ഹേമചന്ദ്രൻ (കാമറ സ്ലോട്ട്)
ഹേമചന്ദ്രൻ (കാമറ സ്ലോട്ട്)
Thursday, May 18, 2017 3:58 AM IST
മലയാള ചലച്ചിത്രമേഖലയ്ക്ക് സുവർണശോഭ പകർന്ന എണ്‍പതുകളിൽ ഒട്ടേറെ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ച കാമറാമാനാണ് ഹേമചന്ദ്രൻ. ശ്രീകുമാരൻ തന്പി, രാജീവ് നാഥ്, ബാലചന്ദ്രമേനോൻ, കെ.പി. കുമാരൻ, മോഹൻ, പി.എ. ബക്കർ തുടങ്ങിയ പ്രശസ്ത സംവിധായകരുടെ ചിത്രങ്ങൾക്കുവേണ്ടി ഹേമചന്ദ്രൻ ദൃശ്യങ്ങൾ പകർത്തി. മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന സർക്കാരിന്‍റെ പുരസ്കാരവും ഇദ്ദേഹം നേടിയിട്ടുണ്ട്.

മുഖ്യധാരയിലുള്ള സംവിധായകർക്കൊപ്പവും ഇടത്തരം ബഡ്ജറ്റിൽ കലാമൂല്യമുള്ള ചിത്രങ്ങളൊരുക്കിയ സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചുവെന്നതാണ് ഹേമചന്ദ്രന്‍റെ നേട്ടം. മലയാള സിനിമ അക്കാലത്ത് എല്ലാ അർഥത്തിലും പൂർണത പ്രാപിക്കുന്നതിനു കാരണമായതും ഇത്തരം കലാകാര·ാരൂടെ കൂട്ടായ പ്രവർത്തനംതന്നെ. മെലോഡ്രാമകളുടെ കുത്തൊഴുക്കുമായി ബോളിവുഡും ക്ലാസിക് ചിത്രങ്ങളുടെ അപ്രമാദിത്വവുമായി ബംഗാളി സിനിമയും അരങ്ങുവാണിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു മലയാള സിനിമ ഈ നേട്ടം കൈവരിച്ചതെന്നും ഓർമിക്കണം.

1978-ൽ ശ്രീകുമാരൻ തന്പി തിരക്കഥ രചിച്ച് സംവിധാനംചെയ്ത ഏതോ ഒരു സ്വപ്നത്തിന് കാമറ നിയന്ത്രിച്ചതിലൂടെയാണ് ഹേമചന്ദ്രൻ ശ്രദ്ധേയനാകുന്നത്. സുകുമാരൻ, ഷീല എന്നിവർക്കൊപ്പം ആക്ഷൻ സ്റ്റാർ ജയനും വേഷമിട്ട ഈ ചിത്രത്തിന്‍റെ നിർമാതാവും തന്പിതന്നെയായിരുന്നു. സലിൽ ചൗധരി- ശ്രീകുമാരൻ തന്പി ടീമിന്‍റെ സൂപ്പർഹിറ്റ് ഗാനങ്ങളും ചിത്രത്തെ ആകർഷണീയമാക്കി.

എം.ജി. സോമൻ, ജയഭാരതി, വിൻസന്‍റ് തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളായ തീരങ്ങൾ എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു തുടർന്ന് ഇദ്ദേഹം കാമറ നിയന്ത്രിച്ചത്. രാജീവ് നാഥ് സംവിധാനം ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണഭംഗി പ്രേക്ഷകരെ ഏറെ ആകർഷിച്ചിരുന്നു. രാജീവ് നാഥിന്‍റെ തണൽ എന്ന അടുത്ത ചിത്രത്തിനു കാമറ നിയന്ത്രിച്ചതും ഹേമചന്ദ്രൻതന്നെ. എം.ജി. സോമൻ, റാണി ചന്ദ്ര, രവി മേനോൻ തുടങ്ങിയവരായിരുന്നു ഈ ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


