കടമ്മനിട്ട ശാരിക കൊലക്കേസ്; പ്രതി സജിൽ കുറ്റക്കാരനെന്ന് കോടതി
Friday, May 23, 2025 2:44 PM IST
പത്തനംതിട്ട: കടമ്മനിട്ടയില്‍ പതിനേഴുകാരിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയെന്ന കേസിൽ ആൺസുഹൃത്ത് സജിൽ കുറ്റക്കാരനെന്ന് കോടതി. പത്തനംതിട്ട അഡീഷണല്‍ ജില്ലാ കോടതിയുടേതാണ് കണ്ടെത്തൽ. കേസില്‍ ശനിയാഴ്ച ശിക്ഷാവിധി പ്രഖ്യാപിക്കും.
കടമ്മനിട്ടയിലെ ശാരികയുടെ ബന്ധുവീട്ടിൽ വച്ച് 2017 ജൂലൈ 14നു വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. ഒപ്പം വരണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന് സജിൽ പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
പെട്രോള്‍ ശരീരത്തിലൂടെ ഒഴിച്ച് തീകൊളുത്തിയായിരുന്നു കൊലപാതകം. ഗുരുതരമായി പരിക്കേറ്റ ശാരികയെ ആദ്യം ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിച്ചു.
വിദഗ്ധ ചികില്‍സയ്ക്കായി പിന്നീട് ഹെലികോപ്റ്റര്‍ മാര്‍ഗം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ജൂലൈ 22നായിരുന്നു മരണം.