മൂന്ന് വയസുകാരിയെ പുഴയിലെറിഞ്ഞ സംഭവം; അമ്മയ്ക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് പോലീസ്
Friday, May 23, 2025 10:53 AM IST
കൊച്ചി: മൂന്ന് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് പോലീസ്. എന്നാൽ കുട്ടിയുടെ അമ്മയ്ക്ക് ആത്മവിശ്വാസക്കുറവുണ്ടെന്നും മക്കളുടെ കാര്യംപോലും നോക്കാന്‍ പ്രാപ്തിക്കുറവുണ്ടെന്നുമാണ് കണ്ടെത്തൽ.
ഇവർ കുട്ടികളെ കൊലപ്പെടുത്താന്‍ നേരത്തെ ശ്രമിച്ചിരുന്നുവെന്ന ആരോപണവും പോലീസ് തള്ളി. അതേസമയം മകൾ പീഡനത്തിനിരയായ വിവരം തനിക്ക് അറിയില്ലായിരുന്നുവെന്ന് അമ്മ പോലീസിന് മൊഴി നൽകി.
ഭർത്താവിന്റെ കുടുംബം തന്നെ ഒറ്റപ്പെടുത്തി. കുട്ടിയിൽ നിന്നുപോലും തന്നെ അകറ്റുന്നതായി തോന്നി.
ഭർത്താവ് മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതായി താൻ അറിഞ്ഞു. തന്നെ ഒഴിവാക്കിയാല്‍ കുട്ടി എങ്ങനെ ജീവിക്കുമെന്ന് ആശങ്കയുണ്ടായി.
രണ്ടാമനമ്മയുടെ കീഴില്‍ തന്റെ കുഞ്ഞ് ജീവിക്കുന്നത് ദുഃസ്വപ്നം കണ്ടു. കുഞ്ഞിന്റെ ഭാവിയില്‍ ആശങ്ക ഉണ്ടായതിനാലാണ് കൊലപാതകമെന്നും ഇവർ പോലീസിനോട് പറഞ്ഞു.