ജി.കെ. ഗ്രൂപ്പ്: നിർമാണരംഗത്ത് നേട്ടങ്ങളുടെ വിജയഗാഥ
കേരളത്തിന്‍റെ വികസനത്തിൽ നിർമാണമേഖലയുടെ പങ്ക് വലുതാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ നിർമാണ മേഖലയിലുണ്ടായ അഭൂതപൂർവകമായ വളർച്ചയും വേഗതയും സംസ്ഥാനത്തിന്‍റെ സന്പദ് വ്യവസ്ഥയിലും ക്രിയാത്മക ചലനമുണ്ടാക്കി.

അനുദിനം മാറുകയും വളരുകയും ചെയ്യുന്ന നിർമാണ മേഖലയുടെ സ്പന്ദനങ്ങളറിഞ്ഞു, കേരളത്തിനകത്തും പുറത്തും സജീവസാന്നിധ്യമാവുകയാണു ജി.കെ. ഗ്രൂപ്പ് ഓഫ് കന്പനീസ്.
കഴിഞ്ഞ 38 വർഷമായി കേരളത്തിലും പുറത്തും നിർമാണ ജോലികൾക്കാവശ്യമായ സാധനസാമഗ്രികൾ ഉല്പാദിപ്പിക്കുന്നതിലും ഗുണഭോക്താക്കളിലേക്കെത്തിക്കുന്നതിലും വലിയ മുന്നേറ്റം നടത്തിയ ജി.കെ. ഗ്രൂപ്പ്, ടിഎംടി കന്പികളുടെ നിർമാണ, വിപണന മേഖലകളിലേക്കു കാൽവയ്പു നടത്തിക്കഴിഞ്ഞു.

സൂക്ഷ്മതയോടെ, മികവോടെ

"ചെയ്യാനുദ്ദേശിക്കുന്ന സംരംഭത്തിന്‍റെ സമസ്ത തലങ്ങളെക്കുറിച്ചുമുള്ള തിയറി മാത്രമല്ല, പ്രായോഗിക ജ്ഞാനം കൂടി ആർജിച്ചശേഷമാണു നാം അതിലേക്കു കാലെടുത്തുവയ്ക്കേണ്ടത്. നമ്മൾ പണി നന്നായി പഠിച്ചാലേ മറ്റുള്ളവരെക്കൊണ്ട് അതു ചെയ്യിപ്പിക്കാനാവൂ.’
ജി.കെ. ഗ്രൂപ്പ് ഓഫ് കന്പനീസിന്‍റെ മാനേജിംഗ് ഡയറക്ടർ ജോർജ് ആന്‍റണി കുരീക്കൽ എന്ന പ്രഗല്ഭനായ ബിസിനസ് വ്യക്തിത്വത്തിന്‍റെ വാക്കുകളാണിത്. ശീതീകരിച്ച മുറിയിലിരുന്നു ഫയലുകൾ നോക്കുന്നതിലും നിർദേശങ്ങൾ നൽകുന്നതിലുമല്ല, ഒരു ബിസിനസുകാരന്‍റെ മികവെന്നു ചിന്തിക്കുന്ന ഇദ്ദേഹം, ചെയ്യുന്ന ബിസിനസിന്‍റെ സമസ്തതലങ്ങളെയും തൊട്ടറിഞ്ഞാണു സഞ്ചരിക്കുന്നത്.

പ്രതിസന്ധികളുടെ കഠിനപാതകളെ അതിജീവിച്ചാണു ബിസിനസിൽ വിജയങ്ങൾ സ്വന്തമാക്കിയതെന്നു ജോർജ് ആന്‍റണി പറയുന്നു. 1980 ൽ പുക്കാട്ടുപടി ഉൗരക്കാട് മൂന്നര ഏക്കറിൽ തുടങ്ങിയ ചെറിയ ക്രഷർ സംരംഭത്തിനു തുടക്കത്തിൽ തടസങ്ങളേറെയായിരുന്നു. ബാങ്ക് ലോണും വൈദ്യുതിയും കിട്ടാതെ വന്നപ്പോൾ ഉടൻ ഒരു ബോട്ടിന്‍റെ ഡീസൽ എൻജിൻ വാങ്ങി അതു ക്രഷർ യൂണിറ്റിൽ ഘടിപ്പിച്ചു ക്രഷർ മെഷീൻ പ്രവർത്തിപ്പിച്ചാണ് ഉല്പാദനം തുടങ്ങിയത്. ലക്ഷ്യമിട്ടതു നിശ്ചിത സമയത്തിനുള്ളിൽ നടക്കണമെന്ന ലക്ഷ്യബോധമാണ് ഇതിനു ജോർജ് ആന്‍റണിയെ പ്രേരിപ്പിച്ചത്.

