ഇരുപതിനായിരം കുടുംബങ്ങൾക്കു പുഞ്ചിരി സമ്മാനിക്കുക, എത്ര സന്തോഷകരമായ കാര്യമാണിത്. ഒരു കുടുംബത്തിലേക്ക് ഒരു കുഞ്ഞ് വന്നാൽ അവിടത്തെ അന്തരീക്ഷംതന്നെ മാറും. ഗൈനക്കോളജി ഡോക്ടർ എന്ന നിലയിൽ കാൽ നൂറ്റാണ്ടിലേക്കു ചുവടുവയ്ക്കുന്ന ഡോ. റെജി ദിവാകർ നടക്കുന്ന വേറിട്ട വഴികൾ...
2025 ജനുവരി 15, ഡോ. റെജി ദിവാകർ ആ ദിനം മറക്കില്ല. "ഡോക്ടർ എങ്ങനെയെങ്കിലും അവളുടെ ജീവൻ രക്ഷിക്കണം... എന്തു വേണമെങ്കിലും ഞങ്ങൾ ചെയ്യാം... എത്ര പണം വേണമെങ്കിലും മുടക്കാം...'മാസങ്ങൾ പലതു കഴിഞ്ഞിട്ടും ഡോ. റെജി ദിവാകറിന്റെ കാതിൽ മുഴങ്ങുന്ന ശബ്ദമാണിത്. നെഞ്ചു തകർന്നുള്ള ഒരു കുടുംബത്തിന്റെ വിലാപം.
കുഞ്ഞ് ഉദരത്തിൽ വളരാൻ തുടങ്ങിയിട്ട് 33 ആഴ്ചകൾ പിന്നിട്ടിരുന്നു. അതുവരെയും മുപ്പതുകാരിയായ ജിൻസുവിനു കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഏതൊരു സാധാരണ പ്രസവം പോലെ തന്നെയാവും ഇതെന്നു ഡോക്ടർമാരും വീട്ടുകാരും എല്ലാവരും കരുതി.
അങ്ങനെയിരിക്കെ ഒരു ദിവസം ചെറിയ വേദനയും അസ്വസ്ഥതകളും. പതിവായി കാണിച്ചുകൊണ്ടിരുന്ന ആശുപത്രിയിലേക്കു പോയി. വലിയ ആശങ്കകൾ ഒന്നുമില്ലാതെ ആശുപത്രിയിലേക്കു ചെന്ന കുടുംബത്തിന്റെ സർവസന്തോഷവും ഏതാനും മണിക്കൂർ കഴിഞ്ഞപ്പോൾ ജീവഭയമായി പരിണമിച്ചു.
ജീവൻ കൈയിൽ പിടിച്ച്
നോക്കിനിൽക്കവേ കോട്ടയം എയ്ഞ്ചൽവാലി സ്വദേശിനി ജിൻസുവിന്റെ ആരോഗ്യനില തകിടം മറിഞ്ഞു.
ബിപി അതിവേഗം ഉയർന്ന് ഹെൽപ് സിൻഡ്രോം(HELLP Syndrome) എന്ന അവസ്ഥയിലെത്തി. കിഡ്നി അടക്കമുള്ള ആന്തരികാവയവങ്ങളുടെയൊക്കെ പ്രവർത്തനം താറുമാറാകുന്ന സങ്കീർണമായ സ്ഥിതി. അത്യപൂർവമായി ഗർഭിണികളിൽ കാണപ്പെടുന്ന പ്രതിഭാസം.
അമ്മയുടെയും കുട്ടിയുടെയും ജീവനുതന്നെ ഭീഷണിയാകുന്ന സാഹചര്യം. കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്കു മാറ്റുന്നതാവും നല്ലതെന്നു ഡോക്ടർ പറഞ്ഞത് ഒരു ഇടിമിന്നൽ പതിച്ചതുപോലെയാണ് ജിൻസുവിന്റെ കുടുംബത്തിന്റെ കാതുകളിലേക്കു വീണത്. പിന്നെ ജീവൻ കൈയിൽപിടിച്ച് ഒരു പരക്കംപാച്ചിലായിരുന്നു.
കോട്ടയം കാരിത്താസ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. റെജി ദിവാകറിനു മുന്നിൽ അവസാന പ്രതീക്ഷയെന്നപോലെ നിൽക്കുകയാണവർ. ജിൻസുവിനെ പരിശോധിച്ച ഡോക്ടർ റെജി അവരെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയാതെ കുഴങ്ങി. കിഡ്നി, കരൾ തുടങ്ങി ഏതാണ്ട് എല്ലാ പ്രധാന അവയവങ്ങളുംതന്നെ തകരാറിലായിരിക്കുന്നു.
