മൺസൂൺ നേരത്തെയെത്തി; വ്യാപകനാശം
Saturday, May 24, 2025 5:21 PM IST
തിരുവനന്തപുരം: കേരളത്തിൽ മൺസൂൺ എത്തിയതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പതിനാറ് വർഷത്തിനു ശേഷമാണ് മൺസൂൺ ഇത്ര നേരത്തെ എത്തുന്നത്. മഴ ശക്തിയാർജിച്ചതോടെ സംസ്ഥാനത്തിന്റെ പലഭാഗത്തും വ്യാപക നാശനഷ്ടങ്ങളുണ്ടായി.
കണ്ണൂരിലും കാസർഗോഡും റെഡ് അലർട്ട് അടക്കം എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. കണ്ണൂർ, കാസർഗോഡ്, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഞായറാഴ്ച റെഡ് അലർട്ടാണ്. തിങ്കളാഴ്ച 11 ജില്ലകളിൽ റെഡ് അലർട്ടുണ്ട്. തീരദേശത്തും മലയോര മേഖലയിലും കനത്ത ജാഗ്രതയാണ്.
കോഴിക്കോട് കിണർ ഇടിഞ്ഞുവീണ് ഒരാൾ മരിച്ചു. മരങ്ങൾ കടപുഴകി വീണ് നിരവധി വീടുകളും തകർന്നു. മലപ്പുറം വാക്കല്ലൂരിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അരീക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലപ്പുറം - പരപ്പനങ്ങാടി റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. വേങ്ങര പത്തു മൂച്ചിയിലാണ് വെള്ളക്കെട്ട്. സ്ഥലത്ത് ഗതാഗതവും തടസപ്പെട്ടു. മഴ കനത്തതോടെ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് , ഇടുക്കി ജില്ലകളിൽ 27 വരെ ക്വാറികളുടെ പ്രവർത്തനത്തിന് നിരോധനം ഏർപ്പെടുത്തി.
കാസർഗോഡ്, കണ്ണൂർ ജില്ലയിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കാസർഗോഡ് ബീച്ചിലും റാണിപുരം ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ ട്രക്കിംഗിന് നിരോധനം ഏർപ്പെടുത്തി. ഇടുക്കിയിൽ കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി ട്രക്കിംഗ് എന്നിവ നിരോധിച്ചു.