ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ആക്രമിച്ചയാൾ അറസ്റ്റിൽ
Sunday, June 29, 2025 11:19 PM IST
കുന്നംകുളം: നഗരത്തിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ആക്രമിച്ച സംഭവത്തിൽ കാർ യാത്രക്കാരനായ യുവാവ് അറസ്റ്റിൽ. തൃത്താല കപ്പ പാറക്കുളം സ്വദേശി ആന്തൂര്‍ വളപ്പിൽ വീട്ടിൽ നസറുദ്ദീൻ (32) നെയാണ് കുന്നംകുളം പോലീസ് അറസ്റ്റു ചെയ്തത്.
കുന്നംകുളം സ്റ്റേഷനിലെ സിപിഒ മഹേഷിനെയാണ് കാറിലെത്തിയ യുവാവ് ആക്രമിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. കുന്നംകുളം-പട്ടാമ്പി റോഡിൽ നിന്ന് ഗുരുവായൂർ റോഡിലേക്ക് വൺവേ തെറ്റിച്ചെത്തിയ കാറ് ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മഹേഷ് തടയുകയായിരുന്നു. ഇതിൽ പ്രകോപിതനായ കാർ നസറുദ്ദീൻ പോലീസുകാരനെ ആക്രമിക്കുകയായിരുന്നു.
നസറുദ്ദീൻ പോലീസുകാരനെ അസഭ്യം വിളിച്ച് അടിക്കുകയും റോഡിൽ തള്ളിയിടുകയുമായിരുന്നു. മർദനമേറ്റ മഹേഷ് സ്റ്റേഷനിൽ വിവരമറിച്ചതിനെ തുടർന്ന് പോലീസെത്തി നസറുദ്ദീനെ പിടികൂടുകയായിരുന്നു. മർദനത്തിൽ പരിക്കേറ്റ സിപിഒ മഹേഷ് കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.