കനത്ത മഴയും കാറ്റും; നല്ലളത്ത് 110 കെവി ലൈൻ ടവർ ചെരിഞ്ഞു
Saturday, May 24, 2025 12:36 PM IST
കോഴിക്കോട്: നല്ലളത്ത് 110 കെ വി ലൈൻ ടവർ ചെരിഞ്ഞു. വെള്ളിയാഴ്ച പെയ്ത കനത്ത മഴയിലും കാറ്റിലുമാണ് വെള്ളക്കെട്ടിൽ സ്ഥാപിച്ച ടവർ ചെരിഞ്ഞത്.
കോഴിക്കോട് കൊടിയത്തൂർ ചെറുവാടിയിൽ ഇന്നലെ രാത്രിയുണ്ടായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടമുണ്ടായി. മരങ്ങൾ കടപുഴകിവീണു. വീടുകൾക്കും കേടുപാടുകളുണ്ടായി. നൂറുകണക്കിന് വാഴകളും നിലംപൊത്തി.
വെള്ളിയാഴ്ച വൈകുന്നേരത്തോടെ ആരംഭിച്ച ശക്തമായ കാറ്റിലും മഴയിലും കോഴിക്കോട് മലയോര മേഖലകളില്‍ വ്യാപക നാശനഷ്ടം. വൈദ്യുതി പോസ്റ്റുകള്‍ക്ക് മുകളില്‍ മരം വീണതിനെ തുടര്‍ന്ന് നിരവധി പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം തകരാറിലായി.
വ്യാപക കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുക്കം, തിരുവമ്പാടി, കൂടരഞ്ഞി, കൊടിയത്തൂര്‍, ചെറുവാടി എന്നിവിടങ്ങളിലാണ് പ്രധാനമായും നഷ്ടങ്ങളുണ്ടായത്.
കാരശ്ശേരി പഞ്ചായത്തിലെ എട്ടാം വാര്‍ഡിലുള്ള ആക്കോട്ട് ചാലില്‍ സുബിന് എന്ന യുവകര്‍ഷകന്റെ 300ഓളം വാഴകള്‍ ശക്തമായ കാറ്റില്‍ നിലംപൊത്തി. കുലകള്‍ വിളവെടുപ്പിന് പാകമായ നിലയിലുള്ള വാഴകളാണ് നശിച്ചത്.
ആറാം വാര്‍ഡില്‍ തോട്ടക്കാട് സ്വദേശിയായ പുതിയോട്ടില്‍ ഭാസ്കരന്റെ വീടിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു. ശക്തമായ മഴയില്‍ വീടിന്റെ മുറ്റം ഉള്‍പ്പെടെ താഴേക്ക് പതിക്കുകയായിരുന്നു. വീട് അപകട ഭീഷണിയിലായതിനെ തുടര്‍ന്ന് നാട്ടുകാര്‍ കുടുംബത്തെ മറ്റൊരിടത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചു. പ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്.