ഏകദിനത്തിലും ടി20യിലും ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യ; ടെസ്റ്റിൽ നാലാമതായി
Monday, May 5, 2025 4:48 PM IST
ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റിലെ പുതിയ റാങ്കിംഗുകൾ പുറത്തുവിട്ട് ഐസിസി. ഏകദിന, ടി20, ടെസ്റ്റ് ഫോർമാറ്റുകളിലെ റാങ്കിംഗ് പുറത്തുവിട്ടു.
വൈറ്റ് ബോൾ ഫോർമാറ്റുകളായ ഏകദിനത്തിലും ടി20യിലും ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തി. ഈ വർഷം നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ കീരിടം സ്വന്തമാക്കാനായതാണ് ഇന്ത്യയ്ക്ക് ഏകദിനത്തിൽ ഒന്നാം സ്ഥാനം നിലനിർത്താൻ സഹായകമായത്.
ഇംഗ്ലണ്ടിനെതിരായ പരന്പരയടക്കം നേടാൻ സാധിച്ചതാണ് ടി20 യിൽ ഒന്നാം സ്ഥാനം നിലനിർത്താൻ ഇന്ത്യയെ സഹായിച്ചത്. എന്നാൽ ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യ നാലാം സ്ഥാനത്തേക്ക് വീണു.
ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവയ്ക്ക് പിന്നിലാണ് ഇന്ത്യ ഇപ്പോൾ. തുടർച്ചയായ രണ്ട് ടെസ്റ്റ് പരമ്പരകളിലെ തോൽവിയാണ് ഇതിന് കാരണം. ന്യൂസിലാൻഡിനോട് സ്വന്തം നാട്ടിൽ നേരിട്ട 3-0 ന്റെ വൈറ്റ് വാഷും, പിന്നാലെ ഓസ്ട്രേലിയക്കെതിരായ 3-1 ന്റെ തോൽവിയും, 2017 ന് ശേഷം ആദ്യമായി ബോർഡർ-ഗവാസ്കർ ട്രോഫി നഷ്ടപ്പെട്ടതും ഇന്ത്യക്ക് തിരിച്ചടിയായി.