ക്രഷർ യൂണിറ്റിലേക്കു വൈദ്യുതി കണക്ഷൻ നൽകാൻ കെഎസ്ഇബിക്ക് അപേക്ഷ നൽകിയപ്പോൾ 200 അടി ഉയരത്തിലുള്ള കുന്നിനു മുകളിൽ ഇലക്ട്രിക് പോസ്റ്റ് എത്തിച്ചുകൊടുത്താൽ രണ്ടു ദിവസത്തിനുള്ളിൽ കണക്ഷൻ നൽകാമെന്നായിരുന്നു മറുപടി. അസാധ്യമെന്ന് അവർപോലും കരുതിയാണു പറഞ്ഞത്. എന്നാൽ മൂന്നു മണിക്കൂറുകൾക്കുള്ളിൽ തന്നെ ആനയുടെ സഹായത്തോടെ ഇലക്ട്രിക് പോസ്റ്റ് കുന്നിനു മുകളിൽ എത്തിച്ചതു ബോർഡിലെ ഉദ്യോഗസ്ഥരെപ്പോലും അത്ഭുതത്തിലാക്കി. തുടർന്ന് വേഗത്തിൽ തന്നെ വൈദ്യുതി കണക്ഷൻ കിട്ടി.

വിപണിയുടെയും ഗുണഭോക്താക്കളുടെയും മനസറിയാൻ ദീർഘനാളത്തെ പഠനശേഷം ബിസിനസിലേക്കിറങ്ങിയെന്നതു ജോർജ് ആന്‍റണിയുടെയും ജികെ ഗ്രൂപ്പിന്‍റെയും സവിശേഷതയാണ്. വിറ്റഴിക്കുന്ന സാധനങ്ങൾക്കു ഗുണമേന്മയും വിശ്വസ്തതയും പ്രധാനമാണെന്ന ജോർജ് ആന്‍റണിയുടെ സൂക്ഷ്മ നിലപാട് ബിസിനസ് വഴികളിൽ വെളിച്ചമായി. ഗുണമേന്മയാണു പരസ്യമെന്നു മൂന്നര പതിറ്റാണ്ടിലധികമുള്ള അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ അടിവരയിട്ടു പറയുന്നു ഈ വ്യവസായി. നയപരമായ ഇടപെടലുകളിലൂടെ വ്യക്തി ബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും വ്യാപ്തി വർധിപ്പിച്ച ഇദ്ദേഹം ബിസിനസുകാർക്കിടയിൽ തെളിച്ചതു വേറിട്ട പാതകൾ.

പുതുമകൾ തേടി

ചെയ്യാനുദ്ദേശിക്കുന്ന ബിസിനസിലേക്കു പുതിയ സാങ്കേതിക വിദ്യകളുടെ സാധ്യതകൾ ഫലപ്രദമായി പരീക്ഷിക്കാൻ ജോർജ് ആന്‍റണി തയാറായി. പ്രൊഡക്് ടിവിറ്റിയിലും ക്വാളിറ്റിയിലും കൂടുതൽ വളർച്ചയ്ക്കു സഹായിക്കുന്ന ഏതു പുതിയ സാധ്യതയും പ്രയോജനപ്പെടുത്തണമെന്ന് ഇദ്ദേഹം പറയുന്നു.

ക്രഷർ രംഗത്ത് ഇന്നു സജീവമായ ബ്രേക്കർ ആദ്യമായി കേരളത്തിൽ പരീക്ഷിച്ചത് ജി.കെ. ഗ്രൂപ്പാണ്. ശേഷം ക്രഷർ മേഖലയിലുള്ള മറ്റുള്ളവരെല്ലാം ബ്രേക്കറിന്‍റെ സഹായം തേടി. ഇന്നു കേരളത്തിൽ 8000 ഓളം ബ്രേക്കറുകൾ ഉപയോഗിക്കുന്നു.

ഭാവിയിൽ ഉണ്ടാകാവുന്ന പുഴമണൽക്ഷാമത്തെ മുന്നിൽക്കണ്ടു കരിങ്കൽ പൊടിച്ചു മണലുണ്ടാക്കുന്നതിന്‍റെ സാധ്യതകളെക്കുറിച്ചു ജോർജ് ആന്‍റണി മൂന്നു പതിറ്റാണ്ടു മുന്പേ ചിന്തിച്ചു. അത്തരം മണലിനെക്കുറിച്ചു കാര്യമായ അറിവില്ലാതിരുന്ന വ്യവസായികൾ ജി.കെ.യുടെ പരീക്ഷണങ്ങളിൽ നിന്ന് അകന്നു നിന്നപ്പോൾ, അദ്ദേഹം അതു വിജയകരമാണെന്ന് ബോധ്യപ്പെടുത്തി. ക്രഷറിൽ നിന്നുള്ള ഇത്തരം മണലിൽ സിമന്‍റ് വേഗത്തിൽ ലയിക്കുമെന്നതും സിമന്‍റ് ലാഭിക്കാമെന്നതും പുതിയ പരീക്ഷണത്തിന് അനുകൂലഘടകമായി. പിന്നീടങ്ങോട്ടു ക്രഷറുകളിൽ നിന്നുള്ള മണലിന്‍റെ ഉല്പാദകരും ഉപഭോക്താക്കളും ഏറെയെത്തി. ഒരു ചട്ടി സിമന്‍റിന് മൂന്നു ചട്ടി പുഴമണൽ ചേർത്തു തേയ്ക്കുന്നിടത്ത് ക്രഷർ മണൽ ഉപയോഗിക്കുകയാണെങ്കിൽ, ഒരു ചട്ടി സിമന്‍റിന്‍റെ കൂടെ പത്തു ചട്ടി മണലുപയോഗിക്കാനാകും. ക്രഷർ മണലിനുള്ള പരുപരുപ്പ് സ്വഭാവവും ശരിയായ ഗ്രഡേഷനുമുള്ളതാണ് ഇതിനു കാരണം. ക്രഷർ മണൽ വെള്ളത്തിൽ കഴുകിയെടുക്കുന്നതിനാൽ കരിങ്കല്ല് പൊടിയിലുള്ള പൊട്ടാഷിന്‍റെയും എക്സ്പ്ലോസീവിന്‍റെയും മറ്റു അസംസ്കൃത വസ്തുക്കളുടെയും അംശങ്ങൾ വേർതിരിച്ചു കളയാനാവും.

ജെസിബി കന്പനിയുടെ മണ്ണുമാന്തിയന്ത്രങ്ങളുടെ കേരളത്തിലെ ആദ്യത്തെ ഉപഭോക്താക്കളിൽ ജികെയുണ്ട്. ക്രഷറുകളിലും അനുബന്ധ ബിസിനസുകളിലും ജോലികൾ എളുപ്പമാക്കുന്നതിനു പുതിയ മെഷിനറികൾ തന്‍റെ ആശയത്തിനൊത്തു കന്പനികളെക്കൊണ്ടു നിർമിച്ച് എത്തിക്കുന്നതിൽ ജോർജ് ആന്‍റണി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇദ്ദേഹത്തിന്‍റെ ആശയങ്ങൾ സ്വീകരിച്ച് ബിസിനസിൽ നേട്ടമുണ്ടാക്കിയവരിൽ ടാറ്റ, അശോക് ലൈലാൻഡ് ഉൾപ്പടെയുള്ള കന്പനികളുണ്ട്.

സൈറ്റിൽക്കൂടി വണ്ടികൾ ഓടുന്പോഴുണ്ടാകുന്ന പൊടിശല്യം നിയന്ത്രിക്കുന്നതിന് സൈറ്റിൽതന്നെ 40 അടി നീളത്തിലും 20 അടി വീതിയിലും ഒരടി താഴ്ചയിലും കോണ്‍ക്രീറ്റ് ചപ്പാത്തുണ്ടാക്കി അതിൽ വെള്ളം നിറച്ച്, അതിലൂടെയാണു വണ്ടി ഓടിച്ചു പുറത്തേക്കു പോകുന്നത്. ഇങ്ങനെ ടയറുകൾ കഴുകി വണ്ടികൾ പുറത്തു പോകുന്നതിനാൽ പൊടിശല്യം ഉണ്ടാകുന്നില്ല. ഇരുപതു വർഷം മുന്പു മുതൽ തന്നെ ഇത്തരം കാര്യങ്ങൾ ജികെയുടെ സൈറ്റുകളിൽ ചെയ്തുവരുന്നുണ്ട്.


