മഹീന്ദ്രയുടെ നീളക്കാരൻ ടിയുവി
നികുതി ഇളവ് നേടാൻ വാഹനത്തിന്‍റെ നീളം കുറയ്ക്കുന്നതാണ് ഇന്ത്യൻ വിപണിയിലെ പതിവ് രീതി. എന്നാൽ മഹീന്ദ്ര അതിനൊരു മാറ്റം വരുത്തിയിരിക്കുകയാണ്. നാല് മീറ്ററിൽ താഴെ നീളമുള്ള ടിയുവി 300 ( ത്രീ ഡബിൾ ഒ) യുടെ നീളം കൂട്ടി ഒന്പത് സീറ്ററായി പുറത്തിറക്കി. നീളക്കൂടുതൽ സൂചിപ്പിക്കാൻ പ്ലസ് എന്നുകൂടി പേരിനൊപ്പം ചേർത്തു. അംഗസംഖ്യ കൂടിയ കുടുംബങ്ങളെയും ടൂർ ഓപ്പറേറ്റർമാരേയും ലക്ഷ്യം വച്ചാണ് ടിയുവി 300 പ്ലസിനെ മഹീന്ദ്ര പുറത്തിറക്കിയിരിക്കുന്നത്. ഫോഴ്സ് ട്രാക്സ് മോഡലുമായി മത്സരിക്കാനെത്തിയ ഈ ഒന്പത് സീറ്റർ എസ്യുവിയെ അടുത്ത് പരിചയപ്പെടാം.

രൂപകൽപ്പന

നീളക്കൂടുതലുണ്ടെന്നത് ഒഴികെ ആദ്യ കാഴ്ചയ്ക്ക് സാധാരണ ടിയുവി 300 പോലെയാണ് പ്ലസ് മോഡലും. കൃത്യമായി പറഞ്ഞാൽ 405 മില്ലി മീറ്റർ അധിക നീളം പ്ലസിനുണ്ട്. നീളം 4400 മില്ലി മീറ്റർ. വീൽബേസിന് മാറ്റമില്ല, 2680 മില്ലി മീറ്റർ. വീതിയും പഴയതുപോലെ തന്നെ. ഉയരത്തിൽ വെറും അഞ്ച് മില്ലി മീറ്റർ കുറവ്, 1812 മില്ലി മീറ്റർ. പിൻഭാഗത്തിന് നീളം കൂട്ടിയ എസ്യുവിൽ രണ്ട് പേർക്ക് കൂടി സീറ്റ് സൗകര്യം അധികമായി ഒരുക്കിയിരിക്കുന്നു. ഒന്പത് പേർക്ക് ഇരിക്കാനുള്ള സൗകര്യം പാസഞ്ചർ കാബിനിലുണ്ട്. രണ്ടാം നിരയിൽ ബഞ്ച് സീറ്റാണ്. മൂന്നാം നിരയിൽ പരസ്പരം അഭിമുഖമായി ഉറപ്പിച്ചിരിക്കുന്ന സീറ്റുകളിൽ നാല് പേർക്ക് ഇരിക്കാം. ഡിക്കി ഡോർ ഉയർത്തി വേണം പിന്നലെ സീറ്റുകളിലേയ്ക്ക് പ്രവേശിക്കാൻ . ചവിട്ടുപടി ഉയരത്തിലായതിനാൽ പ്രായമായവർക്ക് പിന്നിൽ കയറാൻ ബുദ്ധിമുട്ടാണ്. ശരാശരി വലുപ്പമുള്ള മുതിർന്ന നാല് പേർക്ക് പിൻസീറ്റുകളിലിരിക്കാം. മൂന്നാം നിരസീറ്റ് ഉയർത്തിവച്ചാൽ 696 ലിറ്റർ ലഗേജ് സ്പേസ് കിട്ടും.
രണ്ടാം നിരയിലും മൂന്നാം നിരയിലും എസി വെന്‍റുകൾ നൽകിയിട്ടില്ലെന്നതു പോരായ്മയാണ്. ബാഹ്യരൂപത്തിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഹെഡ് ലാംപ്, ഫ്രണ്ട് റിയർ ബന്പറുകൾ, ഫോഗ് ലാംപ്, ടെയ്ൽലാംപ് എന്നിവയിൽ മാറ്റങ്ങൾ കാണാം. സാധാരണ ടിയുവി 300-ലേതുപോലെ റൂഫ് റയിലും കറുപ്പ് നിറമുള്ള ഡി പില്ലറും പ്ലസ് മോഡലിനില്ല. ബോഡി നിറത്തിലാണ് ഡി പില്ലർ. വീൽ വലുപ്പം കൂടുതലുണ്ട്, 16 ഇഞ്ച്. പി4, പി6 ,പി8 എന്നീ മൂന്നു വകഭേദങ്ങളാണ് പ്ലസിനുള്ളത്. പി 8 വകഭേദത്തിന് 16 ഇഞ്ച് അലോയ് വീലുകളും മറ്റുള്ളവയ്ക്ക് സ്റ്റീൽ വീലുമാണ്.വലുപ്പം കൂടിയ ടിയുവി മോഡലിന് കൂടുതൽ ബലവത്തായ സ്റ്റീൽ ബോഡി ഷെല്ലാണ് ഉപയോഗിക്കുന്നതെന്ന് മഹീന്ദ്ര അവകാശപ്പെടുന്നു.


