"ജനകോടികളുടെ വിശ്വസ്ത സ്ഥാപനം'; അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു
Monday, October 3, 2022 7:11 AM IST
ദുബായി: പ്രമുഖ വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയർമാനുമായ എം.എം. രാമചന്ദ്രന് (അറ്റ്ലസ് രാമചന്ദ്രൻ-80) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. രണ്ടു ദിവസമായി ദുബായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വൈശാലി ഉള്‍പ്പെടെ ഒട്ടേറെ മികച്ച സിനിമകളുടെ നിര്‍മ്മാതാവായിരുന്നു അറ്റ്ലസ് രാമചന്ദ്രൻ.
ബിസിനസിന്റെ പല മേഖലകളിലേക്ക് വിജയകരമായി പടർന്നു പന്തലിച്ച രാമചന്ദ്രൻ വളരെ വേഗമാണ് ഗൾഫിലെ പ്രമുഖ മലയാളികളുടെ മുൻനിരയിലേക്ക് ഉയർന്നത്. അറ്റ്ലസിന്റെ പരസ്യങ്ങളില്‍ മോഡലായി എത്തിയാണ് രാമചന്ദ്രന് ജനകീയനായത്. "ജനകോടികളുടെ വിശ്വസ്തസ്ഥാപനം' എന്ന പരസ്യവാക്യത്തിലൂടെ അദ്ദേഹം നാട്ടിലും പ്രശസ്തി നേടി.
സിനിമാ നിര്‍മാതാവ്, നടന്, സാംസ്കാരിക പ്രവര്ത്തകന് എന്നീ നിലകളിലെല്ലാം ശോഭിച്ചു. വൈശാലി, വാസ്തുഹാര, ധനം, സുകൃതം, തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചു. അറബിക്കഥ, മലബാർ വെഡിംഗ്, 2 ഹരിഹർ നഗർ തുടങ്ങി ഏതാനും സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. സാമ്പത്തിക കുറ്റകൃത്യ ആരോപണത്തിന്റെ പേരിൽ 2015ൽ ദുബായിൽ തടവിലായ അദ്ദേഹം 2018 ജൂണിലാണു മോചിതനായത്.
അറ്റ്ലസ് വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാനുള്ള ശ്രമിച്ചെങ്കിലും പക്ഷെ നല്ല പങ്കാളികളെ കിട്ടാത്തതിനാല്‍ ആ ശ്രമം വിജയം കണ്ടില്ല. തൃശൂർ മുല്ലശ്ശേരി മധുക്കര സ്വദേശിയായ അദ്ദേഹം ബാങ്ക് ജീവനക്കാരനായാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത്. ഹെൽത്ത്കെയർ, റിയൽ എസ്റ്റേറ്റ്, ചലച്ചിത്ര നിർമാണ മേഖലകളിലും നിക്ഷേപം നടത്തി.
ഭാര്യ : ഇന്ദിര, മക്കൾ: ഡോ.മഞ്ജു, ശ്രീകാന്ത്.