മലയാള സിനിമയ്ക്ക് വേറിട്ട പാത തുറന്ന അതുല്യപ്രതിഭ ബാലചന്ദ്രമേനോൻ സംവിധായകനായി തുടക്കം കുറിച്ച ഉത്രാടരാത്രി എന്ന ചിത്രത്തിനു കാമറ ചലിപ്പിച്ചത് ഹേമചന്ദ്രനാണ്. മധു, സുകുമാരൻ, രവി മേനോൻ, ശോഭ, കനകദുർഗ തുടങ്ങിയ താരങ്ങളോടൊപ്പം ബാലചന്ദ്രമേനോനും വേഷമിട്ടു. ഈ ചിത്രത്തിൽ വേഷമിട്ട നടി കനകദുർഗ പിന്നീട് ഹേമചന്ദ്രന്‍റെ ജീവിതസഖിയായി മാറി. ഇവരുടെ മകൾ മാനസ പിൽക്കാലത്ത് ഏതാനും മലയാള ചിത്രങ്ങളിൽ നായികയായി അഭിനയിച്ചിരുന്നു.

സുകുമാരൻ, ശുഭ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാലി കെ.പി. കുമാരൻ സംവിധാനം ചെയ്ത ആദിപാപം, സുകുമാരൻ, ശോഭ ജോഡികളെ അണിനിരത്തി മോഹൻ സംവിധാനംചെയ്ത സൂര്യദാഹം എന്നീ ചിത്രങ്ങൾക്കും ഹേമചന്ദ്രനാണ് ഛായാഗ്രഹണം നിർവഹിച്ചത്. പടിയൻ സംവിധാനംചെയ്ത ത്രാസം, ഹരികുമാറിന്‍റെ ആന്പൽപ്പൂവ്, സ്നേഹപൂർവം മീര, ആഹ്വാൻ സെബാസ്റ്റ്യൻ ഒരുക്കിയ കലോപാസന തുടങ്ങിയ ചിത്രങ്ങൾക്കൊക്കെ മനോഹരമായ ദൃശ്യാവിഷ്കാരം നൽകാൻ ഹേമചന്ദ്രനു സാധിച്ചു. വെളിയം ചന്ദ്രന്‍റെ ഇതും ഒരു ജീവിതം ഹേമചന്ദ്രൻ ഛായാഗ്രഹണം നിർവഹിച്ച മറ്റൊരു ചിത്രമാണ്. കല്പനയും സായ്കുമാറും കൗമാരപ്രായക്കാരായി വേഷമിട്ട ചിത്രമാണിത്.

പ്രേം നസീറിനെ നായകനാക്കി പി.എ. ബക്കർ ഒരുക്കിയ ചാരം ഏറെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു ചിത്രമാണ്. ബക്കർ തന്‍റെ പതിവു ശൈലിയിൽനിന്നു വഴിമാറി സൃഷ്ടിച്ച ചിത്രമാണിത്. സ്നേഹപൂർവം അന്ന എന്ന ചിത്രത്തിലൂടെ പ്രശസ്ത സംവിധായകനായ സംഗീത് ശിവനൊപ്പവും പ്രവർത്തിക്കാൻ ഹേമചന്ദ്രനു സാധിച്ചു.

സംവിധായകൻ എന്ന നിലയിലും ഇദ്ദേഹം സാന്നിധ്യമറിയിച്ചിട്ടുണ്ട്. രവീന്ദ്രൻ, മേനക എന്നിവരെ ജോഡികളാക്കി ഒരുക്കിയ കാലം എന്ന ചിത്രമാണ് ഇദ്ദേഹം സംവിധാനം ചെയ്തത്. 2011-ൽ ഇദ്ദേഹം അന്തരിച്ചു.

തയാറാക്കിയത്: സാലു ആന്‍റണി