കണ്ണൂരിൽ കോണ്‍ഗ്രസ് ഓഫീസിനുനേരേ വീണ്ടും ആക്രമണം; കൊടിമരവും ജനല്‍ച്ചില്ലുകളും അടിച്ചുതകര്‍ത്തു
Saturday, May 17, 2025 11:53 AM IST
പരിയാരം: കണ്ണൂർ കടന്നപ്പള്ളി പുത്തൂര്‍ക്കുന്നില്‍ കോണ്‍ഗ്രസ് ഓഫീസായ ഇന്ദിരാഭവനുനേരേ ആക്രമണം. കൊടിമരവും ജനല്‍ച്ചില്ലുകളും ഒരു സംഘം അടിച്ചുതകര്‍ത്തു. ഇന്ന് രാവിലെയാണ് അക്രമം നടന്നതായി പ്രവര്‍ത്തകരുടെ ശ്രദ്ധയിൽപ്പെട്ടത്.
മതില്കെട്ടിനകത്ത് കയറിയാണ് ഓഫീസിന് മുന്നിലെ കൊടിമരവും ജനല്‍ചില്ലുകളും തകര്‍ത്തത്. അക്രമത്തിന് പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു.
നേരത്തെയും ഈ ഓഫീസിനുനേരെ ആക്രമം നടന്നിരുന്നു. കടന്നപ്പള്ളി മണ്ഡലം പ്രസിഡന്റ് രാജേഷ് മല്ലപ്പള്ളിയുടെ പരാതിയില്‍ പരിയാരം പോലീസ് കേസെടുത്തു. വ്യാഴാഴ്ച തളിപ്പറമ്പിലെ കോൺഗ്രസ് നേതാവ് ഇർഷാദിന്റെ വീടിനുനേരേ ആക്രമണം നടന്നിരുന്നു. സംഭവത്തിൽ ഏഴ് സിപിഎം പ്രവർത്തകർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. മലപ്പട്ടത്തെ സംഘർഷത്തിന്റെ തുടർച്ചയായാണ് തളിപ്പറന്പിലും അക്രമം നടന്നത്.