എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തക ദയാബായി നടത്തിവരുന്ന നിരാഹാര സമരം 16-ാം ദിവസത്തിലേക്ക്.

കഴിഞ്ഞ ദിവസം സമരസമിതിയുമായി മന്ത്രിമാര്‍ നടത്തിവന്ന ചര്‍ച്ചയ്ക്കൊടുവില്‍ ദയാബായി സമരം അവസാനിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ കരുതിയത്. എന്നാല്‍ മന്ത്രിതല ചര്‍ച്ചയിലെ തീരുമാനങ്ങള്‍ രേഖാമൂലം ഉറപ്പായി ലഭിക്കുന്നതുവരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ദയാബായി.

കൂടാതെ കാസര്‍ഗോഡ് ജില്ലയില്‍ എയിംസ് ആശുപത്രി എന്ന ആവശ്യത്തില്‍ അവര്‍ ഉറച്ചുനില്‍ക്കുകയാണ്. ജില്ലയില്‍ ആശുപത്രി സംവിധാനങ്ങള്‍ പരിമിതമാണെന്നും ലോക്ഡൗണ്‍ കാലം ചികിത്സകിട്ടാതെ ഇരുപതോളംപേര്‍ മരിച്ചെന്നും ദയാബായി ചൂണ്ടിക്കാട്ടുന്നു.

ആരോഗ്യനില മോശമായത്തിനെത്തുടര്‍ന്ന് ആശുപത്രിയിലാണവര്‍. സമരം നീട്ടി കൊണ്ട് പോകുന്നതിനോട് സര്‍ക്കാരിനും യോജിപ്പില്ല. എയിംസ് ആവശ്യം ഒഴികെ മന്ത്രിതല ചര്‍ച്ചയില്‍ സമരസമിതിക്ക് നല്‍കിയ ഉറപ്പുകള്‍ തിങ്കളാഴ്ച ഉത്തരവായി ഇറങ്ങിയേക്കും.