സംഭാവനകൾ നൽകാം ആദായനികുതിയിൽ കിഴിവ് നേടാം
ദാനം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ഗവണ്‍മെന്‍റ് നികുതിയിളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ജീവകാരുണ്യ പ്രവർത്തികൾ, സാമൂഹ്യക്ഷേമ പദ്ധതികൾ, പൊതുസമൂഹത്തിന്‍റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവയ്ക്കൊക്കെ നൽകുന്ന സംഭാവനകൾക്ക് നിബന്ധനകൾക്കു വിധേയമായി നികുതിയിളവു ലഭിക്കും.

രാഷ്ട്രീയ കക്ഷികൾക്ക് നൽകുന്ന സംഭാവന

ആദായനികുതി നിയമം 80 ജിജിബി, 80 ജിജിസി എന്നീ വകുപ്പുകളനുസരിച്ച് കന്പനികളും വ്യക്തികളും സ്ഥാപനങ്ങളും രാഷ്ട്രീയപാർട്ടികൾക്കു നല്കുന്ന സംഭാവനകൾ വരുമാനത്തിൽനിന്നും കിഴിവ് ചെയ്യാവുന്നതാണ്.

കന്പനികൾക്ക് ആദായനികുതി നിയമത്തിലെ വകുപ്പ് 80 ജിജിബി അനുസരിച്ച് കന്പനികൾ പണമായി സംഭാവനകൾ നല്കുന്നത് അനുവദനീയമല്ല. രാഷ്ട്രീയ പാർട്ടികളുടെ ചെലവുകൾ വഹിക്കുന്നതും സംഭാവനകളായി കണക്കാക്കപ്പെടും. രാഷ്ട്രീയ പാർട്ടികൾക്ക് നേരിട്ടും ഇലക്ടറൽ ബോണ്ട് സ്കീം മുഖാന്തരവും കന്പനികൾക്കു സംഭാവനകൾ നടത്താവുന്നതാണ്.

ആദായനികുതി നിയമത്തിൽ സംഭാവനകൾക്ക് ഉയർന്ന പരിധി നിശ്ചയിച്ചിട്ടില്ല. എന്നാൽ, കന്പനി നിയമത്തിൽ കന്പനിയുടെ മൂന്ന് മുൻ വർഷങ്ങളിലെ ശരാശരി ലാഭത്തിന്‍റെ 7.5 ശതമാനത്തിൽ കൂടുതൽ സംഭാവനയായി നല്കാൻ പാടില്ല എന്ന് നിഷ്കർഷിച്ചിട്ടുണ്ട്. കന്പനികൾ രാഷ്ട്രീയ പാർട്ടികൾക്കു നല്കുന്ന സംഭാവനകൾ അവരുടെ ലാഭനഷ്ടക്കണക്കിൽ കാണിച്ചിരിക്കണം. സ്ഥാപിതമായിട്ട് മൂന്നു വർഷം കഴിയാത്ത കന്പനികളും ഗവണ്‍മെന്‍റ് കന്പനികളും രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നല്കാൻ പാടില്ല.

ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവനകൾക്കാണ് വരുമാനത്തിൽനിന്നു കിഴിവ് അനുവദിക്കുന്നത്. രാഷ്ട്രീയ പാർട്ടികളും അവയുടെ ഭാരവാഹികളും വിദേശസംഭാവനകൾ സ്വീകരിക്കാൻ പാടില്ല.

മറ്റുള്ളവർക്ക് 80 ജിജിസി അനുസരിച്ച്

വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും പാർട്ണർഷിപ്പ് ഫേമുകൾക്കും മറ്റും രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നല്കാവുന്നതാണ്. അതിനു വരുമാനത്തിൽനിന്നു കിഴിവ് ലഭിക്കും. ഗവണ്‍മെൻറ് ഫണ്ടുകൾ ലഭിക്കുന്ന ലോക്കൽ അഥോറിറ്റികൾ സംഭാവന നല്കാൻ പാടില്ല.