ലഹരി ഉപയോഗിക്കുന്നവർക്കു ജോലിയില്ലെന്നു തന്‍റെ സ്ഥാപനങ്ങളിൽ ബോർഡെഴുതി വയ്ക്കാൻ തയാറായ ജോർജ് ആന്‍റണി ബിസിനസുകാർക്കിടയിൽ വ്യത്യസ്തനായി. ഇത്തരം സവിശേഷതകൾ പരിഗണിച്ചു സംസ്ഥാന സർക്കാരിന്‍റെ മാതൃകാ പ്ലാന്‍റിനുള്ള ആദ്യ പുരസ്കാരം ജി.കെ. ഗ്രൂപ്പിനെ തേടിയെത്തിയിട്ടുണ്ട്.

വൻ പദ്ധതികളിലുണ്ട് ജികെ ടച്ച്

കേരളത്തിലും പുറത്തും നിരവധി അഭിമാനപദ്ധതികളുടെ നിർമാണങ്ങളിൽ ജികെ ഗ്രൂപ്പിന്‍റെ മികവടയാളങ്ങളുണ്ട്. കായംകുളം തെർമൽ പവർ പ്ലാന്‍റ്, കൊച്ചിൻ റിഫൈനറി, കൊച്ചി മെട്രോ, കൊച്ചി, തിരുവനന്തപുരം, ബംഗളൂരു വിമാനത്താവളങ്ങൾ, കൊച്ചി കപ്പൽശാല, ഗോശ്രീ, വരാപ്പുഴ, കുണ്ടന്നൂർ പാലങ്ങൾ, വേന്പനാട് റെയിൽപ്പാലം, ബ്രഹ്പുരം ഡീസൽ പ്ലാന്‍റ്, കൊച്ചി നാവികസേന വിമാനത്താവളത്തിന്‍റെ റണ്‍വേ, ആലപ്പുഴ-ചെങ്ങനാശേരി പാത, വല്ലാർപാടം പദ്ധതി, പുതുവൈപ്പ് എൽഎൻജി, എൽപിജി പദ്ധതികൾ തുടങ്ങി നിരവധി പദ്ധതികൾ ജി.കെ. ഗ്രൂപ്പിന്‍റെ സഹകരണത്തോടെയാണു പൂർത്തിയാക്കിയത്. ബംഗളൂരു വിമാനത്താവളത്തിനു പുറമേ കാഞ്ചീപുരം-ബാലാജി ദേശീയപാത, കരൂർ ബൈപാസ്, സേലം-ബംഗളൂരു, തുങ്കൂർ-സിറ പാത തുടങ്ങിയവയെല്ലാം കേരളത്തിനു പുറത്തു ജികെയുടെ മെറ്റീരിയലുകൾ ഉപയോഗിച്ചുള്ള നിർമാണങ്ങളാണ്.

വരുന്നു മാസ്കോം സ്റ്റീൽ

മൂന്നു പതിറ്റാണ്ടിലെ അനുഭവസന്പത്തിന്‍റെയും നേട്ടങ്ങളുടെയും പശ്ചാത്തലത്തിൽ സ്വന്തമാക്കിയ വിജയവഴികൾക്കു ശക്തമായ തുടർച്ചയായി ടിഎംടി കന്പികളുടെ ഉല്പാദന, വിപണന മേഖലകളിലേക്കു ജി.കെ ഗ്രൂപ്പ് പ്രവേശിച്ചുകഴിഞ്ഞു. എക്സ്പോർട്ട് ക്വാളിറ്റിയോടെ പ്രതിദിനം ടണ്‍ കണക്കിനു കന്പി ഉല്പാദിപ്പിക്കാവുന്ന പൂർണമായും യന്ത്രവത്കൃത നിർമാണ യൂണിറ്റാണു ജികെയ്ക്കുള്ളത്. മാസ്കോം സ്റ്റീൽ എന്ന പേരിലാകും ജികെ ഗ്രൂപ്പിന്‍റെ ടിഎംടി കന്പികൾ വിപണിയിലെത്തുക.

