സഹ്യസാനു ശ്രുതിമീട്ടിയ കൈരളിയുടെ ഉണർത്തുപാട്ട്....
Sunday, September 3, 2017 10:31 PM IST
മലയാളക്കരയുടെ മഹിമയും ചാരുതയുമെല്ലാം നിറഞ്ഞുതുളുന്പുകയാണ് ഈ പാട്ടിൽ.... ഓണനാളുകളെത്തുന്പോഴും കേരളപ്പിറവിയടുക്കുന്പോഴും മലയാണ്മയെക്കുറിച്ച് അഭിമാനം നിറയുന്പോഴുമെല്ലാം ഓരോ മലയാളിയുടെയും നെഞ്ചകത്ത് അലയടിക്കുന്നുണ്ടാകും ഈ "കേരളഗീതം'

2001-ൽ വിനയന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ "കരുമാടിക്കുട്ടൻ' എന്ന ചിത്രത്തിന്‍റെ ടൈറ്റിൽ ഗാനമായാണ് "സഹ്യസാനുവിന്‍റെ' പിറവി. ടൈറ്റിൽ ഗാനങ്ങളുടെ അകന്പടിയോടെയുള്ള ചലച്ചിത്രങ്ങൾ മലയാളത്തിൽ പുതിയതല്ല. എന്നാൽ ചിത്രത്തിലേ മറ്റു ഗാനങ്ങളുടെ താളമേളക്കൊഴുപ്പിൽ ടൈറ്റിൽ ഗാനങ്ങൾ വേണ്ടത്ര ശ്രദ്ധ നേടാതെപോവുകയാണ് പതിവ്. അതേസമയം മറ്റുഗാനങ്ങളേക്കാളധികം പ്രശസ്തി നേടിയ ടൈറ്റിൽ ഗാനങ്ങളും മലയാള സിനിമാ ചരിത്രത്തിലുണ്ട്... ആ പാട്ടുകളുടെ നിരയിലാണ് കൈരളിയുടെ ചാരുത വർണിക്കുന്ന ഈ പാട്ടിന്‍റെ സ്ഥാനവും.സാധാരണക്കാർക്കു മുളിനടക്കാൻ കാന്പുള്ള എണ്ണമറ്റ മെലഡികൾ സമ്മാനിച്ച മോഹൻ സിതാരയാണ് കരുമാടിക്കുട്ടനിലെ ഗാനങ്ങൾക്കു സംഗീതം ഒരുക്കിയത്. കലാഭവൻമണി എന്ന പ്രതിഭയുടെ അഭിനയത്തികവ് പോലെതന്നെ ചിത്ത്രതിലേ ഏഴു ഗാനങ്ങളും സൂപ്പർ ഹിറ്റായിമാറുകയായിരുന്നു. എതു ഗാനമാണ് മെച്ചമെന്നു പറയുക കഠിനം. എന്നിരുന്നാലും ’സഹ്യസാനു ശ്രുതി മീട്ടിയ’ എന്ന ഈ ഗാനം സിനമയ്ക്കുമപ്പുറമുള്ള അസ്ഥിത്വം നേടിയെന്ന് ഏവർക്കും സമ്മതിക്കേണ്ടിവരും.

ഒരു ചലച്ചിത്ര ഗാനമെന്ന നിലയിലല്ല, ഈ ഗാനം മലയാളികൾ നെഞ്ചിലേറ്റിയത്. കേരളത്തനിമയുടെ ആഘോഷം അരങ്ങേറിയപ്പോഴെല്ലാം സംഗീത പശ്ചാത്തലമൊരുക്കാൻ മലയാളികൾ തെരഞ്ഞെടുത്തത് ഈ "അനൗദ്യോഗിക കേരള ഗീത'മായിരുന്നു. സ്കൂളുകളിലും കോളജുകളിലും കേരളനടനം നടത്തുന്പോഴും ദ്യശ്യമാധ്യമങ്ങളിൽ കേരളീയ ആഘോഷങ്ങൾ സംഘടിപ്പിക്കുന്പോഴുമെല്ലാം ഇപ്പോഴും പശ്ചാത്തല സംഗീതമായി മുഴങ്ങുക ഈ ഗാനമായിരിക്കും.

"ദേശ്' എന്ന ഹിന്ദുസ്ഥാനി രാഗത്തിലാണ് മോഹൻസിത്താര ഈ പാട്ട് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഈ രാഗത്തിലാണല്ലോ മിക്ക ദേശഭക്തി ഗാനങ്ങളും... മോഹൻ സിത്താര അണിയിച്ചൊരുക്കിയ മറ്റുഗാനങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു ഓർക്കഷ്ട്രേഷൻ പാറ്റേണ്‍ ഈ പാട്ടിൽ അനുഭവിച്ചറിയാൻ സാധിക്കും...ഒരു എ.ആർ. റഹ്മാൻ ഗാനംപോലേ....പതിഞ്ഞ കീബോഡ് കോർഡ്സും അലയൊലിയായി മറയുന്ന വയലിൻ സംഗീതവും ഇടയ്ക്കിടെ മുഴങ്ങുന്ന നാടൻ വാദ്യങ്ങളുംമെല്ലാം പാട്ടിന്‍റെ ഭാവതീവ്രത വർദ്ധിപ്പിക്കുന്നു...

ഇനി പറയേണ്ടത് പാട്ടിന്‍റെ വരികളേക്കുറിച്ചാണ്....കവിത്വമുള്ള ഗാനങ്ങൾ മലായാള സിനിമയക്കു സമ്മാനിച്ച യൂസഫലി കേച്ചേരിയുടേതാണ് വരികൾ. കേരളക്കരയുടെ മുക്കിലും മൂലയിലും നിറയുന്ന സംഗീതം അദ്ദേഹം ഈ പാട്ടിലൂടേ മലയാളികൾക്ക് കാട്ടിത്തന്നു. കൈരളി ഒരു വീണയാണ്...സഹ്യനിരകൾ ശ്രുതി ചേർത്ത, അറബിക്കടൽ തന്ത്രിമീട്ടുന്ന മണിവീണ- കേച്ചേരിയുടെ ഭാവന മലയാളികൾ ശരിവച്ചു, ഏറ്റുപാടി. കൈരളിയുടെ അവദാനങ്ങൾ വാഴ്ത്തുന്ന പാട്ടുകൾ നിരവധിയുണ്ടായിട്ടുണ്ടെങ്കിലും സംഗീതവും കേരളത്തിന്‍റെ ഭൂപ്രകൃതിയും തമ്മിലുള്ള ബന്ധം ഇത്രഭംഗിയായി ചിത്രീകരിച്ച മറ്റൊരു ഗാനവുമില്ല. കാറ്റേറ്റു ഇളികയാടുന്ന വയലേലകളുടെ നിസ്വനത്തിൽപോലും കേച്ചേരി സംഗീതം തിരിച്ചറിയുകയായിരുന്നു.

കൈരളിയുടെ മക്കൾക്ക് ഉണർവേകുന്ന ഈ ഉണർത്തുപാട്ട് ഇനിയും മുഴങ്ങട്ടേ, സഹ്യനും സാഗരവുമുള്ളകാലംവരേ...

അലക്സ് ചാക്കോ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.