സിലബസ് പരിഷ്കരണം: ജനാധിപത്യത്തിന്റെ വെല്ലുവിളിയും ആവർത്തന പട്ടികയും പുറത്ത്
Thursday, June 1, 2023 10:20 PM IST
ന്യൂഡൽഹി: പത്താം ക്ലാസ് എൻസിആർടി വിദ്യാർഥികളുടെ പാഠപുസ്തകത്തിൽ നിന്നും ജനാധിപത്യത്തിന്റെ വെല്ലുവിളി, ആവർത്തന പട്ടിക (പീരിയോഡിക് ടേബിൾ) ഉൾപെടെയുള്ള പാഠഭാഗങ്ങൾ പുറത്ത്. വിദ്യാർഥികളുടെ പഠന ഭാരം ലഘൂകരിക്കുന്നതിനാണെന്നാണ് വിശദീകരണം.
പത്താം ക്ലാസ് എൻസിആർടി വിദ്യാർഥികളുടെ ശാസ്ത്ര പുസ്തകത്തിലെ പീരിയോഡിക് ക്ലാസിഫിക്കേഷൻ ഓഫ് എലമെന്റ്സ്, സോഴ്സസ് ഓഫ് എനർജി, സസ്റ്റയിനബിൾ മാനേജ്മെന്റ് ഓഫ് നാച്ചുറൽ റിസോഴ്സസ് എന്നീ പാഠഭാഗങ്ങളും പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിൽ നിന്നും പോപ്പുലർ സ്ട്രഗിൾസ് ആൻഡ് മൂവ്മെന്റ്സ്, പൊളിറ്റിക്കൽ പാർട്ടീസ്, ചലഞ്ചസ് ടു ഡെമോക്രസി എന്നിങ്ങനെയുള്ള പാഠഭാഗങ്ങളുമാണ് നീക്കിയത്.
എൻസിആർടി ഹയർ സെക്കൻഡറി പാഠപുസ്തകങ്ങളിൽ നിന്നും മുഗൾ ചരിത്രം, പരിണാമ സിദ്ധാന്തം തുടങ്ങിയ പാഠഭാഗങ്ങൾ ഒഴിവാക്കിയ എൻസിആർടിയുടെ നടപടി വിവാദമായിരുന്നു. സ്വാതന്ത്യാനാന്തര ഇന്ത്യയിലെ കോണ്‍ഗ്രസ് പാർട്ടിയുടെ അപ്രമാദിത്വത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഇറാ ഓഫ് വണ്‍ പാർട്ടി ഡൊമിനൻസ് ഉൾപെടെയുള്ള പാഠഭാഗങ്ങൾ എൻസിആർടി നീക്കം ചെയ്തിരുന്നു.
ആർഎസ്എസ്-ബിജെപി പ്രത്യയ ശാസ്ത്രങ്ങൾക്ക് ഇണങ്ങാത്ത പാഠഭാഗങ്ങളാണ് എൻസിആർടി യഥേഷ്ടം പുസ്തകങ്ങളിൽ നിന്നും ഒഴിവാക്കുന്നതെന്ന് ജയ്റാം രമേശ് ഉൾപെടെയുള്ള മുതിർന്ന കോണ്‍ഗ്രസ് നേതാക്കൾ വിമർശിച്ചിരുന്നു.