മലമ്പുഴയിൽ വളർത്തു നായയെ പുലി പിടിച്ചു
Friday, May 23, 2025 10:30 AM IST
പാലക്കാട്: മലമ്പുഴ എലിവാലില്‍ ജനവാസമേഖലയിൽ വീണ്ടും പുലിയിറങ്ങി. എലിവാല് സ്വദേശി കൃഷ്ണന്റെ വീട്ടിലെ നായയെ പുലി പിടിച്ചു. കഴിഞ്ഞ പതിനാലാം തീയതിയും ഇവിടെ പുലിയെത്തി നായയെ പിടികൂടിയിരുന്നു.
ഈ വര്‍ഷം നാലാം തവണയാണ് കൃഷ്ണന്റെ വീട്ടില്‍ പുലിയെത്തുന്നത്. വീട്ടുകാരുടെ കണ്മുന്നില് വച്ചാണ് നായയെ പുലി പിടികൂടിയത്. നേരത്തെ പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ കൂട് സ്ഥാപിച്ചിട്ടില്ല.
കൃഷ്ണന്റെ ഒറ്റമുറി വീടിനുള്ളിലെ വാതില്‍ മാന്തി പൊളിച്ചാണ് നേരത്തെ പുലി വീട്ടില്‍ കയറിയത്. കുട്ടികള്‍ കിടന്നുറങ്ങിയ കട്ടിലിന് അടുത്തായി കെട്ടിയ നായയുടെ മേലെ ചാടുന്നതിനിടയില്‍ മൂന്ന് വയസുകാരിയായ മകള്‍ അവനികയെ പുലി തട്ടി താഴെയിട്ടിരുന്നു.
കുട്ടിയുടെ നിലവിളി കേട്ടുണര്‍ന്ന മാതാപിതാക്കള്‍ കണ്ടത് നായയെ കടിച്ച് പിടിച്ച് നില്ക്കുന്ന പുലിയെയായിരുന്നു. ആളുകള്‍ ഉണര്‍ന്നതോടെ പുലി നായയെയും കൊണ്ട് സ്ഥലം വിടുകയായിരുന്നു. മുന്‍പും നായയെ ലക്ഷ്യമാക്കി പുലി ആക്രമണം നടത്തിയതിന് പിന്നാലെയാണ് നായയെ വീടിനകത്ത് കെട്ടിയിട്ടത്.