ഒരു മാസം നീണ്ട പോരാട്ടം
ഒരു ജീവനല്ല രണ്ടു ജീവനാണ് തനിക്കു മുന്നിൽ തുലാസിലാടുന്നതെന്ന ബോധ്യം ഡോക്ടർക്കും അല്പം ടെൻഷൻ പകർന്നു.
മറ്റു ഡിപ്പാർട്ട്മെന്റുകളിലെ ഡോക്ടർമാരും കുതിച്ചെത്തി. ഇത്രയും സങ്കീർണമായ അവസ്ഥയിൽ മാസം തികയാത്ത കുഞ്ഞിനെ സിസേറിയൻ ചെയ്തു പുറത്തെടുക്കുക എന്നത് അതിസാഹസികമായിരുന്നു. പക്ഷേ, മുന്നിൽ മറ്റു വഴികളില്ല. പ്രാർഥനയോടെയാണ് ഡോ. റെജി ദിവാകർ ശസ്ത്രക്രിയ മേശയ്ക്കരികിലേക്കു നടന്നത്.
എവിടുന്നോ കൈവന്ന ഒരു ആത്മവിശ്വാസം... ആശങ്കയുടെ നിമിഷങ്ങൾക്കൊടുവിൽ ആ രാത്രിതന്നെ കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്തു. പ്രത്യേക പരിചരണത്തിലേക്കു മാറ്റി. അമ്മയുടെ ജീവൻ രക്ഷിച്ചെടുക്കാൻ കഴിയുമോയെന്ന് ആർക്കും ഉറപ്പില്ലാത്ത അവസ്ഥ. പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ച് ജിൻസുവിനു ചികിത്സ തുടങ്ങി. വെന്റിലേറ്ററിലും ഐസിയുവിലുമായി നീണ്ട ഒരു മാസം.
ബോധമില്ലാത്ത അവസ്ഥയിൽ ഐസിയു ആംബുലൻസിൽ ആശുപത്രിയിലേക്ക് എത്തിയ ജിൻസു ചിരിച്ചുല്ലസിച്ച് പൂർണ ആരോഗ്യത്തോടെയുള്ള കുഞ്ഞുമായി ഒടുവിൽ കാരിത്താസ് ആശുപത്രിയുടെ പടികളിറങ്ങി. പോകാൻ നേരം നന്ദി പറയാൻ ഡോ. റെജി ദിവാകറിനു മുന്നിലെത്തുന്പോൾ ജിൻസുവിന്റെ കണ്ണുനിറഞ്ഞിരുന്നു, അവളുടെ മാത്രമല്ല കുടുംബാംഗങ്ങളുടെയും.
വിലപ്പെട്ട നിമിഷങ്ങൾ
ഒരു ഡോക്ടർ എന്ന നിലയിലെ ഏറ്റവും വലിയ സന്പാദ്യം പണമോ പ്രശസ്തിയോ വലിയ അംഗീകാരങ്ങളോ എന്നതിലുപരി ഇത്തരം നിമിഷങ്ങളാണ് റെജി ദിവാകർ പറയുന്നു. തുടർന്ന് അദ്ദേഹം തന്റെ സ്വീകരണമുറിയുടെ ഒരു വശത്തേക്കു കണ്ണു പായിച്ചു.
ലാമിനേറ്റ് ചെയ്ത ചിത്രങ്ങൾ, ഫോട്ടോകൾ, ഡോക്ടറുടെതന്നെ വരച്ച ചിത്രങ്ങൾ, ഡോക്ടർ എഴുതിയ പുസ്തകത്തിന്റെ കവർ പകർത്തിയത്, കാർട്ടൂൺ വരകൾ... ചോദ്യഭാവത്തിൽ ഡോക്ടറുടെ മുഖത്തേക്കു നോക്കുന്പോൾ മറുപടി ഇങ്ങനെ: "ഇതെല്ലാം സ്നേഹമാണ്... ജീവിതത്തിലേക്ക് ഒരു കുഞ്ഞ് സുരക്ഷിതമായി എത്തിയതിന്റെ ആഹ്ലാദത്തിന് പലരും സമ്മാനിച്ചവ.'
വീട്ടിൽ എല്ലാവർക്കും എപ്പോഴും കാണാവുന്ന രീതിയിലാണ് അവയുടെ ഇടം.
