ലക്ഷണങ്ങളൊന്നുമില്ലാതെ നിശബ്ദമായി ബിപി
ഡോ. ഷർമദ് ഖാൻ BAMS, MD
Tuesday, February 14, 2023 3:56 PM IST
കൂടെനടന്ന് കുരുക്കിലാക്കുന്നവയാണ് ജീവിതശൈലീ രോഗങ്ങൾ. ശരിയായി ചികിത്സയ്ക്ക് വിധേയമായാൽ പോലും പലപ്പോഴും പണി തരുന്നവയാണ് അവയിൽ പലതും. അപ്പോൾപിന്നെ ശരിയായ ചികിത്സയെടുക്കാത്തവരും ചികിത്സ പ്രയോജനപ്പെടുന്നുണ്ടോ എന്ന് പരിശോധനകളിലൂടെ ഇടയ്ക്കിടെ വിലയിരുത്താത്തവരും ബുദ്ധിമുട്ടും എന്നു മാത്രമേ പറയാനുള്ളൂ.
ഹൈപ്പർ ടെൻഷൻ
രോഗലക്ഷണങ്ങൾകൊണ്ട് പല രോഗങ്ങളെയും തിരിച്ചറിയാൻ കഴിഞ്ഞേക്കും. എന്നാൽ, ലക്ഷണങ്ങളൊന്നുമില്ലാതെ നിശബ്ദമായി കൂടെനിന്ന് പണി തരുന്ന രോഗമാണ് രക്തസമ്മർദം. മറ്റു പല രോഗങ്ങളുമായി ചേർന്ന് വളരെയേറെ ബുദ്ധിമുട്ടുകളുണ്ടാക്കുന്ന രക്തസമ്മർദം അഥവാ ഹൈപ്പർടെൻഷനെ നിയന്ത്രിക്കാൻ ഭക്ഷണത്തേക്കാൾ പ്രവർത്തികൾക്കും മനോവികാരങ്ങൾക്കുമാണ് പ്രാധാന്യമുള്ളത്.
ശരീരവണ്ണം കുറയ്ക്കണം
വണ്ണക്കൂടുതലുള്ള രക്തസമ്മർദ രോഗികൾ വണ്ണം കുറയ്ക്കുന്ന വിധമുള്ള ഭക്ഷണത്തിന് പ്രാധാന്യം നൽകണം. ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയും വ്യായാമം വർധിപ്പിക്കുകയും ചെയ്യുന്നത് നല്ലതാണ്. ഇതിനു സാധിക്കാത്തവർ ഇടയ്ക്കിടെ കഴിക്കുന്ന ഭക്ഷണമെങ്കിലും പൂർണമായും ഒഴിവാക്കണം. പ്രധാന ആഹാരമായി അവരവർ ശീലിച്ച സമയത്തുള്ള ഭക്ഷണം മാത്രം മതിയെന്നു വയ്ക്കണം.
ഒഴിവാക്കേണ്ടത്...
കുക്കിംഗ് ഓയിൽ, മധുരമുള്ള സോഫ്റ്റ് ഡ്രിങ്ക്സ്, ഐസ്ക്രീം, ബേക്കറി, എണ്ണപ്പലഹാരങ്ങൾ ഇവ ഒഴിവാക്കണം. മദ്യവും ഉപയോഗിക്കരുത്.
* പാൽ, മുട്ട, മാംസം, ബട്ടർ എന്നിവ ഒഴിവാക്കുന്നതിലൂടെ ശരീരത്തിൽ അടിഞ്ഞുകൂടുവാനിടയുള്ള കൊഴുപ്പു കുറയ്ക്കാം.
അളവു കുറച്ച് അത്താഴം
* പ്രഭാതഭക്ഷണം കൃത്യമായി കഴിക്കുകയും അത്താഴത്തിന്റെ അളവ് കുറയ്ക്കുകയും
ചെയ്യുക.
* ഭക്ഷണത്തിൽ ജലാംശത്തിന്റെയും നാരിന്റെയും അളവ് ആവശ്യത്തിനുണ്ടായിരിക്കണം. (തുടരും)
വിവരങ്ങൾ - ഡോ. ഷർമദ് ഖാൻ BAMS, MD
സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ - 9447963481