ഭവന വായ്പയ്ക്ക് നല്ല നാളുകൾ
ഭവന വായ്പയ്ക്ക്  നല്ല നാളുകൾ
Saturday, August 3, 2019 4:50 PM IST
ഭവന വായ്പ എടുക്കാനാഗ്രഹിക്കുന്നവരെ നല്ല നാളുകളാണ് കാത്തിരിക്കുന്നത്.
നിബന്ധനയ്ക്കു വിധേയമായി ഭവന വായ്പയുടെ പലിശ നിരക്കിൽ 3.5 ലക്ഷം രൂപയുടെ ഇളവാണ് ഇനി ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത്. നിലവിൽ രണ്ടു ലക്ഷം രൂപയുടെ ഇളവ് നിലനിൽക്കുന്നുണ്ട്. അതിനു പുറമേയാണ് 2019-20 ബജറ്റിൽ 1.5 ലക്ഷം രൂപയുടെ നികുതി ഇളവു കൂടി അനുവദിച്ചിരിക്കുന്നത്.

വ്യക്തികൾ ആദ്യത്തെ വീടിനായി എടുക്കുന്ന 45 ലക്ഷം രൂപവരെയുള്ള വായ്പകൾക്കാണ് 3.5 ലക്ഷം രൂപ ഇളവിന് അർഹതയുള്ളത്. 2019 ഏപ്രിൽ മുതൽ 2020 മാർച്ച് വരഐടുക്കുന്ന വായ്പയ്ക്കാണ് ഈ ഇളവ്. റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും ഉണർവു നൽകുന്നതാണ് ഈ നിർദേശം.

ബിൽഡർമാർക്കും നേട്ടം

ബിൽഡർമാർക്കും നേട്ടം നൽകുന്ന നിർദേശം കൂടി ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദായ നികുതി വകുപ്പ് വിഭാഗം 80ഐബി അനുസരിച്ച് അഫോഡബിൾ വീടുകൾ വെച്ചു നൽകുന്ന ഡെവലപ്പർമാർക്കാണ് നികുതി നേട്ടം.

മെട്രോ നഗരങ്ങളിൽ 60 ചതുരശ്ര മീറ്റർ വീടുകളും (എൻസിആർ, മുംബൈ എന്നിവടങ്ങളിലെ 2 ബെഡ്റൂം ഫ്ളാറ്റ്), മെട്രോ നഗരങ്ങളിലല്ലാത്തിടത്ത് 90 ചതുരശ്ര മീറ്റർ വീടുകളും(മൂന്ന് ബെഡ്റൂം ഫ്ളാറ്റുകൾ) അഫോഡബിൾ വീടുകളുടെ ഗണത്തിൽ വരുന്നതാണ്.

എന്നാൽ പ്രീമിയം ബജറ്റിലുള്ള വീടുകൾക്ക് ഈ നേട്ടം ലഭ്യമല്ല. വായ്പ പരിധി 45 ലക്ഷം എന്നു വേണ്ടിയിരുന്നില്ല എന്നാണ് ബിൽഡിംഗ് മേഖലയിൽ നിന്നുള്ളവരുടെ അഭിപ്രായം. ഇപ്പോഴത്തെ സാഹചര്യത്തിൽ 45 ലക്ഷം രൂപ വായ്പ എടുത്താലും 3.5 ലക്ഷം രൂപയുടെ നികുതിയിളവ് നേടാൻ ആർക്കുംതന്നെ സാധിക്കുകയില്ല. വായ്പയ്ക്കു പരിധി വയ്ക്കാതിരുന്നാലേ 3.5 ലക്ഷം രൂപയുടെ നികുതിയിളവു നേടാൻ നിക്ഷേപകാനകൂ.


പലിശ നിരക്കു കുറയും

ധനകമ്മി നികത്തുന്നതിനുള്ള കടമെടുപ്പിന്‍റെ ഒരു ഭാഗം വിദേശ വിപണിയിൽനിന്നു സമാഹരിക്കുവാൻ ഗവണ്‍മെന്‍റ് തീരുമാനിച്ചത് ആഭ്യന്തര വിപണിയിലെ പലിശയിലുള്ള സമ്മർദ്ദം കുറയ്ക്കും. വരും ക്വാർട്ടറുകളിൽ നയ പലിശ നിരക്ക് വെട്ടിക്കുറയ്ക്കുവാൻ ഇതുവഴി റിസർവ് ബാങ്കിനു സാധിക്കും. ചുരുക്കത്തിൽ ഭവന വായ്പയുടെ പലിശ വരും മാസങ്ങളിൽ കുറയുന്നതിനുള്ള സാധ്യതയേറെയാണ്. അതുകൊണ്ടു തന്നെ ഭവന വായ്പയ്ക്ക് നല്ലുനാളുകളാണ് വരാനിരിക്കുന്നത്.

എസ്ബിഐ പോലുള്ള ബാങ്കുകൾ ഭവന വായ്പയുടെ പലിശ റിപോ നിരക്കുമായി ബന്ധിപ്പിച്ചിരക്കുകയാണ്. റിസർവ് ബാങ്ക് പലിശ നിരക്കു വെട്ടിക്കുറച്ചാൽ ഭവന വായ്പയുടെ പലിശയും കുറയും. പലിശ കുറയ്ക്കാനായി പ്രത്യേകിച്ചു കാത്തിരിക്കേണ്ടതില്ല.