അതിലൂടെ ഒന്നു കണ്ണോടിക്കാതെ ഒരു ദിവസവും കടന്നുപോകില്ല. അപ്പോൾ കിട്ടുന്ന സന്തോഷവും ഊർജവും... അതു വാക്കുകൾക്ക് അപ്പുറമാണ്. മറ്റെല്ലാ ഡോക്ടർമാരും ഒരു കേസിൽ ഒരു രോഗിയുടെ കാര്യം ഏറ്റെടുന്പോൾ ഗൈനക്കോളജിസ്റ്റ് ഏറ്റെടുക്കുന്നതു രണ്ട് ജീവനാണ്. അതു സുരക്ഷിതമായി തിരികെ ഏല്പിക്കുന്പോഴാണ് കുടുംബങ്ങളിൽ പുഞ്ചിരി വിരിയുന്നത്.
24 വർഷം നീണ്ട പ്രഫഷണൽ ജീവിതത്തിൽ കേരളത്തിലെ ഇരുപതിനായിരത്തോളം കുടുംബങ്ങളിൽ പുഞ്ചിരി സമ്മാനിക്കാൻ കഴിഞ്ഞതു ഭാഗ്യമായി കരുതുന്നെന്ന് മധ്യകേരളത്തിലെ ഏറ്റവും തിരക്കുള്ള ഗൈനക്കോളജിസ്റ്റുകളിൽ ഒരാളായ ഡോ. റെജി പറയുന്നു. മാസം നൂറോളം കുഞ്ഞുങ്ങളാണ് ഈ കൈകളിലൂടെ ജനിച്ചു വീഴുന്നത്. വർഷം ശരാശരി 1,000- 1,200 കുഞ്ഞുങ്ങളെ അദ്ദേഹം പ്രിയപ്പെട്ടവരുടെ കൈകളിലേക്കു സമ്മാനിക്കുന്നു.
കണ്ണിലെ തിളക്കം
ആകാംക്ഷയോടെ കാത്തുനിൽക്കുന്ന പിതാവിന്റെയോ പ്രിയപ്പെട്ടവരുടെയോ കൈകളിലേക്ക് പതുപതുത്ത തുണിയിൽ പൊതിഞ്ഞ് കുഞ്ഞുവാവയെ വച്ചുകൊടുക്കുമ്പോൾ അവരുടെ കണ്ണുകളിൽ കാണുന്ന തിളക്കം... അതൊരു ആവേശമാണ്.
ഗൈനക്കോളജിയിൽ കാൽനൂറ്റാണ്ടിലേക്കു പദമൂന്നുന്ന ഡോ. റെജി ദിവാകർ തിരക്കേറിയ പ്രഫഷണൽ ജീവിതത്തിനിടയിലും സമൂഹത്തിനു പ്രയോജനമായ പല കാര്യങ്ങളിലും സജീവം.
പ്രസവം സംബന്ധിച്ചും കുട്ടികളുടെ ജനനം സംബന്ധിച്ചും തെറ്റായ ധാരണകൾ തിരുത്താൻ സോഷ്യൽ മീഡിയ വഴിയും മാധ്യമങ്ങൾ വഴിയും അദ്ദേഹം സമയം കണ്ടെത്തുന്നു. നാൾ നോക്കി കുട്ടികളെ ജനിപ്പിക്കണമെന്ന പലരുടെയും ആവശ്യത്തെയും പിടിവാശിയെയും തിരുത്താൻ ഡോക്ടർ ചെയ്ത വീഡിയോകളും കുറിപ്പുകളും ഏറെ ശ്രദ്ധ നേടിയിരുന്നു.
പലപ്പോഴും വനിതാ ഡോക്ടർമാരുടെ മേഖലയാണ് ഗൈനക്കോളജി. അവിടെ തിളങ്ങുന്നതിന്റെ മാജിക് എന്താണ്?
മാജിക് ഒന്നുമില്ല. ആത്മാർഥമായി, സ്നേഹത്തോടെ ജോലി ചെയ്യുക. നമ്മുടെ അടുത്തു ചികിത്സ തേടി വരുന്നതു തികച്ചും കംഫർട്ടബിൾ ആണെന്ന് അനുഭവപ്പെടുന്നതുകൊണ്ടാണ് കൂടുതൽ പേർ വരുന്നത്. വന്നവർ പറഞ്ഞാണ് മറ്റുള്ളവർ എത്തുന്നത്.
