അഹമ്മദാബാദ് വിമാനദുരന്തം; ആറ് മൃതദേഹഭാഗങ്ങൾ കൂടി ബന്ധുക്കൾക്കു കൈമാറി
Saturday, July 5, 2025 7:16 AM IST
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്ന് കൊല്ലപ്പെട്ട ആറുപേരുടെ മൃതദേഹഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്കുശേഷം ബന്ധുക്കൾക്കു കൈമാറി. ജൂൺ 12നുണ്ടായ അപകടത്തിൽ 260 പേർ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കുകളെന്ന് അഹമ്മദാബാദ് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.രാകേഷ് ജോഷി പറഞ്ഞു.
വിമാനം തകർന്നുവീണുണ്ടായ സ്ഫോടനത്തിൽ പലരുടെയും മൃതദേഹഭാഗങ്ങൾ ചിന്നിച്ചിതറിയിരുന്നു. ശരീരഭാഗങ്ങൾ ഇനിയും ലഭിച്ചേക്കാമെന്ന് കുടുംബാംഗങ്ങളോടു നേരത്തെ പറഞ്ഞിരുന്നുവെന്നാണ് ഡോ.രാകേഷ് ജോഷി പറയുന്നത്.
ഭൂരിഭാഗം പേരുടെയും അന്ത്യകർമങ്ങൾ പൂർത്തിയായിരുന്നു. എന്നാൽ ഇനിയും മൃതദേഹഭാഗങ്ങൾ ലഭിച്ചാൽ അറിയിക്കണമെന്ന് 16 കുടുംബങ്ങൾ ആവശ്യപ്പെട്ടിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു.
ലണ്ടനിലേക്കു പറന്ന എയർ ഇന്ത്യ വിമാനമാണ് അഹമ്മദാബാദ് വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന് സെക്കൻഡുകൾക്കുള്ളിൽ തൊട്ടടുത്ത മെഡിക്കൽ കോളജ് ഹോസ്റ്റലിനു മുന്നിൽ തകർന്നുവീണത്.
വിമാനത്തിലുണ്ടായിരുന്ന 241 പേരുൾപ്പെടെ 260 പേർ അപകടത്തിൽ കൊല്ലപ്പെട്ടു. ഒരു യാത്രക്കാരൻമാത്രം അദ്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.