ബിന്ദുവിന്റെ മരണത്തിന് ഉത്തരവാദി സര്‍ക്കാര്‍; ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് സതീശന്
Saturday, July 5, 2025 12:17 PM IST
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് അപകടത്തില്‍ സ്ത്രീ മരിച്ച സംഭവത്തിന് ഉത്തരവാദി സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് പകരം രണ്ട് മന്ത്രിമാരാണ് അവിടെ വന്ന് പ്രസംഗിച്ചതെന്ന് സതീശന് വിമര്‍ശിച്ചു.
അത് അടച്ചിട്ട കെട്ടിടമാണെന്ന് മന്ത്രിമാര്‍ പറഞ്ഞതാണ് രക്ഷാപ്രവര്‍ത്തനം നടക്കാതെ പോയതിന് കാരണം. പിന്നീട് ചാണ്ടി ഉമ്മന്‍ എംഎല്‍എ വന്ന് ബഹളം വച്ചതിന് ശേഷമാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്.
സര്‍ക്കാര്‍ തക്കസമയത്ത് ഇടപെട്ടില്ല. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
ആരോഗ്യമേഖല ആകെ സ്തംഭിച്ച അവസ്ഥയിലാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല. മെഡിക്കല്‍ കോളജുകള്‍ അടക്കമുള്ളിടത്ത് ശസ്ത്രക്രിയ ഉപകരണങ്ങള്‍ ഇല്ല. ആരോഗ്യമേഖലയിലെ അഴിമതികള്‍ തങ്ങള്‍ പുറത്തുകൊണ്ടുവരുമെന്നും സതീശൻ പറഞ്ഞു.