മണിപ്പൂർ കലാപം അവസാനിപ്പിക്കണം, ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണം: യൂറോപ്യൻ പാർലമെന്റ്
Thursday, July 13, 2023 10:50 PM IST
പാരീസ്: ഫ്രാൻസ് സന്ദർശനത്തിനായി പാരീസിൽ എത്തുന്നതിനു തൊട്ടുമുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറ്റൊരു ഫ്രഞ്ച് നഗരത്തിൽനിന്ന് തിരിച്ചടി. മണിപ്പൂരിലെ അക്രമങ്ങൾ തടയാനും മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനും സർക്കാർ നടപടി സ്വീകരിക്കണമെന്ന് സ്ട്രാസ്ബർഗിൽ ചേർന്ന യൂറോപ്യൻ പാർലമെന്റ് (ഇപി) ആവശ്യപ്പെട്ടു.
ബുധനാഴ്ച വൈകുന്നേരത്തെ ചർച്ചയ്ക്ക് ശേഷം വ്യാഴാഴ്ച ഇപി പ്രമേയം പാസാക്കി. മണിപ്പൂർ വിഷയം രാജ്യത്തിന്റെ ആഭ്യന്തര വിഷയമാണെന്ന് ബുധനാഴ്ച ഇന്ത്യ പ്രതികരിച്ചിരുന്നു.
മണിപ്പൂർ തികച്ചും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്ര പറഞ്ഞു. യൂറോപ്യൻ യൂണിയൻ പാർലമെന്റിൽ എന്താണ് സംഭവിക്കുന്നതെന്ന് ഇന്ത്യൻ സർക്കാരിന് അറിയാമെന്നും ക്വത്ര കൂട്ടിച്ചേർത്തു.
മണിപ്പൂരിൽ ക്രിസ്ത്യൻ സമൂഹം ഉൾപ്പെടെ എല്ലാ മതന്യൂനപക്ഷങ്ങളെയും സംരക്ഷിക്കുകയും സംഘർഷം തടയുകയും വേണമെന്ന് പ്രമേയത്തിൽ പറയുന്നു
മാധ്യമപ്രവർത്തകർക്കും അന്താരാഷ്ട്ര നിരീക്ഷകർക്കും പ്രദേശത്തേക്ക് പ്രവേശനം അനുവദിക്കാനും ഇന്റർനെറ്റ് സേവനം പുനസ്ഥാപിക്കാനും പ്രമേയം സർക്കാരിനോട് ആവശ്യപ്പെട്ടു.
നിയമവിരുദ്ധമായ സായുധ സേനയുടെ പ്രത്യേക അധികാരം പിൻവലിക്കാനും ഇപി പ്രമേയം സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.