പതിനാറു വർഷം മുന്പു തന്നെ ഒഡീഷയിൽ ടിഎംടി കന്പി നിർമാണ യൂണിറ്റ് ആരംഭിക്കാനുള്ള ശ്രമം ജികെ ഗ്രൂപ്പിന് ഉണ്ടായിരുന്നു. ഇതിനായി സ്ഥലവും ഏറ്റെടുത്തു. ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തത മൂലമാണു കേരളത്തിൽ തന്നെ യൂണിറ്റ് തുടങ്ങാൻ തീരുമാനിച്ചത്. ഇതേ കാലഘട്ടത്തിൽ തന്നെ ജികെ അയേണ്‍ ആൻഡ് സ്റ്റീൽ കന്പനി രജിസ്റ്റർ ചെയ്തിരുന്നു.
കയറ്റുമതി ലക്ഷ്യമിട്ട് ഐഎസ്ഐ മാർക്കോടു കൂടിയുള്ള 500-550 ഗ്രേഡിൽ ഗുണമേന്മയുമുള്ള മികച്ചയിനം കന്പികൾ മാത്രമാണു ജികെ ഗ്രൂപ്പ് വിപണിയിലെത്തിക്കുക. 8 എംഎം മുതൽ 32 എംഎം വരെ ഗുണമേന്മയുള്ള കന്പികൾ വിപണിയിൽ എത്തിക്കഴിഞ്ഞു.

വിജയ രഹസ്യം

"ലക്ഷ്യം മുന്നിൽ കണ്ടാൽ ശേഷം പിന്നോട്ടില്ല’. തന്‍റെ ബിസിനസ് വിജയത്തിനു പിന്നിലെന്ത് എന്ന ചോദ്യത്തിന് ചുരുങ്ങിയ വാക്കുകളിലുള്ള ജോർജ് ആന്‍റണിയുടെ ആത്മവിശ്വാസത്തോടെയുള്ള മറുപടി ഇങ്ങനെ.

ഏതൊരു സംരംഭവും ആരംഭിക്കുന്നതിനു മുന്പു വിശദമായി അതേക്കുറിച്ചു പഠിക്കും. എല്ലാ വശങ്ങളെക്കുറിച്ചും വിവിധ മേഖലകളിലുള്ളവരുമായി ആശയവിനിമയം നടത്തും. ഉദ്ദേശശുദ്ധിയും നിരന്തരമായ പരിശ്രമവും കഠിനാധ്വാനവും നേട്ടമായിട്ടുണ്ട്. എതിർക്കുന്നവരെ പ്രകോപിപ്പിക്കരുത്. പുഞ്ചിരിയിൽ അവരെ ചേർത്തു നിർത്താനാവണം. ബിസിനസിൽ നിരന്തര ശ്രദ്ധ കുറഞ്ഞാൽ വീഴ്ചകളുണ്ടാകും. സത്യസന്ധതയും വിശ്വസ്തതയും ഗുണമേന്മയും മാറ്റിനിർത്തിക്കൊണ്ടു ബിസിനസ് വിജയത്തിന് എളുപ്പവഴികളില്ല. സാങ്കേതിക പരിജ്ഞാനം കുറവുള്ള ജീവനക്കാർക്ക് സമയബന്ധിതമായി അതിൽ പരിജ്ഞാനവും പ്രായോഗിക പരിശീലനവും നൽകാൻ കന്പനി പ്രത്യേകം ശ്രദ്ധിക്കുന്നു.