ധർമസ്ഥാപനങ്ങൾക്കുള്ള സംഭാവനകൾ 80 ജി അനുസരിച്ച്

ദുരിതാശ്വാസ ഫണ്ടുകളിലേക്കും ധർമ സ്ഥാപനങ്ങൾക്കും നല്കുന്ന സംഭാവനകൾക്ക് ആദായനികുതി നിയമം 80 ജി അനുസരിച്ചുവരുമാനത്തിൽനിന്നു കിഴിവ് ലഭിക്കുന്നതാണ്. ഇത് എല്ലാ നികുതിദായകർക്കും വ്യക്തികൾക്കും കന്പനികൾക്കും ഫേമുകൾക്കും മറ്റും ബാധകമാണ്.
2017 ഏപ്രിൽ ഒന്നു മുതൽ 2000 രൂപയ്ക്കു മുകളിലുള്ള തുക കാഷ് ആയി നൽല്കിയാൽ കിഴിവു ലഭിക്കില്ല. രണ്ടായിരം രൂപയ്ക്കു മുകളിലുള്ള തുകകൾ സംഭാവന നല്കുന്നത് ചെക്കായോ, ഇലക്ട്രോണിക് മാർഗത്തിൽ ബാങ്കിലൂടെയോ ആയിരിക്കമം. 2017 ഏപ്രിൽ ഒന്നിനു മുന്പപ്രസ്തുത പരിധി 10,000 രൂപയായിരുന്നു.

ആദായനികുതിയിൽ വരുമാനത്തിൽനിന്നു കിഴിവ് ലഭിക്കുന്നതിനു നികുതിദായകൻ റിട്ടേണ്‍ ഫോമിൽ സംഭാവന ലഭിച്ച സ്ഥാപനത്തിൻറെ പേരും അഡ്രസും പെർമനൻറ് അക്കൗണ്ട് നന്പരും (പാൻ) കൊടുത്ത തുകയും വ്യക്തമാക്കിയിരിക്കണം.


പരിധിയില്ലാതെ 100% കിഴിവിന് അർഹമായിട്ടുള്ള സംഭാവനകൾ

കേന്ദ്രസർക്കാരിന്‍റെ നാഷണൽ ഡിഫൻസ് ഫണ്ട്, പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ട്, സംസ്ഥാന സർക്കാരുകൾ പാവപ്പെട്ട രോഗികളുടെ ചികിത്സയ്ക്കുവേണ്ടി രൂപീകരിച്ചിട്ടുള്ള ഫണ്ടുകൾ, നാഷണൽ സ്പോർട്സ് ഫണ്ട്, നാഷണൽ ചിൽഡ്രൻസ് ഫണ്ടുകൾ, മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ ഫണ്ടുകൾ, ഗംഗാനദിയുടെ വൃത്തിയാക്കലിനുവേണ്ടിയുള്ള ഫണ്ടുകൾ, മയക്കുമരുന്നിനെതിരായ ദേശീയ ഫണ്ട് മുതലായവ 100 ശതമാനം കിഴിവിന് ഉയർന്ന പരിധിയില്ലാതെ അർഹമാണ്.

പരിധിയില്ലാതെ 50% മാത്രം കിഴിവിന് അർഹമായിട്ടുള്ള ഫണ്ടുകൾ

ചില സംഭാവനകൾക്കു നല്കുന്ന തുകയ്ക്കുള്ള മുഴുവൻ കിഴിവുകളും ലഭിക്കില്ല. എത്ര രൂപ നല്കിയാലും അതിന്‍റെ 50 ശതമാനം മാത്രമേ കിഴിവായി അനുവദിക്കൂ. ജവഹർലാൽ നെഹ്റു മെമ്മോറിയൽ ഫണ്ട്, വരൾച്ച നേരിടുന്നതിനുളള പ്രധാനമന്ത്രിയുടെ ഫണ്ട്, ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്രസ്റ്റ്, രാജീവ് ഗാന്ധി ഫൗണ്ടേഷൻ മുതലായവയ്ക്കു നല്കുന്ന സംഭാവനകൾക്കാണ് പരിധിയില്ലാതെ 50 ശതമാനം മാത്രം കിഴിവ് അനുവദിക്കുന്നത്.

