നാല് വയസുകാരിക്ക് വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജില്‍ വീണ്ടും ചികിത്സാപിഴവ്
Thursday, May 16, 2024 11:56 AM IST
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ നടത്തിയെന്ന് പരാതി. കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്.
കോഴിക്കോട് ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിനിയായ ആയിഷ റുവയ്ക്കാണ് ശസ്ത്രക്രിയ മാറി ചെയ്തത്. ഇന്ന് രാവിലെയാണ് സംഭവം.
കൈയിലെ ആറാംവിരല്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയാണ് കുട്ടിക്ക് നടത്തേണ്ടിയിരുന്നത്. ഇതിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു.
പ്രതിഷേധമുണ്ടായതോടെ അരമണിക്കൂറിനുള്ളില്‍ മറ്റൊരു ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ ആറാം വിരല്‍ നീക്കം ചെയ്തു. സംഭവത്തില്‍ ഡോക്ടര്‍ മാപ്പ് പറഞ്ഞെന്ന് കുട്ടിയുടെ കുടുംബം പ്രതികരിച്ചു.
അതേസമയം, കുട്ടിയുടെ നാവിനും തടസം ഉണ്ടായിരുന്നെന്നാണ് മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ വിശദീകരണം. ഇക്കാര്യം നേരത്തെ കണ്ടെത്തിയിരുന്നോ എന്ന് വ്യക്തമല്ല.
നേരത്തേ ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിന എന്ന സ്ത്രീ ഇപ്പോഴും നീതിക്കായി പോരാട്ടം തുടരുന്നതിനിടെയാണ് മെഡിക്കല്‍ കോളജിനെതിരേ വീണ്ടും പരാതി ഉയരുന്നത്.