ഒലിവ്: നിർമാണ രംഗത്തെ മികവിന്‍റെ മുദ്ര
ഒലിവ്: നിർമാണ രംഗത്തെ മികവിന്‍റെ മുദ്ര
Friday, April 26, 2019 3:51 PM IST
പതിന്നാല് വർഷം കൊണ്ട് കേരളത്തിൽ മാത്രം 45 ലക്ഷം ചതുരശ്രയടിയുടെ നിർമാണ പ്രവർത്തനങ്ങൾ. അപ്പാർട്ട്മെന്‍റ് സമുച്ചയങ്ങൾ, ഹോട്ടൽ,-ഹോസ്പിറ്റാലിറ്റി മേഖലയിലെ മികവിന്‍റെ കേന്ദ്രങ്ങൾ. ഇങ്ങനെ ഒലിവ് ബിൽഡേഴ്സ് തുടക്കം മുതൽ നേട്ടങ്ങളുടെ വഴിയെയാണ്.
1982 ൽ ഗൾഫിൽ പോകാനായി മുംബൈയിൽ എത്തിയതായിരുന്നു തിരുവാണിയൂർ പാറപ്പുറത്തെ വർഗീസിന്‍റെയും ശോശയുടെയും മകൻ പി.വി. മത്തായി (തന്പി). പക്ഷേ, മത്തായിക്ക് ഗൾഫിലേക്ക് എത്താൻ സാധിച്ചില്ലെങ്കിലും മുംബൈ നഗരം മത്തായിയെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. "മുംബൈ നഗരം എപ്പോഴും സജീവമാണ്. അവിടെ എപ്പോഴും എന്തെങ്കിലും പ്രവർത്തനങ്ങൾ നടക്കുന്നുണ്ടാകും. അതുകൊണ്ട് തന്നെ മുംബൈയിലായിരുന്നു എന്‍റെ ജീവിതയാത്രയുടെ തുടക്കം.’ പി.വി മത്തായി തന്‍റെ യാത്രയെക്കുറിച്ച് പറയുന്നു.

മുംബൈയിൽ തുടങ്ങി.....

1983 ജനുവരിയിൽ മുംബൈയിൽ കോണ്‍ട്രാക്ടറായിട്ടായിരുന്നു പി.വി മത്തായിയുടെ റിയൽ എസ്റ്റേറ്റ് ബിസിനസിലേക്കുള്ള പ്രവേശനം. ഇപ്പോൾ 36 വർഷത്തെ അനുഭവ സന്പത്തുമായി ജൈത്രയാത്ര തുടരുന്നു. ’ലാഭവും നഷ്ടവുമൊക്കെ ബിസിനസിന്‍റെ ഒരു വശം മാത്രമാണ്. ഇക്കാലയളവിൽ നിരവധി കാര്യങ്ങൾ ചെയ്യാൻ സാധിച്ചു എന്നതാണ് വലിയ കാര്യം.’ മത്തായി അഭിപ്രായപ്പെടുന്നു.

മെക്കാനിക്കൽ സിവിൽ എന്നിങ്ങനെ എഞ്ചീനീയറിംഗ് വിഭാഗങ്ങൾ, റിയൽ എസ്റ്റേറ്റ്, ഹോട്ടൽ ആൻഡ് ഹോസ്പിറ്റാലിറ്റി, മീഡിയ പ്രൊഡക്ഷൻ എന്നിങ്ങനെ വൈവിധ്യമാർന്ന മേഖലകളിലെല്ലാം സാന്നിധ്യമായി. വെറും സാന്നിധ്യമല്ല. സ്വന്തം സ്ഥാനം ഉറപ്പിച്ചു തന്നെയാണ് മുന്നേറ്റം.

കുറച്ചു കാലം ഐടി മേഖലയിലും ഉണ്ടായിരുന്നു. "ഐടിയോടായിരുന്നു കുടുതൽ താൽപര്യം. കാരണം അതായിരുന്നു കൂടുതൽ ക്രിയേറ്റിവിറ്റിയുള്ള മേഖല. മില്ലെനിയിം കണ്‍സൾട്ടന്‍റ് എന്ന പേരിൽ യുഎസിലായരുന്നു തുടക്കം. കന്പനിയുടെ ആസ്ഥാനവും അവിടെയായിരുന്നു. കൊച്ചി ഇൻഫോ പാർക്കിലും ഒലിവ് ഐടി സർവീസ് എന്ന പേരിൽ കന്പനിയുണ്ടായിരുന്നു. എട്ടു വർഷത്തോളമെ ആ ബിസിനസ് ഉണ്ടായിരുന്നുള്ളു. പിന്നീട് പോയി വരാനുള്ള ബുദ്ധിമുട്ടുകൊണ്ട് അത് അവസാനിപ്പിച്ചു.’ മത്തായി പറഞ്ഞു.

