ചെല്ലാനത്ത് കടലാക്രമണം രൂക്ഷം; കടലിലിറങ്ങി പ്രതിഷേധിച്ച് നാട്ടുകാർ
Saturday, May 24, 2025 4:10 PM IST
കൊച്ചി: കടലാക്രമണം രൂക്ഷമായതിനെ തുടർന്ന് ചെല്ലാനം നിവാസികൾ കടലിലിറങ്ങി പ്രതിഷേധിച്ചു. ചെല്ലാനത്ത് നിലവിൽ ഏഴു കിലോമീറ്ററോളം മാത്രമാണ് ടെട്രാപോഡ് സ്ഥാപിച്ചിട്ടുള്ളത്.
എന്നാൽ പുത്തൻതോട് മുതൽ ഫോർട്ട്കൊച്ചി വരെയുള്ള ഭാഗങ്ങളിൽ ടെട്രാപോഡ് ഉപയോഗിച്ചുള്ള ഭിത്തി നിർമാണം ആരംഭിക്കാനുള്ള നടപടി എങ്ങുമെത്തിയിട്ടില്ലെന്ന് ജനകീയവേദി ആരോപിച്ചു.
പുത്തൻതോട് മുതൽ വടക്കോട്ടുള്ള മേഖലകളായ കണ്ണമാലി, ചെറിയകടവ് എന്നിവിടങ്ങളിലെ പല ഭാഗത്തും വർഷങ്ങളായി കടൽഭിത്തി തകർന്നു കിടക്കുകയാണ്. ചിലയിടത്തു പേരിനു പോലും കല്ലുകളില്ല.
കടൽ ഭിത്തിയുടെ അറ്റകുറ്റപ്പണി നടത്താത്തതിനാൽ രൂക്ഷമായ കടലാക്രമണമാണ് വര്‍ഷകാലത്ത് അനുഭവപ്പെടുന്നത്. ഇതിനു പരിഹാരം കാണണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടങ്കിലും അവർ യാതൊരു നടപടിയും സ്വീകരിച്ചില്ല.
ഇതോടെയാണ് തീരസംരക്ഷണത്തിനായി കടലിലിറങ്ങി സമരം ചെയ്യാൻ തീരുമാനിച്ചതെന്ന് പ്രതിഷേധക്കാർ പറഞ്ഞു.