പ്രസവകാലം എന്നൊക്കെ പറയുന്നത് അവർ ഏറ്റവും കരുതൽ തേടുന്ന സമയാണ്. അതുകൊണ്ടുതന്നെ ഞാൻ നോക്കുന്ന എല്ലാവരുടെയും പ്രസവസമയത്തും തിയറ്ററിൽ ഉണ്ടായിരിക്കാൻ ഞാൻ കഴിവതും ശ്രദ്ധിക്കാറുണ്ട്. അത് അവർക്കും വലിയ ആത്മവിശ്വാസമാണ്.
കോട്ടയം നീണ്ടൂരിലെ ഗ്രാമീണ അന്തരീക്ഷത്തിൽനിന്നാണല്ലോ വരവ്?
ശരിയാണ്. നീണ്ടൂർ പീടികപ്പറന്പിൽ കുടുംബാംഗമാണ് ഞാൻ. അവിടത്തെ ഗവ. ഹൈസ്കൂളിലായിരുന്നു പഠനം. പ്രീഡിഗ്രി മാന്നാനം കെഇ സ്കൂളിൽ. എംബിബിഎസ് കോട്ടയം മെഡിക്കൽ കോളജിലും പിജിയും എംഡിയും കാലിക്കറ്റ് മെഡിക്കൽ കോളജിലുമായിരുന്നു. കാരിത്താസിൽ എത്തുന്നതിനു മുന്പ് ഏതാനും വർഷം ഷൊർണൂരിൽ ഒരാശുപത്രിയിൽ ജോലി ചെയ്തിട്ടുണ്ട്.
ഗർഭകാലം, പ്രസവം, കുട്ടികളുടെ ജനന ദിവസം ഇതിനെക്കുറിച്ചൊക്കെയുള്ള പല തെറ്റിദ്ധാരണകൾക്കെതിരേയും ഡോക്ടറുടെ പോരാട്ടം കാണാമല്ലോ?
ഇക്കാര്യങ്ങളിൽ നിരവധി തെറ്റിദ്ധാരണകളും കെട്ടുകഥകളുമൊക്കെ നമ്മുടെ നാട്ടിലുണ്ട്. അപസ്മാരത്തിനു മരുന്നു കഴിക്കുന്നവർക്കു കുട്ടികൾ ജനിക്കില്ല എന്നു പലരും പറഞ്ഞു കേൾക്കാറുണ്ട്. തികച്ചും തെറ്റാണ്. സാധാരണ ഒരു വ്യക്തിയെപ്പോലെതന്നെ അവർക്കും ഗർഭം ധരിക്കാനും പ്രസവിക്കാനും കഴിയും.
അതുപോലെ ഒന്നാണ് നാൾ നോക്കി പ്രസവിപ്പിക്കൽ. അമ്മയുടെയും കുട്ടിയുടെയും ജീവൻ അപകടാവസ്ഥയിലായി നിൽക്കുന്പോൾ പോലും ഇന്നു പ്രസവം വേണ്ട നാൾ കൊള്ളില്ല എന്നു പറയുന്നവരുണ്ട്. ഇങ്ങനെയുള്ളവരെയൊക്കെ ബോധവത്കരിക്കാനാണ് ശ്രമം.
ഡോക്ടർക്കു നിരവധി കോളുകൾ വരുന്നുണ്ടല്ലോ. ഒരു ഗൈനക്കോളജി ഡോക്ടറുടെ ജീവിതം എത്ര എളുപ്പമല്ലെന്നു തോന്നുന്നു?
ഇതിനോടു പാഷനും സമർപ്പണവും ഇല്ലെങ്കിൽ വലിയ ബുദ്ധിമുട്ടായി തോന്നും. ഏതു സമയത്തും പ്രസവം നടക്കാം. അപ്പോൾ ഡോക്ടർ അവിടെ ഉണ്ടാകണമെന്നാണ് ഗർഭിണിയുടെയും വീട്ടുകാരുടെയും ആവശ്യം. അതുകൊണ്ടു രാത്രിയും പകലുമില്ലാതെ ജോലി ചെയ്യാൻ തയാറാവണം.
ചിലപ്പോൾ സ്വകാര്യ ജീവിതത്തിലെ പല സന്തോഷങ്ങളും മാറ്റിവയ്ക്കേണ്ടിവരും. നീണ്ട യാത്ര പോകാനോ സമാധാനമായിരുന്ന് ഒരു സിനിമാ കാണാനോ കഴിഞ്ഞെന്നു വരില്ല. അതൊക്കെ ഉൾക്കൊണ്ട് ജീവിതത്തെ ക്രമീകരിക്കുന്നവരാണ് ഈ മേഖലയിൽ വിജയിക്കുന്നത്.
