മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ്; ശസ്ത്രക്രിയ കുടുംബത്തിന്റെ അനുമതിയോടെയല്ലെന്ന് ഡോക്ടർ
Thursday, May 16, 2024 3:56 PM IST
കോഴിക്കോട്: നാല് വയസുകാരിയുടെ ആറാം വിരല്‍ നീക്കം ചെയ്യേണ്ടതിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ വീഴ്ച സംഭവിച്ചതായി ഡോക്ടർ. ശസ്ത്രക്രിയ നടത്തിയ ഡോക്ടർ സൂപ്രണ്ടിന് എഴുതിയ നോട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശസ്ത്രക്രിയ കുടുംബത്തിന്റെ അനുമതിയോടെയല്ല നടത്തിയത് എന്ന രേഖയാണ് പുറത്തുവന്നത്.
ശസ്ത്രക്രിയ കൊണ്ട് മറ്റു പ്രശ്നങ്ങൾ ഉണ്ടാകില്ല എന്നും ഡോക്ടറുടെ കുറിപ്പിൽ പറയുന്നു. കോഴിക്കോട് ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിനിയായ ആയിഷ റുവയ്ക്കാണ് ശസ്ത്രക്രിയ മാറി ചെയ്തത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെയാണ് സംഭവം.
കൈയിലെ ആറാംവിരല്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയാണ് കുട്ടിക്ക് നടത്തേണ്ടിയിരുന്നത്. ഇതിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു.
പ്രതിഷേധമുണ്ടായതോടെ അരമണിക്കൂറിനുള്ളില്‍ മറ്റൊരു ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ ആറാം വിരല്‍ നീക്കം ചെയ്തു. സംഭവത്തില്‍ ഡോക്ടര്‍ മാപ്പ് പറഞ്ഞെന്ന് കുട്ടിയുടെ കുടുംബം പ്രതികരിച്ചു.
അതേസമയം, കുട്ടിയുടെ നാവിനും തടസം ഉണ്ടായിരുന്നെന്നാണ് മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ വിശദീകരണം. ഇക്കാര്യം നേരത്തെ കണ്ടെത്തിയിരുന്നോ എന്ന് വ്യക്തമല്ല.