വഴിയോരക്കാഴ്ചകൾ
സൂപ്പർഹിറ്റ് മൂവി

ശാന്തമായി ഒഴുകുന്ന പുഴയിൽ തുടങ്ങി ആർത്തിരമ്പി അലതല്ലുന്ന കടലായി തീർന്ന് പ്രേക്ഷക മനസിലിടം പിടിച്ച സിനിമയായിരുന്നു വഴിയോരക്കാഴ്ചകൾ. ഒരു വാണിജ്യ സിനിമയ്ക്കാവശ്യമായ എല്ലാ ചേരുവകളേയും ഒട്ടും അധികമാവാത്ത രീതിയിൽ ഒരു നൂലിഴയാൽ കോർത്തിണക്കിയിരിക്കുകയാണ് ചിത്രത്തിൽ. 1987 ഓഗസ്റ്റിൽ ഓണക്കാലത്ത് തിയറ്ററുകളിൽ വലിയ വിജയം നേടിയ വഴിയോരക്കാഴ്ചകൾ ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ തമ്പി കണ്ണന്താനമാണ് സംവിധാനം ചെയ്തിരിക്കുന്നത്. തമ്പി കണ്ണന്താനം ഒരുക്കിയ രാജാവിന്റെ മകൻ എന്ന സൂപ്പർഹിറ്റു വിജയത്തിനു ശേഷം മോഹൻലാൽ, രതീഷ്, സുരേഷ് ഗോപി, അംബിക എന്നിവർ അതേ സംവിധായകന്റെ തന്നെ അടുത്ത ചിത്രത്തിലും ഒന്നിക്കുകയായിരുന്നു. മുൻ ചിത്രം നേടിയ വിജയം ഈ ചിത്രത്തിനും കാത്തുസൂക്ഷിക്കാനായി. സംവിധായകൻ തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നതും.

ശ്രീദേവിയും ഭർത്താവ് ബാബുരാജും കൊടൈക്കനാലിലേക്കുള്ള യാത്രയിലാണ്. പോലീസ് ഉദ്യോഗസ്‌ഥനായിരുന്ന ബാബുവും ശ്രീദേവിയും ആകസ്മികമായി കണ്ടുമുട്ടിയതാണ്. പിന്നീട് ഇരുവരും വിവിഹം ചെയ്തു. ഒരു അപകടത്തിൽ തലച്ചോറിനേറ്റ ക്ഷതത്താൽ ബാബുവിന് ഒന്നും തിരിച്ചറിയാനാവാത്ത സാഹചര്യമാണ്. ജീവിച്ചിരിക്കുന്നു എന്നു മാത്രം. കൊടൈക്കനാലിലേക്കുള്ള യാത്രാമധ്യേയാണ് അവർ രാഘവനെ ആദ്യമായി കാണുന്നത്.

ലോറി ഡ്രൈവറായിരുന്ന രാഘവൻ പിന്നീട് കൊടൈക്കനാലിലെ അവരുടെ സഹയിയായി മാറി. ബാബുവിനെ അന്നാട്ടിലെ ഒരു വൈദ്യനെ കാണിക്കാൻ രാഘവൻ ഒരുങ്ങുന്നു. പ്രതീക്ഷയ്ക്കു വക നൽകിയ വൈദ്യരുടെ ചികിത്സയ്ക്കുള്ള സഹായമെല്ലാം രാഘവൻ ചെയ്തു കൊടുത്തു. ബാബുവിന്റെ രോഗം ഭേദമായി പൂർണ ആരോഗ്യവാനായി.

