"വെള്ളം തടഞ്ഞാല്‍ ഇന്ത്യയെ ശ്വാസം മുട്ടിക്കും': ഭീഷണിയുമായി പാക് സൈനിക വക്താവ്
Friday, May 23, 2025 2:38 PM IST
ന്യൂഡൽഹി: സിന്ധു നദീജല കരാർ റദ്ദാക്കിയ വിഷയത്തിൽ ഇന്ത്യക്കെതിരേ വീണ്ടും ഭീഷണിയുമായി പാക്കിസ്ഥാൻ സൈന്യം. പാക്കിസ്ഥാന്റെ വെള്ളം തടഞ്ഞാല്‍ ഇന്ത്യയുടെ ശ്വാസം മുട്ടിക്കുമെന്നാണ് പാക് സൈനിക വക്താവ് ലഫ്. ജനറൽ അഹമ്മദ് ഷരീഫ് ചൗധരിയുടെ മുന്നറിയിപ്പ്.
പാക്കിസ്ഥാനിലെ ഒരു സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു അഹമ്മദ് ഷെരീഫ് ചൗധരിയുടെ പ്രസ്താവന എന്നാണ് റിപ്പോർട്ട്. പ്രസംഗത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അതേസമയം, ഏതാനും വർഷങ്ങൾക്ക് മുമ്പ് ലഷ്കർ-ഇ-ത്വയ്ബ സ്ഥാപകൻ ഹാഫിസ് സയീദ് ഇതേ വാക്കുകൾ പറഞ്ഞതായി ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്. "നിങ്ങള്‍ വെള്ളം തടഞ്ഞാല്‍, നിങ്ങളുടെ ശ്വാസം മുട്ടിക്കും, അപ്പോള്‍ നദികളിലൂടെ രക്തം ഒഴുകും' എന്നായിരുന്നു ഹാഫിസ് സയീദിന്റെ ഭീഷണി.