100% കിഴിവിനർഹമെങ്കിലും ഇളവ് വരുമാനത്തിന്‍റെ 10% മാത്രം

ചില സംഭാവനകൾ നികുതിദായകന്‍റെ വരുമാനത്തിന്‍റെ 10 ശതമാനം മാത്രമേ കിഴിവായി അനുവദിക്കൂ. 100 ശതമാനം തുകയോ പരമാവധി വരുമാനത്തിന്‍റെ 10 ശതമാനം കിഴിവോ ഏതാണു കുറവ് അതാണ് കിഴിവായി എടുക്കുന്നത്. ഫാമിലി പ്ലാനിംഗിനുവേണ്ടി രൂപീകരിക്കപ്പെട്ടിട്ടുള്ള ഫണ്ടുകൾ, ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ അല്ലെങ്കിൽ അതുപോലെയുള്ള സ്പോർട്സിന്‍റേയും ഗെയിംസിന്‍റേയും വികസനപ്രവർത്തനങ്ങൾക്കുവേണ്ടിയുള്ള ഫണ്ടുകൾക്കു കന്പനികൾ നല്കുന്ന സംഭാവനകളാണ് ഇത്തരം കിഴിവിന് അർഹമായിട്ടുള്ളത്.

50% കിഴിവിനർഹമെങ്കിലും ഇളവ് വരുമാനത്തിന്‍റെ 10% മാത്രം

80 ജി രജിസ്ട്രേഷനുള്ള സാധാരണ ചാരിറ്റബിൾ സൊസൈറ്റികൾക്കു നല്കുന്ന സംഭാവനകൾ, മൈനോറിറ്റി കമ്യൂണിറ്റികളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ധർമസ്ഥാപനങ്ങൾ, നോട്ടിഫൈ ചെയ്യപ്പെട്ടിട്ടുള്ള പള്ളികളുടെയും ഗുരുദ്വാരകളുടെയും അന്പലങ്ങളുടെയും മോസ്കുകളുടെയും സംരക്ഷണത്തിനുവേണ്ടിയുള്ള സ്ഥാപനങ്ങൾ എന്നിവയ്ക്കുനൽകുന്ന സംഭാവനകൾക്കാണ് മുകളിൽ സൂചിപ്പിച്ചി ട്ടുള്ള കിഴിവുകൾ ലഭ്യമാകുന്നത്.

ലഭിക്കുന്ന കിഴിവുകൾ

80 ജി നിയമത്തിൽ നാലു തരം കിഴിവുകളാണ് സൂചിപ്പിച്ചിരിക്കുന്നത്.
1. നല്കിയ തുകയ്ക്കു 100 ശതമാനം കിഴിവും ലഭിക്കുന്ന സംഭാവനകൾ.
2. നല്കിയ തുകയ്ക്കു 50 ശതമാനംമാത്രം കിഴിവുകൾ ലഭിക്കുന്ന സംഭാവനകൾ.
3. 100 ശതമാനം കിഴിവിനർഹമെങ്കിലും നികുതിദായകന്‍റെ ആകെ വരുമാനത്തിന്‍റെ10 ശതമാനത്തിൽ കൂടാൻ പാടില്ല.
4. നല്കിയ തുകയുടെ 50 ശതമാനം കിഴിവ് ലഭിക്കുമെങ്കിലും നികുതിദായകന്‍റെ ആകെ വരുമാനത്തിന്‍റെ 10 ശതമാനത്തിൽ കൂടുതൽ ആകാൻ പാടില്ല.

ബേബി ജോസഫ്
ചാർട്ടേഡ് അക്കൗണ്ടന്‍റ്