എം.വി സഹദേവൻ എന്ന ഞാറക്കൽ സ്വദേശിയെ മുംബൈയിൽ വെച്ച് പരിചയപ്പെട്ടതാണ് മത്തായിയുടെ ജീവതത്തിൽ വഴിത്തിരിവായത്. "അനിയന്‍റെ സ്ഥാനം തന്ന് അദ്ദേഹം ഒപ്പം കൂട്ടി. അദ്ദേഹവും നിർമാണ മേഖലയിലായിരുന്നു. 1992 ലാണ് ഒലിവ് എന്ന പേരിൽ സ്വന്തമായ സംരംഭത്തിലേക്ക് എത്തുന്നത്. ഇപ്പോഴും ഒലിവ് ബിൽഡേഴ്സിന്‍റെ ഹെഡ് ഓഫീസ് മുംബൈയിലാണ്. പക്ഷേ, മുംബൈയിലെ നിർമാണ പ്രവർത്തനങ്ങളെല്ലാം അവസാനിപ്പിച്ചിരിക്കുകയാണ്. കോർപറേറ്റ് മോഡലാകാൻ ഒരിക്കലും താൽപ്പര്യപ്പെടുന്നില്ല എന്നതു തന്നെയാണ് ഇതിനുള്ള കാരണം. മുംബൈയിലും കൊമേഴ്സ്യൽ, റെസിഡൻഷ്യൽ മേഖലയിൽ ധാരാളം നിർമാണ പ്രവർത്തനങ്ങൾ ചെയ്തു. അഞ്ച് വർഷങ്ങൾക്കു മുന്പാണ് മുംബൈയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചത.്’ മത്തായി പറഞ്ഞു.

കേരളത്തിലേക്ക്

2004 ലാണ് ഒലിവ് ബിൽഡേഴ്സ് കേരളത്തിൽ എത്തുന്നത്. കടവന്ത്രയിൽ ഒലിവ് ഹൈറ്റ്സ് എന്ന പേരിൽ കെ.പി വള്ളോൻ റോഡിൽ 72 യൂണിറ്റുകളുള്ള അപ്പാർട്ട്മെന്‍റ് സമുച്ചയമായിരുന്നു കേരളത്തിലെ ആദ്യത്തെ നിർമാണം. പിന്നെ കലൂർ, കാക്കനാട്, തിരുവല്ല എന്നിവിടങ്ങളിലും അപ്പാർട്ട്മെന്‍റ് സമുച്ചയങ്ങൾ ആരംഭിച്ചു. എറണാകുളത്തിനു പുറത്ത് തിരുവനന്തപുരം, കോട്ടയം എന്നീ ജല്ലകളിലേക്കും ഏറ്റവും അടുത്തകാലത്തായി തൃശൂരിലേക്കും ഒലിവ് ബിൽഡേഴ്സ് എത്തി. 2004 മുതൽ 2014 വരെയുള്ള 14 വർഷംകൊണ്ട് 45 ലക്ഷം ചതുരശ്രയടി നിർമാണ പ്രവർത്തനങ്ങൾ ഒലിവ് പൂർത്തിയാക്കി കഴിഞ്ഞു.


വീടൊരുക്കും ഒപ്പം ആതിഥ്യവും

വീടൊരുക്കുന്നതിനൊപ്പം ആതിഥ്യം ഒരുക്കാനും ഒലിവ് മുന്നിലുണ്ട്. ഏഴ് കൊല്ലമായി ഹോട്ടൽ-ഹോസ്പിറ്റാലിറ്റി ബിസിനസിലേക്ക്പ്രവേശിച്ചിട്ട്. പരീക്ഷണാടിസ്ഥാനത്തിൽ ഇൻഫോപാർക്കിനടുത്ത് 2011-12ൽ "ഒലിവ് ഇവ’ എന്ന പേരിൽ ആദ്യത്തെ ഹോട്ടൽ ആരംഭിച്ചായിരുന്നു തുടക്കം. രണ്ടാമത്തെ ഹോട്ടൽ ഒലിവ് ഡൗണ്‍ ടൗണ്‍ നാല് കൊല്ലം മുന്പ് കടവന്ത്രയിൽ ആരംഭിച്ചു. ’ബിസിനസ് സ്ട്രാറ്റജിയുടെ ഭാഗം കുടിയാണ് ബിസിനസിലെ ഈ വൈവിധ്യവത്കരണം. അധികമായി തൊഴിൽ കൊടുക്കാൻ സാധിക്കുന്നു എന്നതാണ് മറ്റൊരു പ്രധാന കാര്യം. രണ്ട് ഹോട്ടലുകളിലും കൂടി ഇപ്പോൾ മുന്നൂറിനടുത്ത് ജീവനക്കാരുണ്ട്.
ഇൻഫോപാർക്കിനടുത്തെ ആദ്യത്തെ ഹോട്ടലായിരുന്നു ഒലിവ് ഇവ. ഇൻഫോപാർക്ക് വന്നു അതിനൊപ്പം അവിടെ ഇത്തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾകൂടി വേണമെന്ന പി.വി മത്തായിയുടെ ദീർഘ വീക്ഷണമായിരുന്നു ഇതിനു പിന്നിൽ.