രാഘവനെ എവിടെയോ കണ്ടു പരിചയം തോന്നുന്ന ബാബു തന്റെ ഓഫിഷ്യൽ റെക്കോർഡുകളിൽ നിന്നും ആ സത്യം മനസിലാക്കി. ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിനു പോലീസ് അന്വേഷിക്കുന്ന കുറ്റവാളിയായ ആന്റണി ഐസക്കാണ് തനിക്കൊപ്പമുള്ള രാഘവനെന്ന്. ആന്റണിയുടെ കേസിന്റെ വിവരങ്ങൾ ബാബു അന്വേഷിക്കുന്നു, ഡെറാഡൂണിൽ പട്ടാളക്കാരാനായി ജോലി ചെയ്യുകയായിരുന്നു ആന്റണി. അക്കാലത്ത് ബാബുവിനു അവിടെവെച്ച് ഉണ്ടാകുന്ന അപകടത്തിൽ രക്‌തം നൽകി രക്ഷിച്ചത് ഈ ആന്റണിയായിരുന്നു. എന്നാൽ അവർ പരസ്പരം കണ്ടിരുന്നില്ല. പക്ഷേ, ബാബുവിന്റെ അനുജൻ അശോക് ബാബുവുമായ് സൗഹൃദമുണ്ടാക്കുന്നു. ഇതിനിടയിൽ അശോകും തന്റെ ഭാര്യയും തമ്മിലുള്ള ബന്ധം ആന്റണി കണ്ടെത്തുന്നു. ആന്റണിയുടെ കൈയബദ്ധത്തിൽ ഭാര്യ ലളിത കൊല്ലപ്പെടുന്നു.


തന്റെ ജീവിതം തകർത്ത് തന്നെ അക്രമിച്ചു കടന്നു കളഞ്ഞ അശോകിനെ തിരഞ്ഞു നടക്കുകയാണ് ആന്റണി. ഇതെല്ലാം ബാബു തിരിച്ചറിയുമ്പോഴേക്കും അശോക് രോഗമുക്‌തനായ ബാബുവിനെ കാണുവാനായി കൊടൈക്കനാലിൽ എത്തിയിരുന്നു. അശോകിനോട് പ്രതികാരം ചെയ്യാനായി ആന്റണിയും. അശോകിനെ രക്ഷിക്കാനായി ആന്റണിയുടെ കാലിൽ ബാബു വെടിവയ്ക്കുന്നു. രക്ഷപ്പെടാനായി ഓടുന്ന അശോകിനെ കൈവശമുണ്ടായിരുന്ന കത്തി കൊണ്ടെറിഞ്ഞു വീഴ്ത്തി ആന്റണി കൊലപ്പെടുത്തി. നിയമത്തിനു കീഴടങ്ങനായി ബാബുവിന്റെ മുന്നിലേക്ക് ആന്റണി എത്തുമ്പോൾ ചിത്രം അവസാനിക്കുന്നു.

ശ്രീദേവിയും ബാബുവുമാണ് പ്രേക്ഷകരെ കഥയിലേക്കു കൊണ്ടു പോകുന്നത്. സിനിമ തുടങ്ങി മുപ്പതാം മിനിട്ടിലാണ് നായകനായ മോഹൻലാലിന്റെ കഥാപാത്രം രാഘവൻ എത്തുന്നത്. ചിത്രത്തിൽ ബാബുവായി രതീഷും ശ്രീദേവിയായി അംബികയുമെത്തിയപ്പോൾ വില്ലൻ കഥാപാത്രം അശോകായി അഭിനയിച്ചത് സുരേഷ് ഗോപിയാണ്. ഉത്സവകാലത്തെ മുൻ നിർത്തി ഹാസ്യവും വൈകാരികതയും പ്രതികാരവുമെല്ലാം കോർത്തിണക്കി പ്രേക്ഷകരെ രസിപ്പിക്കനുള്ള വക ചിത്രം നൽകുന്നുണ്ട്. രാഘവനായും ആന്റണി ഐസക്കായും മോഹൻലാലിന്റെ മികവാർന്ന നടനമായിരുന്നു ചിത്രത്തിൽ. ആദ്യമധ്യാന്തം പ്രേക്ഷകരെ തന്റെ സ്‌ഥിരം നമ്പറുകളുമായി രസിപ്പിക്കുന്നുണ്ട് ഈ താരം.
ചിത്രത്തിന്റെ മറ്റൊരു വിജയ ഘടകമായിരുന്നു എസ്.പി.വെങ്കിടേഷ്– ഷിബു ചക്രവർത്തി ടീം ഒരുക്കിയ നാലുപാട്ടുകൾ. കെ.എസ്.ചിത്ര ആലപിച്ച പവിഴമല്ലിപ്പൂവുറങ്ങി... ചിത്രയും ഉണ്ണിമേനോനും ചോർന്നാലപിച്ച യഥുകുല ഗോപികെ എന്ന പാട്ടുകളും ഇന്നും മലയാളികളുടെ ചുണ്ടിൽ നിറഞ്ഞു നിൽക്കുന്നതാണ്.

തയാറാക്കിയത്: അനൂപ് ശങ്കർ
Loading...