സ്പെക്ട്രം ലേലം മാർച്ച് ഒന്നുമുതൽ
Friday, January 8, 2021 2:25 PM IST
മുംബൈ: 4ജി സേവനങ്ങളുൾപ്പെടെയുള്ളവയ്ക്ക് ഉപയോഗിക്കാൻ കഴിയുന്ന സ്പെക്ട്രത്തിന്റെ ലേലം മാർച്ച് ഒന്നിന് ആരംഭിക്കും. 3.92 ലക്ഷം കോടി രൂപ വിലവരുന്നവയാണിവ. 2016നു ശേഷം ആദ്യമായാണ് രാജ്യത്ത് സ്പെക്ട്രം ലേലം നടക്കുന്നത്.
700 മെഗാഹേർട്സ്, 800 മെഗാഹേർട്സ, 900 മെഗാഹേർട്സ്, 2100 മെഗാഹേർട്സ്, 2300 മെഗാഹേർട്സ്, 2500 മെഗാഹേർട്സ് എന്നീ ഏഴു ബാൻഡുകളിലുള്ളവയാണ് സർക്കാർ വിൽക്കുന്നത്. അതേസമയം 5ജി സേവനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന 3300 -3600 മെഗാഹേർട്സ് ബാൻഡുകൾ ഇത്തവണത്തെ ലേലത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.
ലേലം സംബന്ധിച്ച വിവരങ്ങൾ ആരായാൻ ഈ മാസം 28 വരെയാണ് സമയം. ലേലത്തിൻ പങ്കെടുക്കുന്നതിനുള്ള താത്പര്യ പത്രം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി അഞ്ചാണ്. ഫെബ്രുവരി 24ന് ലേലത്തിൽ പങ്കെടുക്കുന്നവരുടെ അന്തിമ പട്ടിക പുറത്തുവിടുമെന്നും ടെലികോം മന്ത്രാലയം അറിയിച്ചു.
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ രാജ്യത്ത് വേഗമേറിയ ഡേറ്റയ്ക്കുള്ള ആവശ്യം വർധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ സ്പെക്ട്രം അനുവദിക്കാൻ കേന്ദ്രസർക്കാർ തീരുമാനമെടുത്തിരിക്കുന്നത്. മാത്രമല്ല, പല ടെലികോം കന്പനികളും നിലവിൽ കൈവശം വച്ചിരിക്കുന്ന പല സ്പെക്ട്രത്തിന്റെയും ഉപയോഗ കാലാവധി ജൂലൈ 21 ന് അവസാനിക്കുകയാണ്.
അതേസമയം 40000 കോടി രൂപ മുതൽ 50,000 കോടി രൂപവരെയുള്ള സ്പെക്ട്രത്തിന്റെ വില്പനയേ ഇത്തവണ നടക്കൂ എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. 2016ൽ 5.63 ലക്ഷം കോടിയുടെ സ്പെക്ട്രം ലേലത്തിനു വച്ചിരുന്നെങ്കിലും 65,789 കോടി രൂപയുടെ സ്പെക്ട്രം മാത്രമാണ് വിറ്റു പോയത്. രാജ്യത്ത് നിലവിൽ 40.6 കോടി വരിക്കാരുള്ള റിലയൻസ് ജിയോ തന്നെയായിരിക്കും ഇക്കുറിയും ലേലത്തിൽ കൂടുതൽ പണം മുടക്കുക. വൈകാതെതന്നെ റിലയൻസ് ജിയോ ഉപയോക്താക്കളുടെ എണ്ണം 50 കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിൽ ഉപയോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം നൽകുന്നതിന് ജിയോയ്ക്ക് അധിക സ്പെക്ട്രംആവശ്യമാണെന്നാണ് വിലയിരുത്തൽ.