പ്രണയ പരവശരുടെ ആ ഗാനത്തിന് അറുപതു വയസ്...
Sunday, November 3, 2019 11:13 AM IST
‘ജൽതേ ഹേ ജിസ്കേ ലിയേ… ‘ പ്രണയ പരവശർക്കായി പിറന്ന ആ സുന്ദരഗാനം പിറന്നിട്ട് 60 വർഷങ്ങൾ. 1959-ൽ പുറത്തിറങ്ങിയ സുജാതയിലെ ഗാനം ഇന്നും കൗമാര, യൗവന പ്രണയത്തിന്‍റെ ഒരിക്കലും വറ്റാത്ത നീരുറവയാകുന്നു.

മൊബൈൽ ഫോൺ പ്രണയങ്ങളുടെ വസന്തകാലങ്ങൾക്കപ്പുറത്ത്, ദൂരെയെവിടെയോ അന്ന് അപൂർവമായിരുന്ന ലാൻഡ്ഫോണിന്‍റെ സ്പീക്കർ കൈയിലേന്തി നായകൻ പാടുകയാണ്. ഒരുപക്ഷേ സിനിമയിലെ ആദ്യത്തെ പൂർണമായും ഫോണിൽ കൂടി പാടുന്നതായി ചിത്രീകരിക്കപ്പെട്ടത് എന്ന് വിശേഷിപ്പിക്കാവുന്ന അ പാട്ട്. പാടി അഭിനയിക്കുന്നത് തലത്ത് മഹമൂദിന്‍റെ ശബ്ദത്തിൽ നായകനായ സുനിൽ ദത്ത്. ‘ജൽതേ ഹേ ജിസ്കേ ലിയേ ‘ എന്ന ആർദ്രമായ വാക്കുകൾ സ്വീകരിക്കുന്ന റിസീവർ കൈയിലേന്തി മറുതലയ്ക്കൽ തേങ്ങലോടെ കേൾക്കുന്നു പ്രിയ നായിക നൂതൻ.ബിമൽ റോയി സംവിധാനം ചെയ്ത ചിത്രത്തിലെ, എസ്.ഡി ബർമ്മൻ ഈണം പകർന്ന പ്രണയത്തിന്‍റെ കനലെരിയുന്ന ഈ പാട്ട് സിലോൺ റേഡിയോ കടന്ന്, ആകാശവാണിയും ദൂരദർശനും കടന്ന് അലക്സയിലെത്തി നിൽക്കുമ്പോഴും കെടാതെ ആർക്കോ വേണ്ടി ഇന്നും ഫോണുകൾക്കിടയിൽ എരിയുന്നു.

ഉന്നതകുലത്തിൽ ജനിച്ച നായകൻ കീഴ്ജാതിക്കാരിയായി സമൂഹം കൽപിച്ച നായികയെ പാടിക്കേൾപ്പിച്ചത് അത്യന്തം കാവ്യഭംഗിയുള്ള പാട്ട്. അതും ടെലഫോണിലൂടെ. മൗത്ത് പീസിൽ നിറയുന്നത് അഗാധ പ്രണയവും, റിസീവറിൽ അപകർഷതയും ഭയവും കൂടിച്ചേരുന്ന വേദനയും.’നിന്‍റെ കണ്ണിലെ ചിരാതുകൾ കത്തിയെരിയുന്നത് എന്തിന് വേണ്ടിയാണോ, ആ ഗാനം നിനക്കായി തേടി കൊണ്ടു വന്നിരിക്കുകയാണ് ഞാൻ‘എന്ന് മജൂഹ് സുൽത്താൻ പുരിയുടെ കാവ്യാത്മക കല്പനയിൽ നായകൻ പ്രതീക്ഷ പകരുന്നു. നായികയുടെ അധരങ്ങളിലെത്താതെ ആ ഗാനം മാഞ്ഞു പോകുമെന്ന ആശങ്കയും നഷ്ടപ്രണയത്തിന്റെ വ്യഥയും മാറിയ കാലത്തും മങ്ങാതെ പ്രണയിനികൾക്ക് അനുഭവവേദ്യമാക്കുന്ന ഗാനമാണിത്.

1959ൽ കറുപ്പിലും വെളുപ്പിലുമായി സുജാതയിൽ പാടപ്പെട്ട ഈ പാട്ട്, 2007 ൽ മലയാളിക്കായി ഗായത്രിയുടെ ശബ്ദത്തിൽ വിദ്യാസാഗറിന്‍റെ സംഗീതത്തിൽ രഞ്ജിത്തിന്‍റെ "കൈയൊപ്പ്' സിനിമയിൽ നിറങ്ങളോടെ ഓർമ പുതുക്കാനെത്തി. രാത്രിയുടെ നീല വെളിച്ചം പതിഞ്ഞ ജനാലയിൽ ചേർത്തുവെച്ച കുശ്ബുവിന്‍റെ സുന്ദര മുഖത്തു നിന്ന് മൊബൈൽ ഫോണിന്‍റെ മൗത്ത് പീസിൽ വീണ്ടും മുഴങ്ങിയ "ജൽതെ ഹെ ജിസ്കേ ലിയെ' വരികളെ റിസീവറിൽ സ്വീകരിച്ചത് മമ്മൂട്ടിയും.പ്രണയത്തിന് നിറവും മണവും സാങ്കേതികതയും ചിറകു നല്കിയ കാലത്തും പ്രായം പിടികൂടാത്ത ശബ്ദത്തിൽ തലത്ത് മഹമ്മൂദ് ഇന്നും പാടിക്കൊണ്ടിരിക്കുന്നു.. ‘ഗീത് നാസുക്ക് ഹേ മേരാ ശീശേ സേ ഭി ടൂട്ടേ നാ കഹി’... അതി മൃദുവായ പ്രണയ ഗാനം ഉടയാതെ സൂക്ഷിക്കണമേയെന്ന് എല്ലാ പ്രണയ പരവശർക്കും വേണ്ടി കേണുകൊണ്ട്…കാലങ്ങളെ ഭാഷകളെ ദേശങ്ങളെ കടന്ന് അനശ്വരത തേടുന്ന പ്രണയ ഗാനം.

ഡോ. സാബിൻ ജോർജ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.