അതായത് ആശുപത്രിയും വീടും മാത്രമായ വിരസമായ ഒരു ജീവിതമാണ് ഒരു ഗൈനക്കോളജി ഡോക്ടറെ കാത്തിരിക്കുന്നതെന്നാണോ?
അങ്ങനെയല്ല. ജോലിതന്നെ ആസ്വദിച്ചു ചെയ്യുക. ജോലിക്കിടയിൽ വീണു കിട്ടുന്ന സമയങ്ങളിൽ മിക്കപ്പോഴും ഞാനും കുടുംബവും അടുത്ത് എവിടെയെങ്കിലും പോകാറുണ്ട്, ഭക്ഷണം ആസ്വദിക്കാറുണ്ട്.
കുറച്ചു ദിവസം ലീവ് എടുത്തു കുടുംബത്തോടൊപ്പം ചെലവഴിക്കാറുണ്ട്. മറ്റ് വിനോദങ്ങളുമുണ്ട്. ഇതൊക്കെ ശരിയായി ക്രമീകരിക്കേണ്ടതുണ്ടെന്നു മാത്രം.
തിരക്കിനിടയിലും യു ട്യൂബിലും എഴുത്തിലുമൊക്കെ സജീവമാണല്ലോ?
അലസമായി കളയാതിരുന്നാൽ നമുക്ക് എന്തിനും സമയമുണ്ട്. അഭിനയവും മറ്റും പണ്ടേ ഇഷ്ടമുണ്ട്. അതുകൊണ്ടാണ് റീൽസ് ഒക്കെ ചെയ്തു തുടങ്ങിയത്.
പലതിലും എന്റെ സഹപ്രവർത്തകരുമുണ്ട്. ജോലി സമ്മർദം കുറയ്ക്കാനും ഇതു പ്രയോജനപ്പെടും. കോവിഡ് കാലത്താണ് യു ട്യൂബ് സജീവമാക്കിയത്. പിന്നെ ഗൈനക്കോളജിയിലെ അനുഭവങ്ങൾ പുസ്തകമാക്കി, വിരലടയാളങ്ങൾ.
സ്വകാര്യ മേഖലയിലെ ഡോക്ടർമാർ പലരും ആശുപത്രികളിൽനിന്ന് ആശുപത്രികളിലേക്കു പറക്കുന്നവരാണ്. പക്ഷേ, ഡോക്ടർ 19 വർഷമായി കാരിത്താസിൽത്തന്നെയാണ്. ഈ കെമിസ്ട്രി..?
കാരിത്താസ് എന്ന പ്ലാറ്റ്ഫോം കിട്ടിയതുകൊണ്ടു മാത്രമാണ് ഞാൻ ഈ നിലയിൽ എത്തിയത്. അതിന്റെ കടപ്പാട് എനിക്കുണ്ട്. ഏതു പോസിറ്റീവ് കാര്യങ്ങളെയും നൂറു ശതമാനം പിന്തുണയ്ക്കുന്ന മാനേജ്മെന്റ് വലിയ പ്രചോദനമാണ്.
വന്ധ്യത ഇക്കാലത്തെ വലിയൊരു പ്രശ്നമാണല്ലോ?
വന്ധ്യത ചികിത്സയ്ക്കു നിരവധി പേർ എത്താറുണ്ട്. വൈകിയുള്ള വിവാഹം, ജീവിതശൈലി, ജോലി സമ്മർദം, മാനസിക സമ്മർദം ഇതൊക്കെ വന്ധ്യതയിലേക്കു നയിക്കാം. പ്രായം കൂടുന്തോറും പ്രസവവും റിസ്ക് ഉള്ളതാവും. അധികം വൈകാതെ വിവാഹം കഴിക്കുക, എത്രയും നേരത്തെ മക്കൾക്കു ജന്മം നൽകുക- ഇതാണ് യുവതലമുറയോടു പറയാനുള്ളത്.
കുടുംബം, മക്കൾ..
മനസിലാക്കി ഒപ്പം നിൽക്കുന്ന കുടുംബമാണ് നമ്മുടെ ശക്തി. ഭാര്യ ശോഭശ്രീയും ഡോക്ടറാണ്. ഇടമറുകിൽ സർക്കാർ ആശുപത്രിയിൽ. മകൻ റാം കേശവ് പ്ലസ് ടുവിലും മകൾ വൈഗ പത്താം ക്ലാസിലും പഠിക്കുന്നു. ഇവർക്കും സ്വപ്നം മെഡിക്കൽ രംഗം തന്നെയാണ്.