ബീജ് ബ്ലാക്ക് വർണ്ണസങ്കലനത്തിലുള്ള ഡാഷ്ബോർഡ് പഴയതുതന്നെ. മുന്തിയ വകഭേദത്തിന് ഫോക്സ് ലെതർ സീറ്റുകൾ, ഡ്രൈവർക്കും ഫ്രണ്ട് സീറ്റിലെ യാത്രക്കാരനും ആം റെസ്റ്റ്, ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം, സ്റ്റിയറിംഗിൽ ഓഡിയോ കണ്‍ട്രോളുകൾ എന്നിവയുണ്ട്. എബിഎസ് ഇബിഡി, രണ്ട് എയർബാഗുകൾ , കോർണർ ബ്രേക്ക് കണ്‍ട്രോൾ എന്നീ സുരക്ഷാസംവിധാനങ്ങൾ മഹീന്ദ്ര എസ്യുവിയ്ക്കുണ്ട്.

എൻജിൻ ഡ്രൈവ്

സ്കോർപ്പിയോയുടെ താഴ്ന്ന വകഭേദങ്ങൾക്ക് ഉപയോഗിക്കുന്ന 2.2 ലിറ്റർ എംഹോക്ക് എൻജിനാണ് ടിയുവി 300 യ്ക്ക് കരുത്തേകുന്നത്. ബിഎസ് 4 എൻജിന് 120 ബിഎച്ച്പി 280 എൻഎം ആണ് ശേഷി. സാധാരണ ടിയുവിയ്ക്ക് അഞ്ച് സ്പീഡ് മാന്വൽ ഗീയർബോക്സ് ഉപയോഗിക്കുന്ന സ്ഥാനത്ത് പ്ലസ് മോഡലിന് ആറ് സ്പീഡ് മാന്വൽ ഗീയർബോക്സാണ്.

അധിക കരുത്തുള്ള എൻജിൻ ആയതുകൊണ്ടുതന്നെ ടിയുവി 300 നെക്കാൾ മെച്ചപ്പെട്ട പെർഫോമൻസ് പ്ലസ് മോഡലിനുണ്ട്. വിറയൽ കാര്യമായി ഇല്ല . എന്നാൽ ഡീസൽ എൻജിന്‍റെ ചടപട ശബ്ദമുണ്ട്. കട്ടി കുറഞ്ഞ ക്ലച്ച് ഗീയർമാറ്റം അനായാസമാക്കുന്നു. ഫസ്റ്റിനു പകരം അബദ്ധത്തിൽ റിവേഴ്സ് ഗീയർ ഇടാൻ സാധ്യതയുണ്ട്. റിവേഴ്സ് ഗീയറിന് പ്രത്യേക ലോക്ക് നൽകേണ്ടിയിരുന്നു. ഉപയോഗിച്ച് ശീലമാകുന്പോൾ ഇത് പ്രശ്നമാകില്ല.

സ്റ്റിയറിംഗിന് കടുപ്പക്കൂടുതലുണ്ട്. നഗരവീഥികളിലെ വളയ്ക്കലും തിരിക്കലുമൊക്കെ ഇത് ശ്രമകരമാക്കുന്നു. വളരെ മോശമായ റോഡുകളിൽ പോലും മെച്ചപ്പെട്ട യാത്രാസുഖം ഉറപ്പാക്കാൻ സസ്പെൻഷൻ സംവിധാനത്തിനു കഴിവുണ്ട്. പൊതുവെ മഹീന്ദ്ര വാഹനങ്ങൾക്കുള്ള പരുക്കൻ സ്വഭാവം ടിയുവി 300 പ്ലസിനുമുണ്ട്.

അവസാനവാക്ക്

നഗരവാസികൾക്ക് യോജിച്ച വാഹനമല്ല, ടിയുവി 300 പ്ലസ്. കൂടുതൽ ഭാരം കയറ്റാവുന്ന, മോശമായ റോഡുകളിലും കൂസിലില്ലാതെ നീങ്ങുന്ന, കയറ്റം താണ്ടാൻ കഴിവുള്ള വാഹനമാണിത്. ഹൈറേഞ്ച് വാസികൾക്ക് നന്നേ ഇണങ്ങും.

വില
കൊച്ചി എക്സ്ഷോറൂം
പി4: 9.66 ലക്ഷം രൂപ
പി6: 9.90 ലക്ഷം രൂപ
പി8: 11.06 ലക്ഷം രൂപ
ടിയുവി 300 പ്ലസിന് ആകർഷകമായ വാഹനവായ്പ സേവനം മഹീന്ദ്ര നൽകുന്നുണ്ട്. പ്രതിമാസം 11,999 രൂപ വീതം അടയ്ക്കാവുന്ന വാഹനവായ്പ ലഭിക്കും.

ഐപ്പ് കുര്യൻ