ബംഗളൂരു മെട്രോയിൽ സ്ത്രീകളുടെ വീഡിയോ രഹസ്യമായി ചിത്രീകരിച്ച് ഇൻസ്റ്റ പേജിലിട്ടു; പ്രതി അറസ്റ്റിൽ
Friday, May 23, 2025 5:54 PM IST
ബംഗളൂരു: മെട്രോയിൽ സ്ത്രീകളുടെ വീഡിയോ രഹസ്യമായി ചിത്രീകരിച്ച് ഇൻസ്റ്റ പേജിലിട്ടയാൾ അറസ്റ്റിൽ. ഹാവേരി സ്വദേശി ദിഗന്ത് ആണ് അറസ്റ്റിലായത്. ബെംഗളൂരു പീനിയയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
"മെട്രോ ചിക്സ്' എന്ന പേരിൽ 13 വീഡിയോകളും മറ്റ് ചിത്രങ്ങളുമാണ് ഇയാൾ ഇൻസ്റ്റ പേജിൽ പോസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിൽ വൻ വിവാദമായതിനെത്തുടർന്ന് ഈ പേജ് പോലീസ് ബ്ലോക്ക് ചെയ്തിരുന്നു.
മെട്രോയിൽ സഞ്ചരിക്കുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ അവരറിയാതെ ചിത്രീകരിച്ച് പോസ്റ്റ് ചെയ്ത് അവ വിൽപ്പന നടത്തി വന്നിരുന്ന 'ബാംഗ്ലൂർ മെട്രോ ചിക്സ്' എന്ന പേജ് വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് ബെംഗളൂരു പോലീസ് കേസെടുത്തത്.
ഇതിനൊപ്പം ദൃശ്യങ്ങൾ വിൽക്കാൻ ടെലഗ്രാം ചാനലുമുണ്ടായിരുന്നു. ഈ ചാനൽ വഴിയാണ് വീഡിയോ വിൽക്കാറുണ്ടായിരുന്നത്. കേസെടുത്തതിന് പിന്നാലെ ഇൻസ്റ്റ പേജിലെ ചിത്രങ്ങളും വീഡിയോകളും നീക്കം ചെയ്തിട്ടുണ്ട്. പേജിനൊപ്പം നൽകിയിരുന്ന ടെലഗ്രാം ചാനലും പൂട്ടിയ നിലയിലാണെന്ന് പൊലീസ് വ്യക്തമാക്കി.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ഒരാൾ ഈ അക്കൗണ്ട് ഫ്ലാഗ് ചെയ്ത് ബെംഗളൂരു സിറ്റി പോലീസിനെ ടാഗ് ചെയ്ത പോസ്റ്റിടുകയായിരുന്നു. പോസ്റ്റിൽ അടിയന്തിര നടപടി വേണമെന്നും യുവാവ് ആവശ്യപ്പെട്ടു. ഇതോടെയാണ് ഈ വിഷയം ആദ്യമായി ശ്രദ്ധയിൽപ്പെട്ടത്. തുടര്ന്ന് പോലീസ് സ്വമേധയാ കേസ് രേഖപ്പെടുത്തുകയായിരുന്നു.