മാറ്റങ്ങളുമായി റെയിൽവേ; ട്രെയിൻ റിസർവേഷൻ ചാർട്ട് എട്ടു മണിക്കൂർ മുമ്പ്
Monday, June 30, 2025 5:10 AM IST
ന്യൂഡൽഹി: ട്രെയിനുകളിലെ റിസർവേഷൻ ചാർട്ട് എട്ടു മണിക്കൂർ മുമ്പ് പ്രസിദ്ധീകരിക്കാൻ റെയിൽവേ തീരുമാനിച്ചു. നിലവിൽ നാലുമണിക്കൂർ മുൻപാണ് ചാർട്ട് തയാറാക്കിയിരുന്നത്.
അവസാനനിമിഷം ചാർട്ട് തയാറാക്കുന്നതുകാരണം വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകാർ നേരിടുന്ന അനിശ്ചിതത്വം ഒഴിവാക്കുന്നതിനാണ് പുതിയ തീരുമാനം. ഇതനുസരിച്ച് ഉച്ചയ്ക്ക് രണ്ടിനു മുൻപ് പുറപ്പെടുന്ന ട്രെയിനുകളുടെ ചാർട്ട് തലേദിവസം രാത്രി ഒമ്പതിന് തയാറാക്കും.
ഉച്ചയ്ക്ക് രണ്ടിനുശേഷം പുറപ്പെടുന്ന വണ്ടികളുടേത് അന്ന് പകൽ പ്രസിദ്ധീകരിക്കും. വൈകാതെ ഇത് നടപ്പാകുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
ഡിസംബർ മുതൽ മിനിറ്റിൽ ഒന്നര ലക്ഷത്തിലധികം ടിക്കറ്റുകൾ ഒന്നിച്ച് ബുക്കു ചെയ്യാൻ കഴിയും വിധം സംവിധാനങ്ങൾ പരിഷ്കരിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു.