ബിന്ദുവിന്റെ മരണം സർക്കാർ നടത്തിയ കൊലപാതകം: രാജീവ് ചന്ദ്രശേഖർ
Saturday, July 5, 2025 3:09 AM IST
ന്യൂഡൽഹി: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നു ബിന്ദുവെന്ന വീട്ടമ്മ മരിച്ചത് പിണറായി വിജയൻ സർക്കാരിന്റെയും സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും ഗുരുതര അനാസ്ഥയുടെ ഫലമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ അപകടത്തിൽപ്പെട്ട ബിന്ദു മൂന്നു മണിക്കൂറിലധികം കുടുങ്ങിക്കിടന്ന സമയത്ത്, രക്ഷാപ്രവർത്തനം നടത്തുന്നതിന് പകരം ആരോഗ്യമന്ത്രി പുതിയ കെട്ടിടം മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കുന്ന തിരക്കിലായിരുന്നുവെന്ന് അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
പിണറായി വിജയൻ പിആർ ഗിമിക്ക് കൊണ്ട് സൃഷ്ടിച്ച വ്യാജ "കേരള മോഡൽ' ആരോഗ്യസംരക്ഷണം പൂർണമായും തകർന്നു. മൂന്ന് ദിവസം മുന്പ്, തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർ നടത്തിയ വെളിപ്പെടുത്തൽ കേരളത്തിലെ ആരോഗ്യമേഖലയിലെ സത്യം തുറന്നുകാട്ടി.
പത്തു വർഷത്തിനിടയിൽ ആരോഗ്യമേഖലയ്ക്കായി കേന്ദ്രസർക്കാർ കേരളത്തിന് ഏകദേശം 70,000 കോടി രൂപ അനുവദിച്ചു. ഈ ഫണ്ട് സംസ്ഥാന സർക്കാർ ദുരുപയോഗം ചെയ്യുകയോ ഉപയോഗിക്കാതെ നഷ്ടപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. സാധാരണക്കാർക്ക് കേന്ദ്രം നടപ്പാക്കുന്ന പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് പദ്ധതി സംസ്ഥാന സർക്കാർ അട്ടിമറിക്കുകയാണെന്നും രാജീവ് കുറ്റപ്പെടുത്തി.