ഗാസയിലെ വെടിനിർത്തൽ; ചർച്ചയ്ക്ക് തയാറെന്ന് ഹമാസ്
Saturday, July 5, 2025 6:04 AM IST
ജറുസലേം: ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് അനുകൂല നിലപാടുമായി ഹമാസ്. വെടിനിർത്തൽ സംബന്ധിച്ചുള്ള ചർച്ചയ്ക്ക് തങ്ങൾ തയാറാണെന്ന് മധ്യസ്ഥ ചർച്ചകളിൽ പങ്കാളികളായ ഈജിപ്തിനെയും ഖത്തറിനെയും ഹമാസ് അറിയിച്ചതായാണ് റിപ്പോർട്ട്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശമാണ് ഹമാസ് അംഗീകരിക്കുന്നത്. 60 ദിവസത്തെ വെടിനിർത്തൽ ഇസ്രയേൽ അംഗീകരിച്ചെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ അതിനുശേഷവും ഗാസയിൽ ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു.
വെടിനിർത്തൽ സമയത്ത് എല്ലാവരുമായി ചർച്ചനടത്തുമെന്നും ഗാസയിൽ ശാശ്വത സമാധാനം സ്ഥാപിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ചർച്ചയ്ക്ക് ഹമാസ് അനുകൂല നിലപാട് സ്വീകരിച്ചതോടെ ഖത്തറിന്റെയും ഈജിപ്തിന്റെയും പ്രതിനിധികൾ ട്രംപുമായി ചർച്ച നടത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.