത്തി വീണ്ടും ഉള്ളിലേക്കു കയറാൻ ശ്രമിച്ച ജിതേന്ദ്ര കുമാറിനെ പോലീസ് പിടികൂടി. താരത്തെ കാണാൻ മാത്രമായിരുന്നു തന്റെ ശ്രമമെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞു.
സമാനമായ മറ്റൊരു സംഭവം ബുധനാഴ്ച അരങ്ങേറി. അന്ന് കെട്ടിടത്തിൽ പ്രവേശിക്കുകയും സൽമാന്റെ ഫ്ലാറ്റ് ലക്ഷ്യം വച്ച് നീങ്ങുകയും ചെയ്ത ഒരു സ്ത്രീയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി പോലീസിനു കൈമാറി. അനുവാദമില്ലാതെ അതിക്രമിച്ചു കടന്നതിന് ഇവരുടെ പേരിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.