ദേശീയപാത നിര്‍മാണത്തിലെ അപാകത; മുഖ്യമന്ത്രി നിതിന്‍ ഗഡ്ഗരിയെ കാണും
Saturday, May 24, 2025 2:21 PM IST
തിരുവനന്തപുരം: ദേശീയപാത നിര്‍മാണത്തിലെ അശാസ്ത്രീയത കേന്ദ്ര ശ്രദ്ധയില്‍പ്പെടുത്താന്‍ സംസ്ഥാനം. മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയെ കാണും. ജൂണ്‍ ആദ്യ ആഴ്ച തന്നെ കൂടിക്കാഴ്ചയ്ക്ക് ശ്രമം നടത്തും.
പാര്‍ട്ടിയോഗങ്ങള്‍ക്കായി ഡല്‍ഹിയില്‍ എത്തുമ്പോഴാണ് മുഖ്യമന്ത്രി ഗഡ്ഗരിയെ കാണുക. കൂരിയാട് തകര്‍ച്ച അടക്കം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. ദേശീയപാത 66ല്‍ പലയിടത്തും അപാകതകള്‍ കണ്ടെത്തിയിരുന്നു.
കൂരിയാട് റോഡ് ഇടിഞ്ഞതിന്റെ ദൃശ്യങ്ങൾ കണ്ട ശേഷം നിതിൻ ഗഡ്കരി നേരത്തെ കടുത്ത നടപടിക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ കേരളത്തിൽ പലയിടത്ത് നിന്നും സമാന റിപ്പോർട്ടുകൾ വന്നതോടെ മന്ത്രി വിശദമായ പരിശോധന നടത്താൻ നിർദ്ദേശിക്കുകയായിരുന്നു.
കൂരിയാടെത്തി രണ്ടംഗ വിദഗ്ധ സംഘം പരിശോധന നടത്തിയിരുന്നു. ഡൽഹി ഐഐടിയിലെ മുൻ പ്രൊഫസർ ജിവി റാവു കൂടി വിലയിരുത്തിയ ശേഷമാകും ഇവരുടെ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് കൈമാറുക. കേരളത്തിലെ ദേശീയ പാത നിർമാണത്തിന്റെയാകെ ഡിസൈനും രീതികളും അവലോകനം ചെയ്യും.