പ്രകൃതിയോട് ചേർന്ന്

പ്രകൃതിയോട് ചേർന്നു പോകുന്ന തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങളാണ് ഒലിവിനെ എപ്പോഴും വേറിട്ടു നിർത്തുന്നത്. "പ്രാണികൾ, പക്ഷികൾ എന്നിങ്ങനെ എല്ലാ ജീവജാലങ്ങൾക്കും പ്രകൃതിയിൽ ജീവിക്കാൻ അവകാശമുണ്ട്. മരവും കാടുമൊക്കെ നിലനിർത്തിക്കണ്ടുവേണം നിർമാണം നടത്താൻ. അത് ഒലിവിന്‍റെ ഓരോ അപ്പാർട്ട് സമുച്ചയങ്ങളും കണ്ടാൽ മനസിലാകും. ഒരു ഫ്ളാറ്റ് എന്നു മാത്രം താമസിക്കുന്ന ഇടത്തെ കരുതാതെ അതിനപ്പുറം അവർ ജനിച്ചു വളർന്ന വീട്ടിലേക്ക് കയറിച്ചെല്ലുന്ന അനുഭവമാണ് ഒലിവിലെ ഓരോ താമസക്കാർക്കും ഉണ്ടാകേണ്ടത്. അതിനുവേണ്ടി എപ്പോഴും പ്രത്യേക ശ്രദ്ധ നൽകുന്നു.’പി.വി മത്തായി പറയുന്നു.

ഒരു കോർ ടീമുണ്ട് ഒലിവിന്. അവരാണ് പ്രവർത്തനങ്ങൾക്കെല്ലാം ചുക്കാൻ പിടിക്കുന്നത്. പി.വി മത്തായിയുടെ ഭാര്യ സാറക്കുട്ടി മത്തായി. മക്കളായ സിമി മാത്യു, നിമി മാത്യു, മരുമകൻ ഡോ. മാത്യു തോമസ് എന്നിവരടങ്ങിയതാണ് ഒലിവ് ബിൽഡേഴിസിന്‍റെ ഡയറക്ടർ ബോർഡ്. മകൾ സിമി മാത്യു ഹോട്ടൽ ആൻഡ് ഹോസ്പിറ്റാലിറ്റി മേഖലയുടെയും നിമി മാത്യു റെസിഡൻഷ്യൽ വിഭാഗത്തിന്‍റെയും ചുമതലകളാണ് വഹിക്കുന്നത്.

തിരുവല്ല, കോട്ടയം, കൊച്ചി, തൃശൂർ എന്നിവിങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. റെസിഡൻഷ്യൽ പ്രോജക്ടുകളും ഹോട്ടലുകളും കേരളത്തിന് പുറത്തേക്കു കൂടി വളർത്താനുദ്ദേശിക്കുന്നു. ഇടപ്പള്ളി ചങ്ങന്പുഴ പാർക്കിനടുത്താണ് നിലവിൽ കേരളത്തിലെ ഓഫീസ് പ്രവർത്തിക്കുന്നത്.

പ്രളയത്തിൽ വീടു നഷ്ടപ്പെട്ടവർക്കായി റീബിൽഡ് കേരളയുടെ ഭാഗമായി തിരുവാണിയൂരിൽ രണ്ട് ബെഡ്റൂമുള്ള 50 യൂണിറ്റുകളുള്ള അപ്പാർട്മെന്‍റ് സമുച്ചയം ഒലിവ് ഗുഡ്നെസ് വില്ലേജ്, ജനിച്ച് വളർന്ന നാടിനായി തിരുവാണിയൂർ പഞ്ചായത്തിനായി ഒലിവ് പാർക്ക് എന്നിവ കൂടി ഒലിവ് ബിൽഡേഴിസിന്‍റെ പൂർത്തിയാകാനുള്ള പദ്ധതികളുടെ പട്ടികയിലുണ്ട്.

"ഏതു ജോലിയാണെങ്കിലും അത് ആത്മാർഥമായി ചെയ്യുക എന്നതാണ് പ്രധാനം. നമ്മുടേതായ ഒരു സ്ഥാനം ഉണ്ടാക്കിയിട്ടു വേണം ഓരോരുത്തരും കടന്നു പോകാൻ.’ മത്തായി തന്‍റെ കാഴ്ചപ്പാട് വ്യക്തമാാക്കുന്നു.