ദൈവകൃപയാൽ ഇതുവരെ കന്പനിയുടെ സൽപേരിനു കോട്ടം വരുന്ന ഒരു പ്രവൃത്തിയും മാനേജ്മെന്‍റിന്‍റെ ഭാഗത്തുനിന്നുണ്ടാവാൻ ഇടയായിട്ടില്ല. ജികെ ഗ്രൂപ്പിന്‍റെ സൽപേരു കൊണ്ടുതന്നെ രണ്ടു പതിറ്റാണ്ടിലേറെയായി ഓർഡറുകൾക്കായി ഗുണഭോക്താക്കളെ അങ്ങോട്ടു സമീപിക്കേണ്ടിവന്നിട്ടില്ല. വായ്പകൾ നൽകുന്നതിലൂടെ ബാങ്കുകൾ നമ്മെ സഹായിക്കുന്നതാണെന്നാണു ജികെ ഗ്രൂപ്പ് വിലയിരുത്തുന്നത്. ബാങ്കു വായ്പകൾ സമയബന്ധിതമായി തിരിച്ചടയ്ക്കുന്നതിൽ ഇന്നുവരെ മുടക്കം വന്നിട്ടില്ല. അതുകൊണ്ടുതന്നെ ജികെ ഗ്രൂപ്പ് ആവശ്യപ്പെട്ടാലുടൻ ബാങ്കുകൾ ഏതു സമയത്തും വായ്പ അനുവദിക്കും.
ജീവനക്കാരും മാനേജ്മെന്‍റും തമ്മിലുള്ള ഉൗഷ്മളബന്ധവും കൂട്ടായ്മയും കാത്തു സൂക്ഷിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഒരു ഘട്ടത്തിൽ പുറത്തുനിന്നു സമരം വന്നപ്പോഴും കന്പനിയിലെ ജീവനക്കാരും മാനേജ്മെന്‍റും ഒരുമിച്ചു നിന്നു. ഈ ഒത്തൊരുമ കന്പനിയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും ജോർജ് ആന്‍റണി പറയുന്നു.

കിഴക്കന്പലം കുരീക്കൽ കോര ആന്‍റണിയും അന്നവുമാണു ജോർജ് ആന്‍റണിയുടെ മാതാപിതാക്കൾ. തനിക്കായി നിരന്തരമായി പ്രാർഥനയിലൂടെയും ആത്മവിശ്വാസം പകരുന്ന സാന്നിധ്യത്തിലൂടെയും ഭാര്യ ആനി നൽകുന്ന പിന്തുണ വലുതാണെന്നു ജോർജ് ആന്‍റണി പറയുന്നു. മക്കളായ സ്റ്റെഫിനും സ്റ്റെനിനും ജികെ ഗ്രൂപ്പ് ഓഫ് കന്പനീസിന്‍റെ ഡയറക്ടർമാരാണ്. ബിഡിഎസ് പഠനം പൂർത്തിയാക്കിയ ഡോ. ധന്യയാണു മകൾ. കുടുംബാംഗങ്ങളുടെയും ആത്മാർഥതയോടെ ജോലി ചെയ്യുന്ന ജീവനക്കാരുടെയും സജീവ പിന്തുണ ബിസിനസ് വിജയത്തിൽ പങ്കു വഹിച്ചിട്ടുണ്ടെന്നും ജോർജ് ആന്‍റണി പറയുന്നു. ജീവകാരുണ്യ, സാമൂഹ്യ സേവന പ്രവർത്തനങ്ങളിലും ജികെ ഗ്രൂപ്പ് നിറസാന്നിധ്യമാണ്. ബിസിനസ് തിരക്കുകൾക്കിടയിലും 28 വർഷമായി കിഴക്കന്പലം സെന്‍റ് ആന്‍റണീസ് ഫൊറോന പള്ളിയിലെ പാരിഷ് കൗണ്‍സിൽ അംഗമായി ജോർജ് ആന്‍റണി സേവനം ചെയ്തുവരുന്നുണ്ട്.

നിർമാണമേഖലയ്ക്കാവശ്യമുള്ളതെല്ലാം ഒരു കുടക്കീഴിൽ ലഭ്യമാക്കുകയെന്ന ബൃഹത്തായ സ്വപ്നത്തിനു സാക്ഷാത്കാരമേകി, അനുദിനം പുതിയ ഉയരങ്ങളിലേക്കു കുതിക്കുന്ന ജികെ ഗ്രൂപ്പ് ഓഫ് കന്പനീസിനും മാനേജിംഗ് ഡയറക്ടർ ജോർജ് ആന്‍റണി കുരീക്കലിനും അംഗീകാരങ്ങൾ പുതിയ ഉയരങ്ങളിലേക്കുള്ള ഉൗർജമാണ്.

-സിജോ