ഫോണ്‍ സ്ലോ ആയതിന് നഷ്ടപരിഹാരം നല്കാൻ ആപ്പിൾ
Tuesday, May 10, 2022 11:48 AM IST
ആറു വർഷത്തിലേറെ നീണ്ടുപോയ ആ നിയമപോരാട്ടത്തിന് ഒടുവിൽ പരിഹാരമാകുന്നു... എെഫോണ്‍ 4 എസ് സ്ലോ ആയതിന് ആപ്പിളിനെതിരേ ന്യൂയോർക്കിലെയും ന്യൂ ജഴ്സിയിലേയും ഒരു കൂട്ടം ഉപയോക്താക്കൾ 2015 ൽ നല്കിയ ഹർജിക്കാണ് തീർപ്പാകുന്നത്.
കൂടുതൽ വേഗവും മികച്ച പ്രകടനവും ലഭിക്കുമെന്ന ആപ്പിളിന്റെ അറിയിപ്പ് വിശ്വസിച്ച് തങ്ങളുടെ എെഫോണ്‍ 4 എസിൽ എെഒഎസ് 9 അപ്ഡേറ്റ് ഡൗണ്‍ലോഡ് ചെയ്തതോടു കൂടി ഫോണിന്റെ വേഗം നഷ്ടമായെന്നായിരുന്നു ഉപയോക്താക്കളുടെ പരാതി. ഈ കേസിൽ പരാതിക്കാർക്ക് നഷ്ടപരിഹാരം നല്കാൻ ആപ്പിൾ തയ്യാറായെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
എെഒഎസ് 9 ഡൗണ്‍ലോഡ് ചെയ്തതിന്റെ പേരിൽ ഫോണ്‍ സ്ലോ ആയിപ്പോയ ഉപയോക്താക്കൾക്ക് 15 ഡോളർവീതമായിരിക്കും നഷ്ടപരിഹാരം ലഭിക്കുക. ഇതിനായി രണ്ടു കോടി ഡോളറാണ് കന്പനി മാറ്റിവച്ചിരിക്കുന്നത്. നഷ്ടപരിഹാരത്തിന് അർഹതയുള്ള ഉപയോക്താക്കൾ അക്കാര്യം വ്യക്തമാക്കുന്ന സത്യവാങ്മൂലവും ഫോൺ വാങ്ങിയതിന്റെ രേഖകളും നല്‍കണം.
നഷ്ട പരിഹാരം സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതിനായി ആപ്പിൾ പ്രത്യേക സൈറ്റ് ആരംഭിക്കുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു.