ന്യൂഡല്‍ഹി: വാര്‍ത്താസമ്മേളനം വിളിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന് വക്കീല്‍ നോട്ടീസയച്ച് ഡല്‍ഹിയിലെ നിയമസ്ഥാപനം.

മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്‌ക്കെതിരേ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പുറമേയാണ് അദ്ദേഹം ഉള്‍പ്പെട്ട കെഎംഎന്‍പി എന്ന നിയമസ്ഥാപനത്തിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന ആക്ഷേപവും മോഹനന്‍ ഉന്നയിച്ചത്.

മോഹനന്‍ ഈ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും ഏഴ് ദിവസത്തിനകം രണ്ടര കോടി രൂപ മാനനഷ്ടമായി നല്‍കണണെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് രണ്ടും ചെയ്യാത്ത പക്ഷം ഡല്‍ഹി ഹൈക്കോടതിയില്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുമെന്നും നോട്ടീസിലുണ്ട്.

ഓഗസ്റ്റ് 15ന് കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സി.എന്‍ മോഹനന്‍ ആരോപണം ഉന്നയിച്ചത്. മാത്യു കുഴല്‍നാടന്‍ പങ്കാളിയായ കെഎംഎന്‍പി ലോ എന്ന നിയമസ്ഥാപനത്തിന് കൊച്ചി, ഡല്‍ഹി, ഗോഹട്ടി, ബംഗളൂരു എന്നിവിടങ്ങളില്‍ ഓഫീസുകളുണ്ടെന്നും ഇതു വഴി കള്ളപ്പണം വെളുപ്പിക്കല്‍ നടന്നുവെന്നുമാണ് അദ്ദേഹം ആരോപിച്ചത്.

കെഎംഎന്‍പി ലോയ്ക്ക് ദുബായില്‍ ഓഫീസില്ലെന്നും വക്കീല്‍ നോട്ടിസില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥാപനം വഴി കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന ആരോപണം വന്നത് മാനഷ്ടത്തിനും ധനനഷ്ടത്തിനും ഇടയാക്കിയെന്നും നോട്ടീസിലുണ്ട്.